കുരുമുളക് പുനരുദ്ധാരണത്തിന് കോടികള്‍; ഗുണം ഇടനിലക്കാര്‍ക്ക്

മാനന്തവാടി: കുരുമുളക് പുനരുദ്ധാരണത്തിനായി സംസ്ഥാന സര്‍ക്കാര്‍ കോടിക്കണക്കിന് രൂപ ചെലവഴിക്കുമ്പോള്‍ ഗുണം ലഭിക്കുന്നത് ഇടനിലക്കാര്‍ക്കും അനര്‍ഹര്‍ക്കും. യഥാര്‍ഥ കര്‍ഷകര്‍ ഇന്നും ദുരിതത്തില്‍. കഴിഞ്ഞമാസം 2.10 കോടി രൂപയാണ് അനുവദിച്ചത്. ഇതില്‍ 50 ലക്ഷം രൂപ കുരുമുളക് പുനരുദ്ധാരണ സമിതികളുടെ ശാക്തീകരണ പ്രവൃത്തികള്‍ക്കാണ് മാറ്റിവെച്ചിരിക്കുന്നത്. വയനാട് പാക്കേജില്‍ ഉള്‍പ്പെടുത്തി ജൂലൈയില്‍ 5.87 കോടി രൂപ അനുവദിച്ചതിന് പിന്നാലെയാണ് ഈ തുക കൂടി അനുവദിച്ചത്. എട്ട് കോടിയോളം രൂപയാണ് വയനാടന്‍ കര്‍ഷകര്‍ക്കായി അനുവദിച്ചത്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കുരുമുളക് ഉല്‍പാദിപ്പിക്കുന്ന ജില്ല എന്ന പരിഗണന വെച്ചാണ് വയനാടിന് ഇത്രയധികം തുക അനുവദിച്ചത്. രാസവളങ്ങള്‍, കീടനാശിനികള്‍, ജൈവവള സെമിനാറുകള്‍, ബോധവത്കരണം, സര്‍വേ എന്നിവക്കാണ് ഈ തുക ചെലവഴിക്കുന്നത്. ഒരു രൂപപോലും കര്‍ഷകന് നേരിട്ട് നല്‍കുന്നില്ല. തുക മുഴുവന്‍ കടലാസ് സംഘങ്ങളും കുരുമുളക് പുനരുദ്ധാരണ സമിതികളും കൃഷി ഓഫിസ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥ ശിങ്കിടികളും വളം നിര്‍മാണ കമ്പനികളുമാണ് കൈക്കലാക്കുന്നത്. കോടികള്‍ ചെലവഴിച്ചിട്ടും കുരുമുളക് കര്‍ഷകരുടെ എണ്ണവും ഉല്‍പാദനവും നാള്‍ക്കുനാള്‍ കുറയുകയാണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ജൂലൈയില്‍ അനുവദിച്ച തുകയില്‍ രണ്ടു കോടി രൂപ ജൈവ രീതിയിലുള്ള കുരുമുളക് കൃഷി പ്രോത്സാഹിപ്പിക്കുന്നതിനാണ്. എന്നാല്‍, ജില്ലയില്‍ ഒരിടത്തും സമ്പൂര്‍ണ ജൈവ കുരുമുളക് തോട്ടങ്ങള്‍ ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ളെന്നതാണ് വസ്തുത. കുരുമുളക് ചെടികള്‍ക്ക് ഭീഷണി ഉയര്‍ത്തിയ ദ്രുതവാട്ടരോഗം തുടച്ചുനീക്കാന്‍ മൂന്നരകോടി രൂപയാണ് നീക്കിവെച്ചത്. ഒരു ഹെക്ടറിന് 10000 രൂപ വീതം 3500 ഹെക്ടര്‍ എന്ന കണക്കിനാണ് തുക അനുവദിച്ചത്. ഡോളോലൈറ്റ് തുരിശ്, ഡ്രൈക്കോ സര്‍വ എന്നീ കീടനാശിനികളാണ് വിതരണം ചെയ്തത്. കേരള സര്‍വകലാശാലയുടെ മേല്‍നോട്ടത്തിലായിരിക്കും മരുന്ന് പ്രയോഗം എന്ന് നിര്‍ദേശിച്ചിരുന്നെങ്കിലും ഒരു നിര്‍ദേശവും കേള്‍ക്കാതെയായിരുന്നു മരുന്നിന്‍െറ ഉപയോഗം. കൃഷി വ്യാപിപ്പിക്കുന്നതിന്‍െറ ഭാഗമായി തൈകള്‍ ഉല്‍പാദിപ്പിക്കുന്നതിനും താങ്ങുകാലുകള്‍ വെച്ചുപിടിപ്പിക്കുന്നതിനുമായി ഒരു കാലിന് 10 രൂപ എന്ന കണക്കിന് രണ്ടുലക്ഷം കാലുകള്‍ വെച്ചുപിടിപ്പിക്കുന്നതിന് 20 ലക്ഷം രൂപ നീക്കിവെച്ചിരുന്നു. പല സ്ഥലങ്ങളിലും കൃഷി ഓഫിസര്‍മാര്‍ സാക്ഷ്യപ്പെടുത്തി തുക നല്‍കിയിട്ടുണ്ട്. കുരുമുളക് പുനരുദ്ധാരണ സമിതികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിന് ഒരു സമിതിക്ക് 25000 രൂപയാണ് നീക്കിവെച്ചത്. എന്നാല്‍, ജില്ലയില്‍ നൂറില്‍ താഴെ സമിതികള്‍ മാത്രമാണ് കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നത്. വാര്‍ഡില്‍ ഒരു സമിതി എന്നതായിരുന്നു കണക്ക്. മാതൃകാ കൃഷിത്തോട്ട സന്ദര്‍ശനം, കൃഷിരീതികളെക്കുറിച്ചുള്ള വിശദീകരണം, പ്രചാരണം, മേല്‍നോട്ടം എന്നിവക്കും 20 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. ഈ തുകകള്‍ എല്ലാം യഥാവിധി ഉപയോഗിച്ചാല്‍ വയനാട്ടിലെ കുരുമുളക് ഉല്‍പാദനവും കയറ്റുമതിയും ഇന്ത്യയില്‍ ഒന്നാംസ്ഥാനത്താകും. എന്നാല്‍, ഉദ്യോഗസ്ഥരും ഇടനിലക്കാരും കൊഴുക്കുക മാത്രമാണ് സംഭവിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.