വയനാട് മെഡിക്കല്‍ കോളജ് നിര്‍മാണം ഉടന്‍ ആരംഭിക്കണം –ജില്ലാ വികസനസമിതി

കല്‍പറ്റ: വയനാട് മെഡിക്കല്‍ കോളജ് നിര്‍മാണം ഉടന്‍ ആരംഭിക്കണമെന്ന് ജില്ലാ വികസനസമിതിയോഗം സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. മാസങ്ങള്‍ക്കുമുമ്പാണ് മടക്കിമലയില്‍ മെഡിക്കല്‍ കോളജിന് തറക്കല്ലിട്ടത്. എന്നാല്‍, ഇതുവരെയും നിര്‍മാണപ്രവൃത്തികള്‍ തുടങ്ങിയിട്ടില്ല. ജില്ലയിലെ വികസനക്ഷേമപദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന് പട്ടികവര്‍ഗ യുവജനക്ഷേമ മന്ത്രി പി.കെ. ജയലക്ഷ്മി യോഗത്തില്‍ നിര്‍ദേശംനല്‍കി. സംസ്ഥാനചരിത്രത്തില്‍ ആദ്യമായാണ് എസ്.സി, എസ്.ടി വിഭാഗങ്ങളുടെ ഉന്നമനത്തിനായി ജില്ലക്ക് ഇത്രയുമധികം ഫണ്ടനുവദിച്ചത്. ഇവ സമയബന്ധിതമായി ചെലവഴിക്കുന്നതിലും പൂര്‍ത്തിയാക്കുന്നതിലും വീഴ്ചവരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. ജില്ലയിലെ തകര്‍ന്നറോഡുകള്‍ അടിയന്തരമായി നന്നാക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ പൊതുമരാമത്ത് വകുപ്പിനോടാവശ്യപ്പെട്ടു. ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കാത്തവ എത്രയുംപെട്ടെന്ന് പൂര്‍ത്തിയാക്കി നവീകരണപ്രവൃത്തികള്‍ ആരംഭിക്കാന്‍ നിര്‍ദേശംനല്‍കി. തൊഴിലുറപ്പുപദ്ധതിയില്‍ കൂലി ലഭിക്കാത്തവര്‍ക്ക് ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാനും നിര്‍ദേശംനല്‍കി. തൊണ്ടര്‍നാട് ഗ്രാമപഞ്ചായത്തിലെ പെരിഞ്ചേരിമല കോളനിയിലെ കുടുംബങ്ങള്‍ക്ക് അടിസ്ഥാന സൗകര്യങ്ങളൊരുക്കാന്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്‍റ് ടി. ഉഷാകുമാരി ഐ.ടി.ഡി.പി ഓഫിസര്‍ക്ക് നിര്‍ദേശംനല്‍കി. സാമൂഹികക്ഷേമ പദ്ധതികളിലെ പെന്‍ഷന്‍കുടിശ്ശിക തീര്‍ക്കുന്നതിനുള്ള ഫണ്ട് ജില്ലക്ക് അനുവദിക്കണം. ട്രൈബല്‍ പ്രമോട്ടര്‍മാരും സോഷ്യല്‍വര്‍ക്കര്‍മാരും ആദിവാസികോളനികളിലത്തെി അടിസ്ഥാനസൗകര്യങ്ങള്‍, ഭക്ഷ്യവസ്തുക്കള്‍ എന്നിവയുടെ ലഭ്യത ഉറപ്പുവരുത്തണം. ആവശ്യമായ ചികിത്സാസഹായങ്ങള്‍ പിന്നാക്കവിഭാഗങ്ങള്‍ക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. ടൂറിസംമേഖലയിലെ പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നില്ല. വര്‍ഷങ്ങള്‍ക്കുമുമ്പ് ആരംഭിച്ച പല പദ്ധതികളും ഇതുവരെ പൂര്‍ത്തിയായിട്ടില്ല. ഈ സ്ഥിതി തുടരാനാവില്ളെന്നും പദ്ധതിനിര്‍വഹണം സംബന്ധിച്ച് കൃത്യമായ അവലോകനം വേണമെന്നും ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് പി.കെ. അസ്മത്ത് പറഞ്ഞു.ജില്ലയിലെ പല ടൂറിസംപദ്ധതികളുടെയും നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് മറ്റു ജില്ലകളിലെ ഏജന്‍സികളാണ്. ഇവര്‍ യൂട്ടിലൈസേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കി ഡയറക്ടറേറ്റില്‍നിന്ന് ഫണ്ട് മാറുകയാണ്. ജില്ലാതലത്തില്‍ പദ്ധതിനിര്‍വഹണം സംബന്ധിച്ച് കൃത്യമായ മോണിറ്ററിങ്ങിന് സംവിധാനമില്ല. ഈ സ്ഥിതിമാറിയാല്‍ മാത്രമേ പദ്ധതികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയുകയുള്ളൂവെന്ന് ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ അനിതകുമാരി അറിയിച്ചു. അര്‍ഹരായ ഉദ്യോഗാര്‍ഥികള്‍ക്ക് വിദ്യാഭ്യാസവായ്പ നിഷേധിക്കരുതെന്ന് ബാങ്കുകള്‍ക്ക് വികസനസമിതി നിര്‍ദേശം നല്‍കി. പുകയിലരഹിത കേരളം പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ പുകയില ഉല്‍പന്നങ്ങളുടെ ഉപഭോഗം, വിപണനം എന്നിവ കുറക്കുന്നതിന് ആരോഗ്യവകുപ്പ്, എക്സൈസ്, പൊലീസ് എന്നിവയുടെ നേതൃത്വത്തില്‍ വിപുലമായ ബോധവത്കരണം നടത്തും. പദ്ധതി വിജയിപ്പിക്കുന്നതിന് എല്ലാ വകുപ്പുകളും ഇതുമായി സഹകരിക്കണം. ആരോഗ്യമന്ത്രി വി.എസ്. ശിവകുമാറിന്‍െറ പ്രത്യേക നിര്‍ദേശംമാനിച്ച് എല്ലാ ജില്ലാ വികസനസമിതി യോഗത്തിലും ഇതിന്‍െറ പുരോഗതി അവലോകനംചെയ്യും. എ.ഡി.എം പി.വി. ഗംഗാധരന്‍ അധ്യക്ഷത വഹിച്ചു. ജില്ലാപഞ്ചായത്ത് പ്രസിഡന്‍റ് ടി. ഉഷാകുമാരി, വൈസ് പ്രസിഡന്‍റ് പി.കെ. അസ്മത്ത്, കല്‍പറ്റ നഗരസഭാ ചെയര്‍പേഴ്സന്‍ ബിന്ദു ജോസ്, ജില്ലാ പ്ളാനിങ് ഓഫിസര്‍ ആര്‍. മണിലാല്‍ എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.