വെള്ളമുണ്ട: താമസം തുടങ്ങി നീണ്ട 25 വര്‍ഷം പിന്നിട്ടിട്ടും പതിച്ചുകിട്ടിയ ഭൂമിക്ക് രേഖ ലഭിക്കാതെ പന്തിപ്പൊയില്‍ ബപ്പനം അംബേദ്കര്‍ കോളനി. ബാണാസുര സാഗര്‍ രക്ഷാപ്രവര്‍ത്തനത്തിനിടയില്‍ മരണപ്പെട്ട കോളനിയിലെ ബാബുവിന്‍െറ കുടുംബത്തിനും 25ലധികം ആദിവാസി കുടുംബങ്ങള്‍ക്കും കോളനി സന്ദര്‍ശിക്കാനത്തെിയ മുഖ്യമന്ത്രിയടക്കമുള്ളവരോട് പറയാനുണ്ടായിരുന്നതും തങ്ങളുടെ ഭൂമിക്ക് പട്ടയമടക്കമുള്ള രേഖകള്‍ നല്‍കണമെന്നാണ്. 1980ല്‍ ബാണാസുര സാഗര്‍ ഡാം നിര്‍മാണത്തിന് വേണ്ടി കുടിയൊഴിപ്പിക്കപ്പെട്ട പണിയ, കാട്ടുനായ്ക്ക വിഭാഗങ്ങളില്‍ നിന്നുള്ള 25 കുടുംബങ്ങളെയാണ് ബപ്പനംമലയില്‍ 50 സെന്‍റ് വീതം നല്‍കി പുനരധിവസിപ്പിച്ചത്. പിന്നീട് വിവിധ പദ്ധതികളില്‍ ഉള്‍പ്പെടുത്തി എല്ലാവര്‍ക്കും വീടും അനുവദിച്ചു. എന്നാല്‍, പതിച്ചുകിട്ടിയ ഭൂമിക്ക് ഒരു രേഖയും സര്‍ക്കാര്‍ നല്‍കിയിട്ടില്ല. ഇതുകാരണം വിവിധ സര്‍ക്കാര്‍ പദ്ധതികള്‍ക്ക് അപേക്ഷ കൊടുക്കേണ്ടി വരുമ്പോള്‍ ഓരോ തവണയും താല്‍കാലിക സര്‍ട്ടിഫിക്കറ്റ് വാങ്ങേണ്ടിവരുന്നു. കിടന്നുറങ്ങുന്ന ഭൂമി സ്വന്തമാണെന്ന് തെളിയിക്കാന്‍ നിരന്തരമായി ഓഫിസുകള്‍ കയറിയിറങ്ങേണ്ടിവരുന്നതായി ആദിവാസികള്‍ പറഞ്ഞു. ബാണാസുര സാഗറില്‍ അപകടത്തില്‍പ്പെട്ട് മരിച്ച ബാബുവിന്‍െറ കുടുംബത്തെ തിങ്കളാഴ്ച സന്ദര്‍ശിക്കാനത്തെിയ ജില്ലാ കലക്ടര്‍ക്കും കോളനിവാസികള്‍ പരാതി നല്‍കി. ജനുവരി രണ്ടാമത്തെ ആഴ്ചയോടെ കോളനിയില്‍ അദാലത്ത് സംഘടിപ്പിച്ച് പരാതിക്ക് പരിഹാരം കാണുമെന്ന് ജില്ലാ കലക്ടര്‍ കേശവേന്ദ്രകുമാര്‍ ‘മാധ്യമ’ത്തോട് പറഞ്ഞു. ഭൂമി അളന്ന് തിരിച്ച് എല്ലാവര്‍ക്കും കൈവശ രേഖ നല്‍കും. പട്ടയം കിട്ടുന്നതിന് സര്‍ക്കാറിന് ഫയല്‍ സമര്‍പ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.