സുല്‍ത്താന്‍ ബത്തേരി: കോഴിക്കോട്-മൈസൂരു-കൊല്ലഗല്‍ ദേശീയപാതയില്‍ കര്‍ണാടക അതിര്‍ത്തിക്കപ്പുറം വന്‍ വികസനം. കേരളത്തിലുള്‍പ്പെടുന്ന ഭാഗത്താവട്ടെ, സംസ്ഥാന പാതയുടെ നിലവാരം പോലുമില്ലാതെ കടുത്ത അവഗണന. 271 കിലോമീറ്റര്‍ പാതയില്‍ കോഴിക്കോട് മുതല്‍ പൊന്‍കുഴിക്കടുത്ത സംസ്ഥാനാതിര്‍ത്തിവരെ 117 കി.മീ. റോഡാണ് വികസനം മുടങ്ങി അവഗണനയിലായത്. കര്‍ണാടകയുടെ പരിധിയില്‍ വരുന്ന 154 കി.മീ. റോഡില്‍ നാലുവരിപ്പാത പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്നു. റോഡ് മധ്യത്തില്‍ ഡിവൈഡര്‍ സ്ഥാപിച്ച് ഹൈമാസ്റ്റ് ലൈറ്റുകള്‍ സംവിധാനിക്കാനുള്ള പ്രവൃത്തിയും പുരോഗമിക്കുകയാണ്. അതിവേഗത്തിലാണ് പ്രവൃത്തി നടക്കുന്നത്. സംസ്ഥാന പാതയായിരുന്ന ഈ റോഡ് 1999ല്‍ ദേശീയപാതയായി ഉയര്‍ത്തിയെങ്കിലും കാര്യമായ വികസനം നടന്നിട്ടില്ല. താമരശ്ശേരി, കല്‍പറ്റ, സുല്‍ത്താന്‍ ബത്തേരി പട്ടണങ്ങളോടനുബന്ധിച്ച് ബൈപാസ് റോഡ് നിര്‍മിക്കാന്‍ 2009ല്‍ പദ്ധതി ആവിഷ്കരിച്ചെങ്കിലും കഴിഞ്ഞ ആറുവര്‍ഷത്തിനിടയില്‍ കല്‍പറ്റയില്‍ മാത്രമാണ് ബൈപാസ് യാഥാര്‍ഥ്യമായത്. ബത്തേരിയിലും താമരശ്ശേരിയിലും റോഡ് നിര്‍മാണത്തിനാവശ്യമായ ഭൂമി ഏറ്റെടുക്കല്‍ പോലും തുടങ്ങിയിട്ടില്ല. ബത്തേരിയില്‍ ആറ് കോടി രൂപ ഇതിനുവേണ്ടി അനുവദിച്ചെങ്കിലും തുടര്‍ നടപടികള്‍ ചുവപ്പുനാടയിലാണ്. ബംഗളൂരു വില്‍ബര്‍ സ്മിത്ത് അസോസിയേഷന്‍ തയാറാക്കിയ രൂപരേഖ പ്രകാരം 2010ല്‍ സ്ഥലമേറ്റെടുക്കാനുള്ള വിജ്ഞാപനമൊരുങ്ങിയെങ്കിലും നടപടികള്‍ പാതിവഴിയില്‍ നിലച്ചു. 275.74 കോടി രൂപ സ്ഥലമെടുപ്പിനും 292 കോടി രൂപ റോഡ് നിര്‍മാണത്തിനും പദ്ധതിയില്‍ വകയിരുത്തിയിരുന്നു. പദ്ധതിയുടെ ഭാഗമായി വയനാടന്‍ ചുരത്തിലെ മുടിപ്പിന്‍ വളവുകള്‍ പരമാവധി നിവര്‍ത്താനും പദ്ധതിയിട്ടിരുന്നു. 2012ല്‍ ചുരത്തിലെ രണ്ട്, നാല്, ഒമ്പത് വളവുകള്‍ ഏറെ ഫലപ്രദമായ നിലയില്‍ ഇന്‍റര്‍ലോക്ക് ചെയ്തതാണ് ടാറിങ്ങിനപ്പുറം നടന്ന ഏക വികസന പ്രവൃത്തി. ബാക്കി ആറ് വളവുകള്‍ കൂടി ഇന്‍റര്‍ലോക്ക് ചെയ്യാന്‍ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കി എഗ്രിമെന്‍റ് വെച്ചെങ്കിലും കരാറുകാരും ചില ഉദ്യോഗസ്ഥരും ചേര്‍ന്ന് അട്ടിമറിക്കുകയായിരുന്നു. കുന്ദമംഗലം, കാരന്തൂര്‍, കൊടുവള്ളി, താമരശ്ശേരി, കല്‍പറ്റ ടൗണുകള്‍ക്ക് പിന്നാലെ ഇപ്പോള്‍ ബത്തേരിയിലും മീനങ്ങാടിയിലും ഡ്രെയിനേജ് കം ഫുട്പാത്ത് നിര്‍മാണം പുരോഗമിക്കുന്നുണ്ട്. ദേശീയപാതയില്‍ കേരള, കര്‍ണാടക അതിര്‍ത്തിയായ പൊന്‍കുഴി മുതല്‍ ഗുണ്ടല്‍പേട്ട വരെയുള്ള ഭാഗത്താണ് ഇപ്പോള്‍ ആകര്‍ഷകമായ നാലുവരിപ്പാത ഒരുങ്ങുന്നത്. ഗുണ്ടല്‍പേട്ട മുതല്‍ കൊല്ലഗല്‍ വരെ നേരത്തേ തന്നെ വികസനം പൂര്‍ത്തിയായിരുന്നു. പൊന്‍കുഴിയില്‍ തുടങ്ങി കോഴിക്കോട് വരെ പ്രത്യേകിച്ചും വയനാട്ടില്‍ ദേശീയപാതയുടെ അവസ്ഥ സംസ്ഥാന പാതയുടെ നിലവാരത്തിലും താഴെയാണ്. കര്‍ണാടക വഴി നിത്യേന കേരളത്തിലേക്കത്തെുന്ന ആയിരക്കണക്കിന് ടൂറിസ്റ്റുകള്‍ക്ക് കേരളത്തിന്‍െറ പിന്നാക്കാവസ്ഥ ബോധ്യപ്പെടുന്ന സ്ഥിതിയിലാണ് അതിര്‍ത്തിയില്‍ റോഡിന്‍െറ സംഗമസ്ഥാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.