വി.എസ് ഇന്ന് ജില്ലയില്‍; പി.വി. ജോണിന്‍െറ വീട് സന്ദര്‍ശിക്കും

കല്‍പറ്റ: പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ ചൊവ്വാഴ്ച ജില്ലയില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കും. രാവിലെ 11ന് തരിയോട് സര്‍വീസ് സഹകരണബാങ്ക് സായാഹ്ന ശാഖ ഉദ്ഘാടനം നിര്‍വഹിക്കും. തുടര്‍ന്ന് മൂന്ന് മണിക്ക് കല്‍പറ്റ ജിനചന്ദ്ര ഓഡിറ്റോറിയത്തില്‍ ചേരുന്ന കടക്കെണിയില്‍പെട്ട കര്‍ഷകരുടെ കണ്‍വെന്‍ഷന്‍ അദ്ദേഹം ഉദ്ഘാടനം ചെയ്യും. വൈകീട്ട് നാല് മണിക്ക് പുതിയ ബസ്സ്റ്റാന്‍ഡ് പരിസരത്ത് നടക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ക്ക് നല്‍കുന്ന സ്വീകരണ പരിപാടിയും വി.എസ് ഉദ്ഘാടനം ചെയ്യും. തെരഞ്ഞെടുപ്പ് തോല്‍വിയെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത ഡി.സി.സി ജനറല്‍ സെക്രട്ടറി പി.വി. ജോണിന്‍െറ വീട് വി.എസ് സന്ദര്‍ശിക്കും. ചൊവ്വാഴ്ച രാവിലെ ജില്ലയിലത്തെുന്ന അദ്ദേഹം ഉച്ചയോടെ പയ്യമ്പള്ളി പുതിയടത്തെ പടിയറവീട്ടിലത്തെി കുടുംബാംഗങ്ങളെ കാണും. മരണത്തില്‍ ഡി.സി.സി പ്രസിഡന്‍റ് ഉള്‍പ്പെടെയുള്ളവര്‍ പ്രതിക്കൂട്ടില്‍ നില്‍ക്കുന്ന സമയത്ത് വി.എസിന്‍െറ സന്ദര്‍ശനത്തിന് ഏറെ രാഷ്ട്രീയ പ്രാധാന്യം കല്‍പിക്കപ്പെടുന്നുണ്ട്. മരണത്തിനുത്തരവാദികളായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് സി.പി.എം നേരത്തെ ആവശ്യപ്പെട്ടിരുന്നു. വി.എസ് സന്ദര്‍ശിക്കുന്നതോടെ വിഷയം സംസ്ഥാനതലത്തില്‍ തന്നെ ഏറെ ചര്‍ച്ചകള്‍ക്ക് വഴിവെച്ചേക്കും. മരണത്തിനുശേഷം കെ. മുരളീധരന്‍ എം.എല്‍.എ ഒഴിച്ചുള്ള മന്ത്രിമാര്‍, കെ.പി.സി.സി ഭാരവാഹികള്‍ ഒന്നുംതന്നെ വീട് സന്ദര്‍ശിച്ചിരുന്നില്ല. വി.എസിന്‍െറ സന്ദര്‍ശനത്തോടെ മുഖ്യമന്ത്രി, ആഭ്യന്തരമന്ത്രി, കെ.പി.സി.സി പ്രസിഡന്‍റ് എന്നിവര്‍ നിലപാടുകള്‍ വ്യക്തമാക്കാന്‍ നിര്‍ബന്ധിതരാകും. ഡി.സി.സി പ്രസിഡന്‍റ് കെ.എല്‍. പൗലോസ്, മഹിള കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി സില്‍വി തോമസ്, രണ്ട് പ്രാദേശിക നേതാക്കളുടെയും പേരുകള്‍ എഴുതിവെച്ചാണ് ജോണ്‍ നവംബര്‍ എട്ടിന് പാര്‍ട്ടി ഓഫിസില്‍ തൂങ്ങി മരിച്ചത്. കത്തില്‍ പരാമര്‍ശിക്കപ്പെട്ടവര്‍ക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി കേസെടുക്കണമെന്ന് പ്രതിപക്ഷവും കോണ്‍ഗ്രസിലെ ഒരുവിഭാഗവും ആവശ്യപ്പെട്ടുവരികയായിരുന്നു. വി.എസിന്‍െറ സന്ദര്‍ശനത്തോടെ കേസെടുക്കാത്ത പൊലീസും പ്രതിക്കൂട്ടിലാകും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.