പി.വി. ജോണിന്‍െറ മരണം: സില്‍വിയുടെ മൊഴി പുറത്ത്

മാനന്തവാടി: തെരഞ്ഞെടുപ്പ് പരാജയത്തെ തുടര്‍ന്ന് ഡി.സി.സി സെക്രട്ടറി പി.വി. ജോണ്‍ ആത്മഹത്യചെയ്ത സംഭവത്തില്‍ ആരോപണവിധേയനായ മുന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റും ഡി.സി.സി ജന. സെക്രട്ടറിയുമായ സില്‍വി തോമസ് പൊലീസിന് നല്‍കിയ മൊഴി പുറത്ത്. തെരഞ്ഞെടുപ്പില്‍ തോറ്റതിന്‍െറ മനോവേദനയിലല്ല മരണമെന്നും ആത്മഹത്യചെയ്യാന്‍ മുന്‍കൂട്ടി തീരുമാനിച്ചതിന്‍െറ അടിസ്ഥാനത്തിലാണെന്നുമാണ് മൊഴി. വ്യക്തിപരവും കുടുംബപരവുമായ കാരണങ്ങളാണ് മരണത്തിന് കാരണമെന്ന് മൊഴിയില്‍ പറയുന്നു. വര്‍ഷങ്ങള്‍ക്കുമുമ്പ് ഭൂമിയുമായി ബന്ധപ്പെട്ട് ജോണിന്‍െറ പേരില്‍ വിവാദമുയര്‍ന്നിരുന്നു. ഈ സംഭവത്തിലെ കക്ഷി കെ.പി.സി.സിക്ക് പരാതിനല്‍കുകയും ഇതിന്‍െറ അടിസ്ഥാനത്തില്‍ നിയോഗിക്കപ്പെട്ട കമീഷനുമുന്നില്‍ പരാതിക്കാരന്‍ നല്‍കിയ മൊഴി പുറത്തുവരുമെന്ന് ഭയപ്പെട്ടിരുന്നു. ഇതില്‍ കടുത്ത മാനസിക സമ്മര്‍ദം ജോണിനെ അലട്ടിയിരുന്നു. നവംബര്‍ നാലിന് നടന്ന തെരഞ്ഞെടുപ്പ് അവലോകനയോഗത്തില്‍ തന്നെ പാഠംപഠിപ്പിക്കുമെന്ന് ഒരു ബ്ളോക് സെക്രട്ടറിയായ ഷറഫുദ്ദീനോട് പറഞ്ഞിരുന്നു. ഒരു മുന്‍ ഗ്രാമപഞ്ചായത്ത് അംഗവുമായി അദ്ദേഹത്തിനുണ്ടായിരുന്ന അടുത്തബന്ധം വീട്ടില്‍ പ്രശ്നങ്ങള്‍ക്കിടയാക്കിയിരുന്നു. 2007 മുതല്‍ താനും ജോണും തമ്മില്‍ അഭിപ്രായവ്യത്യാസം നിലനിന്നിരുന്നുവെന്നതടക്കമുള്ള കാര്യങ്ങള്‍ പൊലീസിന് നല്‍കിയ മൊഴിയിലുണ്ട്. അതേസമയം, ഈ മൊഴി കേസ് മറ്റൊരു ദിശയിലേക്ക് മാറ്റാനുള്ള ഗൂഢതന്ത്രത്തിന്‍െറ ഭാഗമാണെന്ന് ജോണുമായി അടുത്ത് ബന്ധപ്പെട്ടവര്‍ ആരോപിക്കുന്നു. സില്‍വിക്കും ഡി.സി.സി പ്രസിഡന്‍റിനുമെതിരെ നിലനില്‍ക്കുന്ന ആരോപണങ്ങള്‍ വഴിതിരിച്ചുവിടാനാണ് ഇപ്പോഴത്തെ നീക്കം. ഇതിനെതിരെ കെ.പി.സി.സി അന്വേഷണ കമീഷന് പരാതി നല്‍കുമെന്നും ഇവര്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.