പി.വി. ജോണിന്‍െറ ആത്മഹത്യ: നേതാക്കള്‍ക്ക് പ്രതിഷേധം; അന്വേഷണ കമീഷന്‍ നാളെ എത്തും

കല്‍പറ്റ: ഡി.സി.സി ജനറല്‍ സെക്രട്ടറി പി.വി. ജോണ്‍ പാര്‍ട്ടി ഓഫിസില്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പാര്‍ട്ടി അന്വേഷണം വൈകുന്നതില്‍ നേതാക്കള്‍ക്ക് രൂക്ഷമായ പ്രതിഷേധം. തിങ്കളാഴ്ച തിരുവനന്തപുരത്ത് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍, മന്ത്രി രമേശ് ചെന്നിത്തല എന്നിവരുടെ നേതൃത്വത്തില്‍ വിവിധ ജില്ലകളിലെ തെരഞ്ഞെടുപ്പ് തോല്‍വി സംബന്ധിച്ച് വിലയിരുത്തല്‍ യോഗം നടന്നിരുന്നു. ഇതില്‍ വയനാട്ടില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാക്കളില്‍ ചിലര്‍ പി.വി. ജോണിന്‍െറ ആത്മഹത്യയുമായി ബന്ധപ്പെട്ട് പാര്‍ട്ടി അന്വേഷണം വൈകുന്നതില്‍ പ്രതിഷേധം അറിയിച്ചു. മന്ത്രി പി.കെ. ജയലക്ഷ്മി, ബ്ളോക് പ്രസിഡന്‍റുമാരായ അച്ചപ്പന്‍ കുറ്റിയോട്ടില്‍, കെ.പി.സി.സി. നിര്‍വാഹകസമിതി അംഗം കെ.വി. പോക്കര്‍ ഹാജി എന്നവരാണ് എതിര്‍പ്പ് അറിയിച്ചത്. കെ.പി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ. പി.എം. സുരേഷ്ബാബുവിന്‍െറ നേതൃത്വത്തിലുള്ള അന്വേഷണ കമീഷന്‍ നവംബര്‍ 22ന് ജില്ലയില്‍ എത്തുമെന്നായിരുന്നു ആദ്യം അറിയിച്ചിരുന്നത്. എന്നാല്‍, സന്ദര്‍ശനം പിന്നീട് 28ലേക്ക് മാറ്റി. ആത്മഹത്യാകുറിപ്പില്‍ ഡി.സി.സി പ്രസിഡന്‍റ് കെ.എല്‍. പൗലോസിന്‍െറ പേരടക്കം പരാമര്‍ശിച്ചിരുന്നു. ഈ സാഹചര്യത്തില്‍ പാര്‍ട്ടി കമീഷന്‍ വരാന്‍ വൈകുന്നതില്‍ അണികള്‍ക്ക് എതിര്‍പ്പുണ്ടായിരുന്നു. യോഗത്തില്‍ ആവശ്യം ഉയര്‍ന്നതോടെ അന്വേഷണകമീഷന്‍ നവംബര്‍ 25ന് തന്നെ എത്താന്‍ തീരുമാനമായിട്ടുണ്ട്. വി.എ. നാരായണന്‍, എം.പി. ജാക്സണ്‍, പി.എം സുരേഷ്ബാബു എന്നിവരുള്‍പ്പെടുന്ന അന്വേഷണ കമീഷന്‍ 25ന് രാവിലെ പത്തിന് പി.വി. ജോണിന്‍െറ വസതിയില്‍ സന്ദര്‍ശനം നടത്തി കുടുംബാംഗങ്ങളുടെ മൊഴി രേഖപ്പെടുത്തും. പരാതിക്കാര്‍ക്കും ആക്ഷേപം ബോധിപ്പിക്കാനുള്ളവര്‍ക്കും നേരിട്ട് പരാതി പറയാവുന്നതാണെന്ന് അഡ്വ. പി.എം. സുരേഷ്ബാബു അറിയിച്ചു. തിരുവനന്തപുരം യോഗത്തില്‍ ഉയര്‍ന്ന അഭിപ്രായത്തിന്‍െറ വെളിച്ചത്തില്‍ നവംബര്‍ 29ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പി.വി. ജോണിന്‍െറ വീട് സന്ദര്‍ശിക്കുന്നുമുണ്ട്. ജോണിന്‍െറ കുടുംബത്തെ വേദനിപ്പിക്കുന്ന തരത്തില്‍ നേതാക്കളോ മറ്റോ പ്രസ്താവനകള്‍ ഇറക്കരുതെന്നും യോഗത്തില്‍ രമേശ് ചെന്നിത്തലയും സുധീരനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. നവംബര്‍ എട്ടിനാണ് പി.വി. ജോണിനെ പാര്‍ട്ടി ഓഫിസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്തെിയത്. സംസ്കാരചടങ്ങില്‍ നേതാക്കള്‍ പങ്കെടുത്തിരുന്നു. പിന്നീട് കെ. മുരളീധരന്‍ ഒഴികെ പ്രധാന നേതാക്കള്‍ ആരും അദ്ദേഹത്തിന്‍െറ വീട് സന്ദര്‍ശിക്കുക പോലും ചെയ്തിട്ടില്ല. മരണത്തിന് ശേഷവും പി.വി. ജോണിനെ അവഹേളിക്കുന്ന രൂപത്തില്‍ പോഷകസംഘടനയില്‍ നിന്നും ചില നേതാക്കളില്‍ നിന്നും ഉണ്ടാവുകയും ചെയ്തു. വയനാടിന് പുറമേ കാസര്‍കോട്, കണ്ണൂര്‍, കൊല്ലം ജില്ലകളിലെ തെരഞ്ഞെടുപ്പ് വിലയിരുത്തലാണ് യോഗത്തില്‍ നടന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.