മീനങ്ങാടി ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ദേശീയ ബാലശാസ്ത്ര കോണ്‍ഗ്രസിലേക്ക്

കല്‍പറ്റ: തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളജില്‍ നടന്ന സംസ്ഥാന ബാലശാസ്ത്ര കോണ്‍ഗ്രസില്‍ മീനങ്ങാടി ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിന് ഒന്നാംസ്ഥാനം. വയനാട് ജില്ലാതല മത്സരത്തില്‍നിന്നും തെരഞ്ഞെടുക്കപ്പെട്ട നാല് പ്രബന്ധങ്ങള്‍ ഉള്‍പ്പെടെ നാല്‍പത്തി അഞ്ച് പ്രബന്ധങ്ങളാണ് സംസ്ഥാനതല മത്സരത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഇതില്‍ ‘കാലാവസ്ഥയും ദിനാന്തരീക്ഷ സ്ഥിതിയും’ എന്ന വിഷയത്തില്‍ മീനങ്ങാടിയിലെ പ്ളസ് വണ്‍ വിദ്യാര്‍ഥികളായ വി.എസ്. നിത്യ, ആശിഷ് ജോയ്, സ്റ്റെഫിന്‍ സാബു, ടെല്‍ന സൈമണ്‍, കെ.ആര്‍. രാഹുല്‍ എന്നിവര്‍ അവതരിപ്പിച്ച പ്രബന്ധമാണ് ഒന്നാംസ്ഥാനത്തോടെ ദേശീയ മത്സരത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. അന്തരീക്ഷത്തിലെ താപനില വര്‍ധിപ്പിക്കുന്നതില്‍ ടാര്‍ റോഡുകള്‍ പ്രസരിപ്പിക്കുന്ന ചൂട് നിര്‍ണായക പങ്കുവഹിക്കുന്നതായി വിദ്യാര്‍ഥികള്‍ കണ്ടത്തെി. ചൂട് വര്‍ധിപ്പിക്കുന്ന കറുപ്പിന് പകരം മറ്റ് വര്‍ണകണങ്ങള്‍ ചേര്‍ത്ത് ടാറിങ് നടത്തുക, പാതയോരങ്ങളില്‍ തണല്‍ വൃക്ഷങ്ങള്‍ വെച്ചുപിടിപ്പിക്കുക തുടങ്ങിയ പരിഹാരങ്ങള്‍ കുട്ടികള്‍ നിര്‍ദേശിക്കുന്നു. റോഡുകളെ ഭാവിയിലെ ഊര്‍ജ ഉല്‍പാദന കേന്ദ്രങ്ങളായി മാറ്റുന്നതിനുള്ള സംവിധാനവും പ്രബന്ധത്തില്‍ വിശദീകരിച്ചിരുന്നു. സ്കൂളിലെ സയന്‍സ് അധ്യാപകരായ ടി.ജി. സജി, പി.ടി. സജീവന്‍ എന്നിവരാണ് ഗവേഷണത്തിന് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയത്. ഡിസംബര്‍ 27 മുതല്‍ 31 വരെ പഞ്ചാബിലെ ചണ്ഡിഗഢില്‍ നടക്കുന്ന ദേശീയ ബാലശാസ്ത്ര കോണ്‍ഗ്രസിലും ഹൈദരാബാദില്‍ നടക്കുന്ന ഇന്ത്യന്‍ സയന്‍സ് കോണ്‍ഗ്രസിലും പ്രബന്ധം അവതരിപ്പിക്കും. വിജയികളെ സ്റ്റാഫ് കൗണ്‍സിലിന്‍െറയും പി.ടി.എയുടെയും സംയുക്ത യോഗം അഭിനന്ദിച്ചു. പി.ടി.എ പ്രസിഡന്‍റ് പി.വി. വേണുഗോപല്‍, സ്കൂള്‍ മാനേജ്മെന്‍റ് കമ്മിറ്റി ചെയര്‍മാന്‍ സി. കുഞ്ഞന്‍, പ്രിന്‍സ്, യു.ബി. ചന്ദ്രിക, ബി. ബിനേഷ്, കെ. ബാവ, എം.പി. മത്തായി, കെ.ആര്‍. സുരേന്ദ്രന്‍, എം.കെ. രാജേന്ദ്രന്‍, ആശ എലിസബത്ത് എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.