സുധീരനും രമേശും വിളിച്ചു; പ്രതിഷേധ റാലി തല്‍കാലം മാറ്റി

സുല്‍ത്താന്‍ ബത്തേരി: ബത്തേരി മുനിസിപ്പാലിറ്റി തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്‍െറ കനത്ത പരാജയത്തിന് കാരണക്കാരായ നേതാക്കള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നവംബര്‍ 27ന് നടത്താന്‍ നിശ്ചയിച്ച ബഹുജന റാലിയും പ്രതിഷേധ കണ്‍വെന്‍ഷനും മാറ്റിവെക്കാന്‍ തീരുമാനിച്ചതായി പ്രസിഡന്‍റ് ഒഴികെയുള്ള മണ്ഡലം കോണ്‍ഗ്രസ് നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. റാലി മാറ്റിവെക്കണമെന്ന് കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരനും രമേശ് ചെന്നിത്തലയും വിളിച്ച് ആവശ്യപ്പെട്ടിരുന്നു. 29ന് രമേശ് ചെന്നിത്തല വയനാട്ടിലത്തെുന്നുണ്ട്. പ്രശ്നം ചര്‍ച്ച ചെയ്ത് പരിഹരിക്കുമെന്ന ഉറപ്പ് കിട്ടിയ പശ്ചാത്തലത്തിലാണ് പ്രതിഷേധ പരിപാടികള്‍ താല്‍കാലികമായി മാറ്റിവെക്കുന്നത്. എന്നാല്‍, ആരോപണ വിധേയരായ നേതാക്കളുടെ പേരില്‍ നടപടി വേണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കും. വ്യാഴാഴ്ച വൈകീട്ട് ബത്തേരി സ്വതന്ത്ര മൈതാനിയില്‍ നടക്കുന്ന യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ക്കുള്ള സ്വീകരണ പരിപാടി ബഹിഷ്കരിക്കും. കോണ്‍ഗ്രസിന്‍െറ നാല് കൗണ്‍സിലര്‍മാരടക്കമാണ് പരിപാടി ബഹിഷ്കരിക്കുക. പ്രശ്നം പരിഹരിക്കപ്പെടുന്നതുവരെ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ഓഫിസ് തുറക്കാന്‍ അനുവദിക്കില്ല. സുല്‍ത്താന്‍ ബത്തേരി മുനിസിപ്പാലിറ്റിയില്‍ ആകെയുള്ള 35 ഡിവിഷനുകളിലെയും പ്രസിഡന്‍റുമാര്‍ ഏകകണ്ഠമായാണ് കെ.പി.സി.സിക്ക് പരാതി നല്‍കിയത്. ബത്തേരി മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥി നിര്‍ണയത്തിന് നിയോഗിക്കപ്പെട്ട കോര്‍ കമ്മിറ്റിയിലെ അംഗങ്ങള്‍ ജനറല്‍ ഡിവിഷനുകള്‍ വീതം വെച്ചെടുക്കുകയും സംവരണ ഡിവിഷനുകളില്‍ ഏറാന്‍മൂളികളെ നിശ്ചയിക്കുകയും ചെയ്തിടത്താണ് ചരിത്രത്തിലില്ലാത്ത പരാജയം കോണ്‍ഗ്രസിന് വന്നത്. ഡി.സി.സി ട്രഷറര്‍ എന്‍.എം. വിജയനായിരുന്നു കോണ്‍ കമ്മിറ്റി ചെയര്‍മാന്‍. പാര്‍ട്ടി ജില്ലാ ഭാരാവഹിത്വങ്ങളും സഹകരണ സ്ഥാപനങ്ങളിലെ പദവികളും കൈയടക്കി വെച്ചവര്‍ മുനിസിപ്പാലിറ്റി ഭരണവും ഒന്നടങ്കം കൈപ്പടിയിലൊതുക്കാനാണ് നീക്കം നടത്തിയത്. ഭരണം മുന്‍കൂട്ടി ഉറപ്പിച്ച് ചെയര്‍മാന്‍ സ്ഥാനത്തിനുവേണ്ടി മൂന്നുപേര്‍ മത്സരിച്ച് പരസ്പരം കാലുവാരി. ഡി.സി.സി ട്രഷററും മണ്ഡലം പ്രസിഡന്‍റുമടക്കം മത്സരിക്കാനിറങ്ങിയപ്പോള്‍ പാര്‍ട്ടി നാഥനില്ലാക്കളരിയായി. പാര്‍ട്ടി പദവികളില്‍ കടിച്ചുതൂങ്ങിയവര്‍ ഉത്തരവാദിത്തം നിര്‍വഹിച്ചില്ല. ഡിവിഷന്‍ കമ്മിറ്റികള്‍ ആവശ്യപ്പെട്ടവരെ സ്ഥാനാര്‍ഥികളാക്കിയില്ല. പാര്‍ട്ടി മത്സരിച്ച 21 ഡിവിഷനുകളില്‍ 19ലും കോണ്‍ഗ്രസിന് വിജയം ഉറപ്പായിരുന്നു. നാട്ടുകാര്‍ക്കും പ്രവര്‍ത്തകര്‍ക്കും വേണ്ടാത്തവരെ സ്ഥാനാര്‍ഥികളാക്കിയതാണ് പരാജയത്തിന് കാരണമായത്. തെരഞ്ഞെടുപ്പ് കഴിഞ്ഞ് ആഴ്ചകളായിട്ടും മണ്ഡലം കമ്മിറ്റി വിളിച്ചുചേര്‍ത്ത് പരാജയ കാരണങ്ങള്‍ വിലയിരുത്താന്‍ പ്രതിസ്ഥാനത്ത് നില്‍ക്കുന്ന നേതാക്കള്‍ക്ക് ആത്മവിശ്വാസമില്ല. ഇവരെ നേതൃസ്ഥാനത്ത് നിര്‍ത്തി ബത്തേരിയില്‍ കോണ്‍ഗ്രസിന് മുമ്പോട്ടു പോകാനാവില്ളെന്ന് നേതാക്കള്‍ പറഞ്ഞു. റാലി സംഘാടക സമിതി ചെയര്‍മാന്‍ മണ്ഡലം പ്രസിഡന്‍റ് കെ.ഒ. ജോയി, വര്‍ക്കിങ് ചെയര്‍മാന്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജന. സെക്രട്ടറി അഡ്വ. രാജേഷ്കുമാര്‍, കണ്‍വീനര്‍ മുന്‍ മണ്ഡലം പ്രസിഡന്‍റ് കുന്നത്ത് അഷ്റഫ്, ബ്ളോക് കോണ്‍ഗ്രസ് ഭാരവഹികളായ ഇന്ദ്രജിത്ത്, നെരവത്ത് രവീന്ദ്രന്‍, എം.ഡി. ജോസ്, ഗഫൂര്‍ പുളിക്കല്‍, ഷമീര്‍ കൈപ്പഞ്ചേരി, നൗഫല്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.