സ്വയംസഹായ പുനരധിവാസ പദ്ധതിയില്‍ കാടിറങ്ങിയ ‘ലക്ഷാധിപതി'കള്‍ക്ക് ദുരിതജീവിതം

സുല്‍ത്താന്‍ ബത്തേരി: നാലുവശവും വനത്താല്‍ ചുറ്റപ്പെട്ട വടക്കനാട് പള്ളിവയലില്‍ വലിച്ചുകെട്ടിയ പ്ളാസ്റ്റിക് ഷീറ്റുകള്‍ക്ക് കീഴില്‍ ടാര്‍പായ കൊണ്ട് മറച്ച കുടിലുകളില്‍ ‘ലക്ഷാധിപതി’കള്‍ ജീവിതം തള്ളിനീക്കുന്നു. കേന്ദ്ര സര്‍ക്കാറിന്‍െറ സ്വയം സഹായ പുനരധിവാസ പദ്ധതിയില്‍ കുറിച്യാട് വനമേഖലയില്‍നിന്ന് കുടിയൊഴിപ്പിക്കപ്പെട്ട കാട്ടുനായ്ക്ക കുടുംബങ്ങളാണ് വന്യജീവികള്‍ക്ക് നടുവില്‍ യാതൊരു സുരക്ഷിതത്വവുമില്ലാതെ അനിശ്ചിതമായി ദുരിതജീവിതം നയിക്കുന്നത്. വര്‍ഷങ്ങളായി അവഗണിക്കപ്പെട്ടിരുന്ന കുറിച്യാട് വനമേഖലയില്‍ പെട്ടെന്നാണ് പദ്ധതി നടപ്പാക്കിയത്. കോളനി നിവാസിയായ ബാബുരാജ് എന്ന യുവാവിനെ കടുവ കൊന്നുതിന്ന സംഭവമാണ് പദ്ധതി പൊടുന്നനെ നടപ്പാക്കാന്‍ കാരണമായത്. ഓരോ കുടുംബത്തിനും മിനിമം പത്തുലക്ഷം രൂപയും കുടുംബത്തിലെ പ്രായപൂര്‍ത്തിയായവര്‍ക്കും ശാരീരിക, മാനസിക വൈകല്യമുള്ളവര്‍ക്കും പുറമെ പത്ത് ലക്ഷം വീതവുമാണ് പുനരധിവാസ പദ്ധതിയില്‍ ലഭിക്കുക. ആദിവാസികള്‍ അല്ലാത്തവര്‍ക്ക് നേരിട്ട് പണം ലഭിക്കും. ആദിവാസികള്‍ക്കാവട്ടെ സ്ഥലം വാങ്ങി വീട് വെച്ചു നല്‍കുകയാണ് ചെയ്യുക. കുറിച്യാട് കോളനിയിലെ കാട്ടുനായ്ക്ക കുടുംബങ്ങള്‍ക്ക് പള്ളിവയലില്‍ സ്ഥലമെടുത്ത് നല്‍കുകയായിരുന്നു. ട്രൈബല്‍ ഫണ്ടില്‍ വീട് നല്‍കാമെന്നായിരുന്നു വാഗ്ദാനം. കിട്ടിയ തുക എത്രയെന്നോ, ഭൂമിക്ക് വേണ്ടി ചെലവഴിച്ചതെത്രയെന്നോ മിക്കവര്‍ക്കും അറിയില്ല. വന്യജീവികള്‍ക്കിടയില്‍ നിന്ന് രക്ഷതേടി പുറത്തുവന്നവര്‍ക്ക് കയറിക്കിടക്കാന്‍ വീടില്ലാതായി. വന്യജീവി ഭീഷണിക്ക് ഇവിടെയും കുറവില്ല. മുനിസിപ്പാലിറ്റി തെരഞ്ഞെടുപ്പിന്‍െറ തലേന്ന് മണ്ണുമാന്തി യന്ത്രവുമായി വന്ന ചില രാഷ്ട്രീയ നേതാക്കള്‍ എല്ലാവര്‍ക്കും വീട് അനുവദിച്ചതായി പ്രഖ്യാപിച്ച് തറയിടാന്‍ മണ് നിരപ്പാക്കിയിരുന്നു. പലയിടത്തും ഷീറ്റ് മേഞ്ഞ കുടിലുകള്‍ ഇതിനുവേണ്ടി പൊളിച്ചുനീക്കി. വോട്ടെടുപ്പിന് ശേഷം ഇവരെ പിന്നീട് കണ്ടില്ളെന്നാണ് ഇവിടെ ഭൂമി ലഭിച്ച ചെടയന്‍, വെള്ളന്‍, ബാബു, ബാബുരാജ് തുടങ്ങിയവരുടെ പരാതി. കുറിച്യാട്ടെ മുന്‍ താമസ സ്ഥലത്തേക്ക് തിരിച്ചുപോകാനും കഴിയാത്ത ഗതികേടിലാണിവരിപ്പോള്‍.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.