തെരഞ്ഞെടുപ്പ് തോല്‍വി: കെ.പി.സി.സി അന്വേഷണ കമീഷന്‍ 20ന് ജില്ലയില്‍

മാനന്തവാടി: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനുണ്ടായ പരാജയത്തെക്കുറിച്ച് അന്വേഷിക്കുന്ന കെ.പി.സി.സിയുടെ ഏകാംഗ കമീഷന്‍ നവംബര്‍ 20ന് തെളിവെടുപ്പിനായി വയനാട്ടിലത്തെും. കെ.പി.സി.സി സെക്രട്ടറി വി. നാരായണനാണ് എത്തുന്നത്. വിജയസാധ്യതയുണ്ടായിരുന്ന മാനന്തവാടി, ബത്തേരി നഗരസഭ, തവിഞ്ഞാല്‍, തൊണ്ടര്‍നാട്, പടിഞ്ഞാറത്തറ, തരിയോട്, പൂതാടി, പുല്‍പള്ളി, മുള്ളന്‍കൊല്ലി, ബത്തേരി ബ്ളോക് പഞ്ചായത്ത് തുടങ്ങിയ സ്ഥലങ്ങളില്‍ ഭരണം നഷ്ടപ്പെടാനുണ്ടായ സാഹചര്യങ്ങളെക്കുറിച്ച് കമീഷന്‍ തെളിവെടുപ്പ് നടത്തും. പാര്‍ട്ടി നേതൃത്വത്തിന്‍െറ വീഴ്ചയാണ് ഇത്തരം സ്ഥലങ്ങളില്‍ പരാജയത്തിന് കാരണമെന്ന് ആരോപണം നിലനില്‍ക്കുന്നുണ്ട്. അതുകൊണ്ടുതന്നെ നേതൃത്വങ്ങള്‍ക്കെതിരെ നിരവധി പരാതികള്‍ കമീഷനു മുന്നിലത്തൊന്‍ സാധ്യതയുണ്ട്. ഈ പഞ്ചായത്തുകളില്‍ പാര്‍ട്ടിക്ക് സീറ്റ് നഷ്ടപ്പെടാനുണ്ടായ സാഹചര്യങ്ങളെക്കുറിച്ച് മണ്ഡലം, ബ്ളോക്, ഡി.സി.സി ഭാരവാഹികളില്‍നിന്നും പോഷകസംഘടന ഭാരവാഹികളില്‍നിന്നും പ്രധാന പ്രവര്‍ത്തകരില്‍നിന്നും പരാതി സ്വീകരിക്കുകയും തെളിവെടുപ്പ് നടത്തുകയും ചെയ്യും. ഇതിന്‍െറ അടിസ്ഥാനത്തില്‍ ഉടന്‍തന്നെ കെ.പി.സി.സിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. അതേസമയം, വയനാട്ടില്‍ ഗ്രാമപഞ്ചായത്ത് തലത്തില്‍ വന്‍ പരാജയം ഏറ്റുവാങ്ങിയ സാഹചര്യത്തില്‍ ഒറ്റ ദിവസംമാത്രം കെ.പി.സി.സി നടത്തുന്ന അന്വേഷണം പ്രഹസനമായി മാറുമെന്ന് ഒരുവിഭാഗം ആരോപണം ഉന്നയിച്ചുകഴിഞ്ഞു. അന്വേഷണം നേരിടാന്‍ സാധ്യതയുള്ള പലരെയും രക്ഷിക്കുന്നതിന്‍െറ ഭാഗമായാണ് ഒറ്റ ദിവസം മാത്രം അന്വേഷണ പ്രഹസനം നടത്തി കമീഷന്‍ റിപ്പോര്‍ട്ട് തയാറാക്കാന്‍ ശ്രമിക്കുന്നതെന്നും ആക്ഷേപമുയര്‍ന്നുകഴിഞ്ഞു. ഈ സാഹചര്യത്തില്‍ പ്രവര്‍ത്തകരുടെ വികാരത്തിനനുസരിച്ചുള്ള നടപടിയുണ്ടാകുമെന്ന പ്രതീക്ഷ അസ്ഥാനത്താവുന്നതായി ഒരുവിഭാഗം പ്രവര്‍ത്തകര്‍ ആരോപണമുന്നയിക്കുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.