സുല്‍ത്താന്‍ ബത്തേരി: അഴിമതി ആരോപണങ്ങളിലും കോടികളുടെ നഷ്ടത്തിലും മുങ്ങിനില്‍ക്കുന്ന സുല്‍ത്താന്‍ ബത്തേരി കാര്‍ഷിക ഗ്രാമവികസന ബാങ്കിന്‍െറ വിവാദമായ ഓഫിസ് ഉദ്ഘാടന ചടങ്ങിന് മന്ത്രിമാരും എം.പിയും എത്തിയില്ല. കോണ്‍ഗ്രസ് ഭരിക്കുന്ന ബാങ്കിന്‍െറ പരിപാടിയില്‍ നിന്നും പാര്‍ട്ടി നേതാക്കളും പ്രവര്‍ത്തകരും വിട്ടുനിന്നു. മുഖം രക്ഷിക്കാനത്തെിയ ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എയാണ് നവീകരിച്ച ഓഫിസ് ഉദ്ഘാടനം നടത്തിയത്. കാര്‍ഷിക ഗ്രാമവികസന ബാങ്കിലെ വഴിവിട്ട നടപടികളെ ചൊല്ലി പാര്‍ട്ടി നേതൃത്വത്തിനും ബന്ധപ്പെട്ട മന്ത്രിമാര്‍ക്കും പാര്‍ട്ടി അണികളില്‍ നിന്നുതന്നെ പരാതികള്‍ നല്‍കിയിരുന്നു. പ്രശ്നത്തില്‍ ‘എ’, ‘ഐ’ ഗ്രൂപ്പുകള്‍ ഒന്നിച്ചതോടെ കടക്കെണിയിലും ആര്‍ഭാടപൂര്‍വം സംഘടിപ്പിച്ച ചടങ്ങ് ശുഷ്കമായി. സദസ്സിലും കസേരകള്‍ ഒഴിഞ്ഞുകിടന്നു. ഇടതുപക്ഷം തിരിഞ്ഞുനോക്കിയതുമില്ല. മുന്‍ ഡി.സി.സി ട്രഷറര്‍ കെ.കെ. ഗോപിനാഥന്‍ മാസ്റ്റര്‍ ചെയര്‍മാനായ ഡയറക്ടര്‍ ബോര്‍ഡിനെതിരെ ഗുരുതര അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ജീവനക്കാരുടെ നിയമനത്തില്‍ വന്‍ അഴിമതി നടന്നതായി ഡയറക്ടര്‍ ബോര്‍ഡ് അംഗമായ ഷാജി ചുള്ളിയോട് സ്ഥിരീകരിച്ചെങ്കിലും ഇദ്ദേഹത്തെ പുറത്താക്കുകയായിരുന്നു. ബാങ്കില്‍ നടന്ന 23 നിയമനങ്ങളില്‍ ക്രമക്കേട് നടന്നതായും ബാങ്ക് നാലരക്കോടിയോളം രൂപ നഷ്ടത്തിലാണെന്നും ഓഡിറ്റ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചിരുന്നു. ബാങ്ക് നഷ്ടത്തിലേക്ക് കൂപ്പുകുത്തുന്നതിനിടയിലാണ് ബത്തേരി ഗാന്ധി ജങ്ഷനിലെ കണ്ണോത്ത് ബില്‍ഡിങ്ങില്‍ പ്രതിമാസം 50,000 രൂപ നിരക്കില്‍ കെട്ടിടം വാടകക്കെടുത്ത് 28 ലക്ഷം രൂപ മുടക്കി നവീകരിച്ച് പുതിയ ഓഫിസ് തുറക്കാന്‍ തീരുമാനിച്ചത്. ഡയറക്ടര്‍ ബോര്‍ഡിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ മറികടക്കാന്‍ മന്ത്രിമാരായ സി.എന്‍. ബാലകൃഷ്ണനെയും പി.കെ. ജയലക്ഷ്മിയെയും എം.ഐ. ഷാനവാസ് എം.പിയെയും മറ്റും പങ്കെടുപ്പിച്ച് ഉദ്ഘാടനം ഗംഭീരമാക്കാനായിരുന്നു പരിപാടി. ഗ്രൂപ് ഭേദമെന്യേ അണികളില്‍ നിന്നുള്ള സമ്മര്‍ദം മുറുകിയതോടെ മന്ത്രിമാരും എം.പിയും ചടങ്ങില്‍ പങ്കെടുക്കുന്നതില്‍ നിന്നും വിട്ടുനിന്നു. മലയോര വികസന ഏജന്‍സി വൈസ് ചെയര്‍മാനും മുന്‍ എം.എല്‍.എയുമായ എന്‍.ഡി. അപ്പച്ചനും കോണ്‍ഗ്രസ് ജില്ലാ, ബ്ളോക്, മണ്ഡലം പ്രസിഡന്‍റുമാരും പരിപാടി ബഹിഷ്കരിച്ചു. പാര്‍ട്ടി പ്രവര്‍ത്തകരില്‍ ബഹുഭൂരിഭാഗവും വിട്ടുനിന്നു. ബാങ്ക് ചെയര്‍മാന്‍ കെ.കെ. ഗോപിനാഥന്‍ മാസ്റ്റര്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന കാര്‍ഷിക വികസന ബാങ്ക് പ്രസിഡന്‍റ് സോളമന്‍ അലക്സ്, ജനറല്‍ മാനേജര്‍ ഇന്‍ ചാര്‍ജ് അപര്‍ണ പ്രതാപ്, വൈസ് പ്രസിഡന്‍റ് ഭാസ്കരന്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.