കല്‍പറ്റ: ഭര്‍ത്താവുമായി ബന്ധമുള്ള യുവതിയെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ വീട്ടമ്മക്ക് ജീവപര്യന്തം തടവ്. മേപ്പാടി റിപ്പണ്‍ ആനടിക്കാപ്പ് കാട്ടുനായ്ക്ക കോളനിയിലെ മണിയുടെ മകള്‍ മീനാക്ഷിയെ (45) വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ റിപ്പണ്‍ അരമംഗലംചാല്‍ പള്ളിത്തറ ആന്‍റണിയുടെ ഭാര്യ വിക്ടോറിയ (ബീന)യെയാണ് ശിക്ഷിച്ചത്. വയനാട് സെഷന്‍സ് കോടതി ജഡ്ജി എം.ആര്‍. അനിതയുടേതാണ് വിധി. ഇന്ത്യന്‍ ശിക്ഷാനിയമം 302 വകുപ്പ് പ്രകാരം ജീവപര്യന്തം തടവിനും 10,000 രൂപ പിഴയും, 201 വകുപ്പുപ്രകാരം രണ്ടുവര്‍ഷം തടവിനും 5000 രൂപ പിഴയുമടക്കാനാണ് വിധി. പിഴയടച്ചില്ളെങ്കില്‍ ആറുമാസംകൂടി ശിക്ഷയനുഭവിക്കണം. 2011 നവംബര്‍ അഞ്ചിനാണ് കേസിനാസ്പദമായ സംഭവം. മൂപ്പൈനാട് വില്ളേജില്‍ പ്രതിയുടെ ഭര്‍ത്താവായ ആന്‍റണിയുടെ കൈവശമുള്ള ഭൂമിയിലെ ഷെഡില്‍ കിടക്കുകയായിരുന്ന മീനാക്ഷിയെ പ്രതി കോടാലികൊണ്ട് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന് മൂന്നുദിവസം മുമ്പാണ് മീനാക്ഷിയെ ആന്‍റണി ഷെഡിലേക്ക് കൂട്ടിക്കൊണ്ടുവന്നത്. വെട്ടാനുപയോഗിച്ച കോടാലി കഴുകിവൃത്തിയാക്കിയും മരിച്ച മീനാക്ഷിയുടെ മകന്‍െറ ഒരു ചെരിപ്പ് സംഭവസ്ഥലത്ത് കൊണ്ടുപോയി ഇടുകയുംചെയ്ത് കേസിന്‍െറ തെളിവ് നശിപ്പിക്കാന്‍ പ്രതി ശ്രമിച്ചിരുന്നു. കേസില്‍ 34 സാക്ഷികളെ വിസ്തരിച്ചു. കല്‍പറ്റ സി.ഐയായിരുന്ന കെ.കെ. അബ്ദുല്‍ ഷെരീഫാണ് കേസന്വേഷിച്ചത്. പ്രോസിക്യൂഷനുവേണ്ടി ജില്ലാ പബ്ളിക് പ്രോസിക്യൂട്ടര്‍ പി. അനുപമന്‍ ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.