തൊഴിലും കൂലിയും ഇല്ല; തൊഴിലാളികള്‍ ദുരിതത്തില്‍

മാനന്തവാടി: നഗരസഭകളായി ഉയര്‍ത്തപ്പെട്ടതോടെ മാനന്തവാടിയിലും സുല്‍ത്താന്‍ ബത്തേരിയിലും തൊഴിലുറപ്പ് പദ്ധതിപ്രകാരം ജോലി ചെയ്തവര്‍ക്ക് ലഭിച്ചുകൊണ്ടിരുന്ന തൊഴില്‍ നഷ്ടമായതിനു പുറമെ രണ്ടര മാസം ജോലി ചെയ്തതിന്‍െറ കൂലിയും ലഭിക്കാത്ത അവസ്ഥയായി. ഒക്ടോബര്‍ 15 മുതലുള്ള രണ്ടരമാസം മാനന്തവാടിയില്‍ 300 തൊഴിലാളികള്‍ ജോലി ചെയ്തതിന് 28,78,000 ലക്ഷം രൂപയാണ് കൂലി കുടിശ്ശിക ഇനത്തില്‍ ലഭിക്കാനുള്ളത്. ബത്തേരിയില്‍ ഇതേ കാലയളവില്‍ 118 തൊഴിലാളികള്‍ക്ക് 8,72,000 ലക്ഷം രൂപയും ലഭിക്കാനുണ്ട്. കുടിശ്ശിക തുക ലഭിക്കാനായി തൊഴിലാളികള്‍ ദിവസവും നഗരസഭാ ഓഫിസുകള്‍ കയറിയിറങ്ങി മടുത്തിരിക്കുകയാണ്. എന്ന് കൂലി ലഭിക്കുമെന്ന് പറയാനാകാതെ ഉദ്യോഗസ്ഥരും വിഷമിക്കുന്നു. അതിനിടെ, 186 കോടി രൂപ ലഭിച്ചതായും ജനുവരി ഒന്നുമുതല്‍ കൂലി വിതരണം ചെയ്യുമെന്നും എന്‍.ആര്‍.ഇ.ജി.എ ജില്ലാ പ്രോഗ്രാം കോഓഡിനേറ്റര്‍ സി.വി. ജോയി പറഞ്ഞു. അതേസമയം, നഗരസഭകളായതോടെ അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിപ്രകാരം ജോലി ലഭിക്കുമോ എന്ന ആശങ്കയിലാണ് തൊഴിലാളികള്‍. ഇതുവരെ ഈ പദ്ധതിയുടെ പ്രാഥമിക നടപടിക്രമങ്ങള്‍പോലും ആരംഭിച്ചിട്ടില്ല. പഞ്ചായത്തായിരുന്നപ്പോള്‍ ജോലി ചെയ്തിരുന്ന ജീവനക്കാര്‍ ഇപ്പോഴും ഇതേ തസ്തികയില്‍ ജോലി ചെയ്യുന്നുണ്ടെങ്കിലും അയ്യങ്കാളി പദ്ധതി എന്നാരംഭിക്കുമെന്ന് അവര്‍ക്കും പറയാന്‍ കഴിയാത്ത സ്ഥിതിയാണ്. ആദിവാസി വിഭാഗത്തില്‍ ഉള്‍പ്പെട്ടവരടക്കമുള്ള തൊഴിലാളികള്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. തൊഴില്‍ ലഭ്യമാക്കിയില്ളെങ്കില്‍ തൊഴില്‍വേതനം നല്‍കണമെന്നാണ് നിയമം. ഈ നിയമമനുസരിച്ച് നിവേദനം നല്‍കുകയും ചെയ്തു. മാനന്തവാടിയില്‍ 7327 പേര്‍ക്ക് തൊഴില്‍ കാര്‍ഡ് വിതരണം ചെയ്തിരുന്നു. ബത്തേരിയില്‍ 5893 പേര്‍ക്ക് തൊഴില്‍ കാര്‍ഡ് വിതരണം ചെയ്തിരുന്നു. ഇവര്‍ക്കാണ് ഇപ്പോള്‍ തൊഴിലില്ലാതായിരിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.