സുല്‍ത്താന്‍ ബത്തേരി: ബത്തേരി ടൗണില്‍ ദേശീയപാതയുടെ ഇരുവശങ്ങളിലുമായി നടപ്പാക്കുന്ന രണ്ടേമുക്കാല്‍ കോടി രൂപയുടെ അഴുക്കുചാല്‍ പദ്ധതി തികച്ചും അശാസ്ത്രീയമാണെന്ന് വിലയിരുത്തല്‍. നിലവിലുള്ള അഴുക്കുചാല്‍ ആഴംകൂട്ടിയാണ് പുതിയതിന്‍െറ നിര്‍മാണം. അതോടെ ഈ അഴുക്കുചാലുകളില്‍ നിന്നും മലിനജലം പുറത്തേക്കൊഴുക്കേണ്ട ചാലുകള്‍ ഏറെ ഉയരത്തിലാവും. മലിനജലം ഒഴുക്കിവിടാനാവാതെ അഴുക്കുചാലില്‍ കെട്ടിനില്‍ക്കുന്ന അവസ്ഥയാണ് ഇതുമൂലമുണ്ടാവുക. എലി, കൊതുക് തുടങ്ങിയവയുടെ ശല്യം ഇരട്ടിക്കും. പൊതുജനാരോഗ്യത്തിനും ഇത് ഭീഷണിയാവും. ടൗണ്‍ മധ്യത്തിലൂടെ കടന്നുപോകുന്ന ദേശീയപാതയോരത്ത് മാത്രമാണ് ആഴംകൂട്ടി അഴുക്കുചാല്‍ വരിക. ഉപറോഡുകളിലേക്കുള്ള ചാലുകള്‍ ആഴം കൂട്ടുന്നില്ല. മാനിക്കുനി മുതല്‍ ടൗണിലേക്കൊഴുകിയത്തെുന്ന മഴവെള്ളവും അഴുക്കുചാലിലെ മലിനജലവും നിലവില്‍ മാനിക്കുനിവയല്‍ ഭാഗത്തേക്ക് ഉപചാലുകളിലൂടെ ഒഴുകിയത്തെി അവിടെനിന്ന് കൈപ്പഞ്ചേരിയിലേക്ക് തിരിച്ചുവിടുകയാണ് ചെയ്യുന്നത്. രണ്ടേമുക്കാല്‍ കോടി ചെലവ് കണക്കാക്കുന്ന പദ്ധതിയില്‍ അഞ്ചിനും പത്തിനുമിടയില്‍ അന്യസംസ്ഥാന തൊഴിലാളികള്‍ മാത്രമാണ് പണിയെടുക്കുന്നത്. ഇവരുടെ പ്രവൃത്തിക്കാവട്ടെ യാതൊരുവിധ മേല്‍നോട്ടവുമില്ല. കരാറുകാരനോ, ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥരോ ഈ വഴിക്ക് വരാറില്ല. നാട്ടുകാരോ, ജനപ്രതിനിധികളോ ഇടപെട്ട് സംസാരിച്ചാലും അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് മനസ്സിലാവില്ല. മനസ്സിലായാലും അവര്‍ പ്രതികരിക്കില്ല. പദ്ധതി മേല്‍നോട്ടത്തിന് രൂപവത്കരിച്ച ജനകീയ മോണിറ്ററിങ് കമ്മിറ്റി പരാതി നല്‍കാനോ, പരിഹാരം കാണാനോ വഴിയില്ലാതെ പിന്മാറിയ അവസ്ഥയാണ്. വാട്ടര്‍ ലെവല്‍ ക്രമീകരിച്ച് അഴുക്കുചാല്‍ നിര്‍മിക്കണമെന്ന നിര്‍ദേശവും നടപ്പായിട്ടില്ല. പദ്ധതിയിലെ മെല്ളെപ്പോക്ക് കാരണം പല വ്യാപാര സ്ഥാപനങ്ങളും മാസങ്ങളായി അടച്ചിട്ടിരിക്കുകയാണ്. പ്രശ്നം എം.എല്‍.എയുടെ ശ്രദ്ധയില്‍പ്പെടുത്തിയതായും പരിഹാരം തേടി ജനുവരി ഏഴിന് ബന്ധപ്പെട്ട വകുപ്പുകളുടെയും ജനപ്രതിനിധികളുടെയും അവലോകന യോഗം വിളിച്ചതായും ബത്തേരി മുനിസിപ്പല്‍ ചെയര്‍മാന്‍ സി.കെ. സഹദേവന്‍ ‘മാധ്യമ’ത്തോട് പറഞ്ഞു. ദേശീയപാത അതോറിറ്റിക്ക് കീഴിലുള്ള സ്ഥലത്തു മാത്രമേ വികസന പ്രവൃത്തി നടത്താന്‍ കഴിയൂവെന്നും ഉപചാലുകളുടെ വികസനം മുനിസിപ്പാലിറ്റി നിര്‍വഹിക്കേണ്ടി വരുമെന്നും എന്‍.എച്ച് അസി. എക്സി. എന്‍ജിനീയര്‍ അറിയിച്ചു. മുനിസിപ്പാലിറ്റിക്ക് അടുത്ത മാര്‍ച്ചില്‍ മാത്രമേ പദ്ധതി അനുവദിക്കാന്‍ കഴിയൂ. ഇതിന് ഫണ്ടും പ്രശ്നമാവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.