കാരാപ്പുഴ നിര്‍മാണ പ്രവൃത്തി പൂര്‍ത്തീകരിക്കണം: സമരം ഇന്ന്

സുല്‍ത്താന്‍ ബത്തേരി: കാരാപ്പുഴ പദ്ധതി പ്രദേശത്തെ നിര്‍മാണപ്രവൃത്തികള്‍ പൂര്‍ത്തീകരിക്കണമെന്നാവശ്യപ്പെട്ട് സി.പി.എം നേതൃത്വത്തില്‍ രൂപവത്കരിച്ച ആക്ഷന്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ തിങ്കളാഴ്ച കാരാപ്പുഴ പദ്ധതി അസി. എന്‍ജിനീയറുടെ ഓഫിസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മാര്‍ച്ച് രാവിലെ 11ന് ആരംഭിക്കും. പദ്ധതി പ്രദേശത്തെ താമസക്കാര്‍ യാത്രാസൗകര്യം ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ലഭിക്കാതെ വര്‍ഷങ്ങളായി പ്രയാസത്തിലാണ്. പദ്ധതിയുടെ നിര്‍മാണ സാമഗ്രികള്‍ കൊണ്ടുവരുന്നതിന് 1976-77 കാലഘട്ടത്തില്‍ നിലവിലുണ്ടായിരുന്ന വാഴവറ്റ- കാരാപ്പുഴ- അമ്പലവയല്‍ റോഡ് ജലസേചന വകുപ്പ് ഏറ്റെടുത്ത് ഗതാഗത യോഗ്യമാക്കിയതാണ്. ഇപ്പോഴും റോഡ് ജലസേചന വകുപ്പിന് കീഴിലാണ്. കാലാകാലങ്ങളായി അറ്റകുറ്റപ്പണി നടത്താതെ റോഡ് തകര്‍ന്നു. കാല്‍നടയാത്രപോലും അസാധ്യമായി. റോഡ് ഏറ്റെടുത്തശേഷം ഒരിക്കല്‍മാത്രമാണ് വീണ്ടും ടാറിങ് നടത്തിയത്. നിര്‍മാണം പൂര്‍ത്തിയാവാത്ത പാലത്തില്‍നിന്ന് കഴിഞ്ഞവര്‍ഷം ഓട്ടോറിക്ഷ ഡാമിലേക്ക് മറിഞ്ഞ് കുട്ടി മരിച്ചിരുന്നു. പ്രദേശവാസികള്‍ നിരന്തരം ആവശ്യപ്പെട്ടിട്ടും റോഡിന്‍െറ അറ്റകുറ്റപ്പണി നടത്താന്‍ ജലസേചന വകുപ്പ് തയാറാവുന്നില്ല. കഴിഞ്ഞ ഏപ്രിലില്‍ ടെന്‍ഡര്‍ ക്ഷണിച്ചെങ്കിലും തുക കുറഞ്ഞതിനാല്‍ പ്രവൃത്തിയേറ്റെടുക്കാന്‍ ആരും മുന്നോട്ട് വന്നില്ല. ദിവസം നൂറുകണക്കിന് വിനോദ സഞ്ചാരികള്‍ കാരാപ്പുഴയില്‍ എത്തുന്നുണ്ട്. എന്നാല്‍, ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടില്ല. അഞ്ചുകോടി ചെലവില്‍ ഉദ്യാനം മോടിപിടിപ്പിക്കുമെന്ന് അധികൃതര്‍ പ്രഖ്യാപിച്ചെങ്കിലും കുറച്ച് ചെടികള്‍ നടുക മാത്രമാണ് ചെയ്തത്. അണക്കെട്ടിന് പിന്നില്‍ പാലം നിര്‍മിച്ചെങ്കിലും അപ്രോച്ച് റോഡില്ല. മുന്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ ഏഷ്യയിലെ ഏറ്റവുംവലിയ അക്വേറിയം സ്ഥാപിക്കുന്നതിന് സ്ഥലം അക്വയര്‍ ചെയ്ത് കെട്ടിടം നിര്‍മിച്ചെങ്കിലും തുടര്‍ പ്രവര്‍ത്തനങ്ങളില്ലാത്തതിനാല്‍ കെട്ടിടം നാശത്തിന്‍െറ വക്കിലാണ്. പദ്ധതി പ്രദേശത്തെ ജനങ്ങളെ അവഗണിക്കുന്ന ജലസേചന വകുപ്പിന്‍െറയും സര്‍ക്കാറിന്‍െറയും നിലപാടില്‍ പ്രതിഷേധിച്ചാണ് സി.പി.എം അടിവാരം ബ്രാഞ്ചിന്‍െറ നേതൃത്വത്തില്‍ ആക്ഷന്‍ കമ്മിറ്റി രൂപവത്കരിച്ച് പ്രക്ഷോഭം ആരംഭിക്കുന്നത്. കണ്‍വീനര്‍ പി.ജി. സെബാസ്റ്റ്യന്‍, കെ.കെ. രാജന്‍, പി.ടി. തങ്കച്ചന്‍, പി.ഡി. ബിനൊ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.