കല്‍പറ്റ: നേന്ത്രക്കായവില കുത്തനെ ഇടിഞ്ഞതോടെ കര്‍ഷകര്‍ക്ക് വന്‍നഷ്ടം. നേന്ത്രക്കായ കിലോക്ക് 12 രൂപയാണിപ്പോള്‍ വില. സമീപകാലത്തെ ഏറ്റവും വലിയ വിലത്തകര്‍ച്ചയാണ് ഇപ്പോഴത്തേത്. കര്‍ണാടകയില്‍നിന്ന് വരവുകൂടിയതാണ് വിലത്തകര്‍ച്ചക്ക് പ്രധാന കാരണമെന്ന് വ്യാപാരികള്‍ പറയുന്നു. ആറാഴ്ചമുമ്പ് 20 രൂപയുണ്ടായിരുന്ന സ്ഥാനത്ത് പിന്നീട് വില കുറയുകയായിരുന്നു. കുടകില്‍ ഇഞ്ചികൃഷി നടത്തുന്ന മലയാളികള്‍ അതിനൊപ്പം വാഴകൃഷിയും വ്യാപിപ്പിച്ചതാണ് ഇപ്പോള്‍ വിലകുറയാന്‍ കാരണം. കക്കല്‍തൊണ്ടി, മാണ്ഡ്യ, സിദ്ധാപുരം, ഗുണ്ടല്‍പേട്ട, സാമ്രാജ് നഗര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ വ്യാപകമായി വാഴകൃഷിയുണ്ട്. പാട്ടക്കാലാവധിക്കുമുമ്പ് വാഴക്കുല വെട്ടി മാറ്റേണ്ടതിനാല്‍ കേരളത്തിലെ മാര്‍ക്കറ്റിലേക്കാണ് ഇവിടങ്ങളില്‍നിന്ന് ചരക്കൊഴുകുന്നത്. മഴ തുടരുന്ന കാലാവസ്ഥയും വിലയിടിയാന്‍ കാരണമായതായി കച്ചവടക്കാര്‍ ചൂണ്ടിക്കാട്ടുന്നു. വറുത്ത കായക്കുള്ള ഡിമാന്‍ഡ് കുറയുന്നതും വിലത്തകര്‍ച്ചക്ക് ആക്കംകൂട്ടുന്നു. വന്‍തുക പാട്ടത്തിനടക്കം സ്ഥലമെടുത്ത് കൃഷിചെയ്യുന്ന കര്‍ഷകര്‍ക്ക് വിലത്തകര്‍ച്ച വന്‍ നഷ്ടമാണ് വരുത്തിവെക്കുന്നത്. വര്‍ധിച്ച കൂലിയും രാസവളം, കീടനാശിനി തുടങ്ങിയവയുടെ ചെലവുമടക്കം ഏറെ തുക മുതല്‍മുടക്കി വന്‍തോതില്‍ കൃഷിയിറക്കിയവര്‍ക്ക് ഇപ്പോഴത്തെ അവസ്ഥയില്‍ ലക്ഷങ്ങളാണ് നഷ്ടം വന്നതെന്ന് കര്‍ഷകര്‍ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.