രാഷ്ട്രീയ ശത്രുക്കളുടെ ഗൂഢാലോചന –കെ.എല്‍. പൗലോസ്

കല്‍പറ്റ: പി.വി. ജോണിന്‍െറ ആത്മഹത്യയുമായി ബന്ധപ്പെട്ട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിക്കും തനിക്കുമെതിരെ രാഷ്ട്രീയ ശത്രുക്കള്‍ ഗൂഢാലോചന നടത്തി സത്യവിരുദ്ധമായ കാര്യങ്ങള്‍ മെനഞ്ഞുണ്ടാക്കുകയാണെന്ന് ഡി.സി.സി പ്രസിഡന്‍റ് കെ.എല്‍. പൗലോസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ജോണിന്‍െറ മരണത്തില്‍ ഒരു നിലക്കും ബന്ധമില്ലാത്ത താന്‍ പ്രസിഡന്‍റ് സ്ഥാനം രാജിവെക്കേണ്ട സാഹചര്യമില്ളെന്നും അദ്ദേഹം പ്രതികരിച്ചു. ഇപ്പോള്‍ ഉയരുന്ന ആരോപണങ്ങളില്‍ ഒരു കഴമ്പുമില്ല. പി.വി. ജോണിന്‍െറ കുടുംബാംഗങ്ങളെ പ്രകോപിപ്പിച്ചും പ്രലോഭിപ്പിച്ചും ഇതിന് കരുവാക്കുകയാണ്. ഒരു തെളിവും വസ്തുനിഷ്ഠമായി ഇതുവരെ തനിക്കെതിരെ ഉന്നയിക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് പുതിയ ആരോപണം. തദ്ദേശ തെരഞ്ഞെടുപ്പ് ഫലം വന്നശേഷം ജോണിനോട് ‘തനിക്കൊക്കെ പോയി ചത്തൂടേ’ എന്ന് ഞാന്‍ പറഞ്ഞതായി ജോണിന്‍െറ ഭാര്യയെക്കൊണ്ട് പറയിക്കുകയാണ്. ഞാന്‍ ജോണിനോട് അങ്ങനെ ചോദിച്ചിരുന്നെങ്കില്‍ അദ്ദേഹം ആത്മഹത്യാക്കുറിപ്പില്‍ അത് സൂചിപ്പിക്കുമായിരുന്നു. ഇന്നലെവരെ ആരും അങ്ങനെയൊരു ആരോപണം ഉന്നയിച്ചിട്ടുമില്ല. ഇപ്പോള്‍ ഈ രീതിയില്‍ ആരോപണം ഉന്നയിക്കുന്നത് ഗൂഢലക്ഷ്യത്തോടെയാണ്. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നശേഷം ജോണും ഞാനും തമ്മില്‍ സംസാരിച്ചിട്ടില്ല. ഇക്കാര്യം ശാസ്ത്രീയ പരിശോധന നടത്തി തെളിയിക്കാന്‍ ഇതിനു പിന്നിലുള്ളവരെ വെല്ലുവിളിക്കുകയാണ്. സത്യമറിയാന്‍ എന്‍െറയും ജോണിന്‍െറയും ഫോണുകള്‍ ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കണം. കെ.എല്‍. പൗലോസിനെ എങ്ങനെ കേസില്‍ ഉള്‍പ്പെടുത്താം എന്നാണ് ഇവിടെ പലരും ഗൂഢാലോചന നടത്തുന്നത്. ആത്മഹത്യാക്കുറിപ്പില്‍ പേരുള്ളതിന്‍െറ മറവില്‍ എന്നെ പ്രതിയാക്കാന്‍ നടത്തുന്ന ശ്രമം വിലപ്പോകില്ളെന്നറിഞ്ഞാണ് രാഷ്ട്രീയ ശകുനിമാരുടെ പുതിയ നീക്കം. ആത്മഹത്യാക്കുറിപ്പില്‍ അഡ്വ. ജോസ് കൂമ്പുക്കല്‍ പറഞ്ഞുവെന്നതാണ് തന്നെക്കുറിച്ചുള്ള പരാമര്‍ശം. റെബലിനെ ഫോണില്‍ വിളിച്ച് നോമിനേഷന്‍ പിന്‍വലിക്കരുതെന്നും ജോണിനെ തോല്‍പിക്കണമെന്നും നിര്‍ദേശിച്ചയാളാണ് ജോസ്. അങ്ങനെയാരാള്‍ പറഞ്ഞ കാര്യങ്ങള്‍ക്ക് എന്തു പ്രസക്തിയാണുള്ളത്. എനിക്കെതിരെ വയനാട്ടില്‍ പോസ്റ്ററുകള്‍ പതിക്കുന്നത് ആരെന്ന് മനസ്സിലാക്കാന്‍ വലിയ പ്രയാസമൊന്നുമില്ല. പോസ്റ്ററൊട്ടിച്ച ദിവസത്തിനും സമയത്തിനുമൊക്കെ വലിയ പ്രാധാന്യമുണ്ട്. ആദ്യം കെ.പി.സി.സി യോഗത്തിനു തൊട്ടുമുമ്പായിരുന്നു അത്. കെ.പി.സി.സി അന്വേഷണ കമീഷന്‍ തെളിവെടുപ്പിന് വന്ന അന്നു രാവിലെയാണ് കല്‍പറ്റയില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. ജോണിന്‍െറ മരണത്തെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് കെ.പി.സി.സി യോഗത്തില്‍ ആദ്യം ആവശ്യമുന്നയിച്ചത് താനാണെന്ന് പൗലോസ് പറഞ്ഞു. ഡി.സി.സി നേതാക്കളുമായി പ്രശ്നം വിശദമായി ചര്‍ച്ചചെയ്തിരുന്നു. പ്രസിഡന്‍റിന് ഇതില്‍ എന്തെങ്കിലും ബന്ധമുണ്ടെന്ന് ആരും പറഞ്ഞിട്ടില്ല. കെ.പി.സി.സി തെരഞ്ഞെടുപ്പ് അവലോകന യോഗത്തില്‍ ജോണിന്‍െറ ആത്മഹത്യ വിശദമായി ചര്‍ച്ചചെയ്തു. കോണ്‍ഗ്രസിനെ തകര്‍ക്കാനുള്ള ഗൂഢനീക്കമാണിതെന്നാണ് വി.എം. സുധീരനും ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയുമടക്കമുള്ള സമുന്നത നേതാക്കള്‍ അഭിപ്രായപ്പെട്ടത്. അതുകൊണ്ട് പാര്‍ട്ടി ഒറ്റക്കെട്ടായി നില്‍ക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. ജോണിന്‍െറ കുടുംബസുഹൃത്തായ ഒരു പ്രാദേശിക എല്‍.ഡി.എഫ് നേതാവ് രാഷ്ട്രീയ ലാഭം കൊയ്യാന്‍ ഈ അവസരം ഉപയോഗപ്പെടുത്തുകയാണെന്നും പൗലോസ് ആരോപിച്ചു. കേരളത്തില്‍ നൂറുകണക്കിന് രാഷ്ട്രീയ എതിരാളികളെ കൊലക്കത്തിക്കിരയാക്കിയ സി.പി.എം മറ്റൊരു പാര്‍ട്ടിയിലെ നേതാവിന്‍െറ ദാരുണാന്ത്യത്തെ രാഷ്ട്രീയ ലാഭത്തിനായി ഉപയോഗിക്കുന്നത് നെറികേടാണ്. ടി.പി. ചന്ദ്രശേഖരന്‍േറതൊഴിച്ച് സി.പി.എം നടത്തിയ നിഷ്ഠുരമായ കൊലപാതകങ്ങള്‍ കാരണം അനാഥമായ മറ്റേതെങ്കിലുമൊരു കുടുംബത്തെ സന്ദര്‍ശിക്കാന്‍ തയാറാകാതിരുന്ന വി.എസ്. അച്യുതാനന്ദന്‍ ജോണിന്‍െറ വീട്ടിലത്തെിയതും ഇതിന്‍െറ ഭാഗമായാണ്. സേവ് കോണ്‍ഗ്രസ് ഫോറം കോണ്‍ഗ്രസിനെ സ്നേഹിക്കുന്നവരുടേതല്ല. വി.കെ. ജോസിനെയും ലേഖ രാജീവിനെയും പുറത്താക്കിയ ഡി.സി.സി സില്‍വി തോമസിനെ സംരക്ഷിക്കുകയാണെന്ന ആരോപണങ്ങളും കെ.എല്‍. പൗലോസ് നിഷേധിച്ചു. ഡി.സി.സി ഭാരവാഹിയായ സില്‍വിക്കെതിരെ നടപടിയെടുക്കേണ്ടത് കെ.പി.സി.സിയാണെന്നായിരുന്നു അദ്ദേഹത്തിന്‍െറ വിശദീകരണം. തദ്ദേശ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് വലിയ തിരിച്ചടി നേരിട്ടിട്ടില്ളെന്നു പറഞ്ഞ ഡി.സി.സി പ്രസിഡന്‍റ്, ജില്ലയിലെ മുഴുവന്‍ കോണ്‍ഗ്രസുകാരെയും ഒറ്റക്കെട്ടായി അണിനിരത്തി മുന്നോട്ടുപോകുമെന്നും നിയമസഭാ തെരഞ്ഞെടുപ്പില്‍ മൂന്നു നിയോജക മണ്ഡലങ്ങളിലും ജയിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നും കൂട്ടിച്ചേര്‍ത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.