കോടതി ഉത്തരവിന് പുല്ലുവില; ക്രഷര്‍ പ്രവര്‍ത്തനം തകൃതി

കല്‍പറ്റ: പ്രവര്‍ത്തനം നിര്‍ത്തിവെക്കണമെന്ന് കോടതി ഉത്തരവുനല്‍കിയിട്ടും ക്രഷര്‍ അടച്ചുപൂട്ടാന്‍ അധികൃതര്‍ നടപടി സ്വീകരിക്കുന്നില്ല. കൊളഗപ്പാറയില്‍ ജനവാസ മേഖലയോട് ചേര്‍ന്നുപ്രവര്‍ത്തിച്ചുവരുന്ന കനാന്‍ സാന്‍ഡ് എന്ന സ്ഥാപനം അടച്ചുപൂട്ടാന്‍ ഇക്കഴിഞ്ഞ ഒക്ടോബര്‍ 27ന് ഹൈകോടതി ഉത്തരവ് പുറപ്പെടുവിച്ചിട്ടും ആര്‍.ഡി.ഒ ഉള്‍പ്പെടെയുള്ളവര്‍ സ്വാധീനത്തിനുവഴങ്ങി നടപടിയെടുക്കുന്നില്ളെന്ന് സമീപവാസിയായ ലെയ്സ രഘു വാര്‍ത്താസമ്മേളനത്തില്‍ കുറ്റപ്പെടുത്തി. കൃഷ്ണഗിരി വില്ളേജിലെ സര്‍വേ നമ്പര്‍ 456ലെ 2.75 ഏക്കര്‍ സ്ഥലത്ത് മുട്ടത്ത് കുര്യാക്കോസിന്‍െറ ഉടമസ്ഥതയില്‍ പ്രവര്‍ത്തിച്ചുവരുന്ന ക്രഷര്‍ യൂനിറ്റ് ഉടന്‍ നിര്‍ത്തിവെക്കാനാണ് കോടതി ഉത്തരവിട്ടത്. സ്റ്റേ ഉത്തരവ് കോടതി ദൂതന്‍ മുഖേന അറിയിച്ചിട്ടും പ്രവൃത്തി തുടര്‍ന്നുവരുകയാണ്. ഉത്തരവ് പാലിക്കപ്പെട്ടതായി ഉറപ്പുവരുത്താന്‍ കേസില്‍ മൂന്നാം എതിര്‍കക്ഷിയായ ആര്‍.ഡി.ഒക്ക് കോടതി നിര്‍ദേശം നല്‍കിയിരുന്നു. ഉത്തരവിന്‍െറ കോപ്പി ജില്ലാ കലക്ടര്‍, ജില്ലാ പൊലീസ് മേധാവി ഉള്‍പ്പെടെയുള്ളവര്‍ക്ക് നല്‍കിയിട്ടും ഇക്കാര്യത്തില്‍ അനുകൂലനടപടി സ്വീകരിക്കുന്നില്ളെന്ന് പ്രശ്നപരിഹാരത്തിനായി കോടതിയെ സമീപിച്ച ലെയ്സ കുറ്റപ്പെടുത്തി. വീടിന്‍െറ 70 മീറ്റര്‍ മാത്രം അകലെയായാണ് ആറുമാസം മുമ്പ് ക്രഷര്‍ യൂനിറ്റ് സ്ഥാപിച്ചത്. കാപ്പിത്തോട്ടത്തിനു നടുവില്‍ നിയമംലംഘിച്ച് സ്ഥാപനം പ്രവര്‍ത്തനം തുടങ്ങിയപ്പോഴാണ് പ്രദേശവാസികള്‍ വിവരമറിഞ്ഞത്. രാവിലെ അഞ്ചുമുതല്‍ വൈകീട്ട് ഏഴുവരെയാണ് പ്രവര്‍ത്തനം. ഒരു മിനിറ്റില്‍ 1500 അടി കല്ല് 50 മീറ്റര്‍ ഉയരത്തില്‍നിന്ന് പൊട്ടിക്കുമ്പോള്‍ 110 ഡെസിബെല്‍ ശബ്ദമാണ് കാതില്‍ അലക്കുന്നത്. ഉഗ്രശബ്ദത്താല്‍ ജീവിതം ദുസ്സഹമായതോടെ പരിഹാരംതേടി അധികൃതരെ സമീപിക്കുകയായിരുന്നു. ഒട്ടേറെ ആദിവാസികള്‍ ഉള്‍പ്പെടെ 2000ത്തോളം പേര്‍ ഈ ക്രഷറിന് ചുറ്റുമായി താമസിക്കുന്നുണ്ട്. ഒരു ട്രൈബല്‍ സ്കൂളും ഇതിന് തൊട്ടടുത്തായി പ്രവര്‍ത്തിക്കുന്നു. ജനവാസമേഖലയില്‍ ഇത്തരത്തിലൊരു ക്രഷര്‍ യൂനിറ്റ് സ്ഥാപിക്കുമ്പോള്‍ സമീപവാസികളുടെ അഭിപ്രായം തേടിയിട്ടില്ല. ദൂരപരിധി നിബന്ധനങ്ങള്‍ തരിമ്പും പാലിച്ചിട്ടുമില്ല. മേഖലയിലെ ജനങ്ങള്‍ക്ക് കടുത്ത ആരോഗ്യപ്രശ്നങ്ങളാണിപ്പോള്‍. കല്ലു പൊട്ടിക്കുമ്പോഴുണ്ടാകുന്ന സിലിക്കയുടെ അംശം ശ്വസിച്ചാണ് ഗുരുതര ആരോഗ്യപ്രശ്നങ്ങളുണ്ടാകുന്നത്. കൃഷിനാശവുമേറെയാണ്. പരിസര മലിനീകരണവും ശബ്ദമലിനീകരണവും രൂക്ഷമായപ്പോള്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡിന് പരാതിനല്‍കിയിരുന്നു. എന്നാല്‍, കല്ലു പൊട്ടിച്ചുള്ള ശബ്ദമല്ല, കിളികളുടെ ശബ്ദമാണ് പ്രദേശത്തെന്നാണ് മലിനീകരണ നിയന്ത്രണ ബോര്‍ഡ് മറുപടി നല്‍കിയത്. ആദിവാസികളുള്‍പ്പെടെയുള്ള നാട്ടുകാര്‍ ജില്ലാ കലക്ടര്‍, ജില്ലാ പൊലീസ് മേധാവി, ആര്‍.ഡി.ഒ, തഹസില്‍ദാര്‍, മീനങ്ങാടി പൊലീസ് സ്റ്റേഷന്‍ തുടങ്ങിയ ഇടങ്ങളിലൊക്കെ പരാതിയുമായി ചെന്നെങ്കിലും ഒരിടത്തുനിന്നും നീതി കിട്ടിയില്ല. ക്രഷര്‍ പ്രവര്‍ത്തിപ്പിക്കാന്‍ സ്ഥലം പാട്ടത്തിന് നല്‍കിയ കല്‍പറ്റയിലെ പ്ളാന്‍ററെക്കണ്ട് ദുരിതങ്ങള്‍ വിശദീകരിച്ചെങ്കിലും വകവെച്ചില്ല. തുടര്‍ന്നാണ് കോടതിയെ സമീപിച്ചതെന്ന് ലെയ്സ പറഞ്ഞു. ഒടുവില്‍ കോടതി പ്രവര്‍ത്തനം നിര്‍ത്തിവെക്കണമെന്ന് ഉത്തരവുനല്‍കിയപ്പോള്‍ ആശ്വാസമായെങ്കിലും ജില്ലയിലെ മുഴുവന്‍ അധികാരികളിലേക്കും നീളുന്ന സ്വാധീനവുമായി ക്രഷര്‍ പ്രവര്‍ത്തനം തുടരുമ്പോള്‍ ഇനി ആരെയാണ് സമീപിക്കേണ്ടതെന്നും ഇവര്‍ ചോദിക്കുന്നു. കോടതി ഉത്തരവു നടപ്പാക്കാന്‍പോലും നടപടിയെടുക്കാത്തതിനെതിരെ കോടതിയലക്ഷ്യവുമായി മുന്നോട്ടുപോകാനൊരുങ്ങുകയാണ് താനെന്ന് ലെയ്സ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.