മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ചമഞ്ഞ് തട്ടിപ്പ്: മൂന്നുപേര്‍ പിടിയില്‍

വൈത്തിരി: മനുഷ്യാവകാശ പ്രവര്‍ത്തകരാണെന്ന് വിശ്വസിപ്പിച്ച് പലരില്‍നിന്നായി ലക്ഷങ്ങള്‍ തട്ടിയവരെ എസ്.ഐ എ.യു. ജയപ്രകാശിന്‍െറ നേതൃത്വത്തില്‍ വൈത്തിരി പൊലീസ് പിടികൂടി. ജില്ലയിലാകമാനം തട്ടിപ്പ് നടത്തിവന്ന പുല്‍പള്ളി സ്വദേശികളായ സജി ജോസ്, ഒ.ജി. ചന്ദ്രന്‍, കോട്ടയം സ്വദേശി എം.എന്‍. ബാബു എന്നിവരെയാണ് പിടികൂടിയത്. ഇവര്‍ ബത്തേരിയില്‍ വാടകക്ക് താമസിച്ച് വരുകയായിരുന്നു. മണ്ണുമാന്തി യന്ത്രമുപയോഗിച്ച് നിര്‍മാണപ്രവൃത്തികള്‍ നടത്തിവന്ന പഴയ വൈത്തിരി സ്വദേശിയായ റഫീഖിനെ ഇവര്‍ ഭീഷണിപ്പെടുത്തി. മനുഷ്യാവകാശ പ്രവര്‍ത്തകരാണെന്നും മണ്ണെടുത്ത് നിര്‍മാണപ്രവൃത്തി തുടര്‍ന്നാല്‍ തടയുമെന്നും ഒഴിവാക്കിത്തരണമെങ്കില്‍ 25,000 രൂപ നല്‍കണമെന്നും ആവശ്യപ്പെട്ടു. റഫീഖ് ആദ്യം 10,000 രൂപ നല്‍കി. എന്നാല്‍, ബാക്കി തുകക്ക് ഭീഷണി ഫോണ്‍ വിളികള്‍ വന്നപ്പോഴാണ് പൊലീസില്‍ പരാതിപ്പെടുന്നത്. ബാബു, സജി എന്നിവരുടെ പേരില്‍ അമ്പലവയല്‍ പൊലീസ് സ്റ്റേഷനിലും ചന്ദ്രന്‍െറ പേരില്‍ ബത്തേരി സ്റ്റേഷനിലും സമാനമായ കേസുണ്ട്. ‘പബ്ളിക് പീപ്ള്‍സ് കോണ്‍ഫെഡറേഷന്‍ ഓഫ് ഹ്യൂമന്‍ റൈറ്റ്സ് പ്രൊട്ടക്ഷന്‍’ എന്ന സംഘടനയുടെ ആളുകളാണ് തങ്ങളെന്നാണ് ഇവര്‍ വിശ്വസിപ്പിച്ചിരുന്നത്. വ്യാജ തിരിച്ചറില്‍കാര്‍ഡ് ഉണ്ടാക്കിയും വാഹനത്തില്‍ സ്റ്റിക്കര്‍ പതിച്ചുമാണ് തട്ടിപ്പ് നടത്തുന്നത്. ഈ വാഹനവും പിടിച്ചെടുത്തിട്ടുണ്ട്. ട്യൂമര്‍ ബാധിച്ച ബത്തേരി സ്വദേശിയായ കുട്ടിയുടെ വീട്ടുകാരെ ധനസഹായം വാങ്ങിത്തരാമെന്ന് തെറ്റിദ്ധരിപ്പിച്ച് രസീതുണ്ടാക്കി പണംതട്ടിയ കേസും ഇവര്‍ക്കെതിരെയുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.