വിദ്യാര്‍ഥികള്‍ ജീവനക്കാരെ മര്‍ദിച്ചു; സ്വകാര്യ ബസുകള്‍ പണിമുടക്കി

കല്‍പറ്റ: വിദ്യാര്‍ഥികള്‍ ജീവനക്കാരെ മര്‍ദിച്ചതില്‍ പ്രതിഷേധിച്ച് സ്വകാര്യ ബസ് ജീവനക്കാര്‍ ബുധനാഴ്ച മിന്നല്‍ പണിമുടക്ക് നടത്തി. ആദ്യം മാനന്തവാടി-പടിഞ്ഞാറത്തറ റൂട്ടിലായിരുന്നു ഓട്ടം നിര്‍ത്തിയത്. തുടര്‍ന്ന് മറ്റു റൂട്ടുകളിലും ജീവനക്കാര്‍ പണിമുടക്കിയതോടെ യാത്രക്കാര്‍ വലഞ്ഞു. പിണങ്ങോട് ഡബ്ള്യു.ഒ.എച്ച്.എസ്.എസ് വിദ്യാര്‍ഥികളും സ്വകാര്യ ബസ് ജീവനക്കാരും തമ്മില്‍ ചൊവ്വാഴ്ച വൈകീട്ട് ആറുമണിയോടെ കല്‍പറ്റ ബസ്സ്റ്റാന്‍ഡില്‍വെച്ചാണ് പ്രശ്നമുണ്ടായത്. ബസ് ഡ്രൈവറെ ഒരു സംഘം വിദ്യാര്‍ഥികള്‍ മര്‍ദിച്ചതായാണ് പരാതി. തലേദിവസമുണ്ടായ പ്രശ്നങ്ങളെ തുടര്‍ന്നാണ് വീണ്ടും സ്റ്റാന്‍ഡിലും ബഹളമുണ്ടായത്. ഇതോടെ കുറ്റക്കാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ബസ് ജീവനക്കാര്‍ ബുധനാഴ്ച പടിഞ്ഞാറത്തറ-മാനന്തവാടി റൂട്ടില്‍ ഓട്ടംനിര്‍ത്തുകയായിരുന്നു. രക്ഷിതാക്കളും ജീവനക്കാരും തമ്മില്‍ ബുധനാഴ്ച വീണ്ടും പ്രശ്നമുണ്ടായി. ഇതോടെ ഉച്ചയോടെ മറ്റു റൂട്ടുകളിലും ബസുകള്‍ പണിമുടക്കി. മിന്നല്‍ പണിമുടക്കായതോടെ വിവിധയിടങ്ങളിലേക്കുള്ള യാത്രക്കാര്‍ തീര്‍ത്തും വലഞ്ഞു. എല്ലാ കെ.എസ്.ആര്‍.ടി.സി ബസുകളിലും വന്‍ തിരക്കായിരുന്നു. വിദ്യാര്‍ഥികളടക്കമുള്ളവര്‍ക്ക് ടാക്സി വാഹനങ്ങളെ ആശ്രയിക്കേണ്ടിവന്നു. വിദ്യാര്‍ഥികള്‍ക്കെതിരെ ബസ് ജീവനക്കാര്‍ കല്‍പറ്റ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. വൈകുന്നേരം കല്‍പറ്റ സി.ഐ കെ.പി. സുനില്‍കുമാറിന്‍െറ നേതൃത്വത്തില്‍ ചര്‍ച്ച നടത്തിയതോടെ പണിമുടക്ക് പിന്‍വലിക്കാന്‍ തീരുമാനിച്ചു. വിദ്യാര്‍ഥികള്‍ക്കെതിരെ നല്‍കിയ കേസും ഒത്തുതീര്‍പ്പാക്കും. ബസ് ജീവനക്കാര്‍ മിന്നല്‍ പണിമുടക്ക് നടത്തരുതെന്ന് നേരത്തേ നിര്‍ദേശമുണ്ടായിരുന്നു. ഇത് ലംഘിച്ചതിനെതിരെ ഉചിതമായ നടപടിയെടുക്കുമെന്ന് ആര്‍.ടി.ഒ സത്യന്‍, സി.ഐ കെ.പി. സുനില്‍കുമാര്‍ എന്നിവര്‍ പ്രതികരിച്ചു. അതേസമയം, തങ്ങളെ അറിയിക്കാതെയാണ് ജീവനക്കാര്‍ പണിമുടക്കിയതെന്ന് ബസ് ഉടമകളുടെ സംഘടനാ ഭാരവാഹികള്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.