തിരുനെല്ലിയില്‍ കുടിവെള്ളം കിട്ടാക്കനി

തിരുനെല്ലി: കേരള വാട്ടര്‍ അതോറിറ്റിയുടെ ജലസംഭരണി നോക്കുകുത്തിയായതോടെ നിരവധി കുടുംബങ്ങള്‍ കുടിവെള്ളം ലഭിക്കാതെ വലയുന്നു. 10 വര്‍ഷം മുമ്പാണ് വാട്ടര്‍ അതോറിറ്റിയുടെ കുടിവെള്ള പദ്ധതി തിരുനെല്ലിയില്‍ കമീഷന്‍ ചെയ്തത്. കമീഷന്‍ ചെയ്യുന്നതിന് മൂന്ന് വര്‍ഷം മുമ്പാണ് കുടിവെള്ള വിതരണത്തിനുള്ള ഇരുമ്പുപൈപ്പ് ഇറക്കിയത്. ഇത് മുഴുവനും തുരുമ്പെടുത്ത് നശിച്ച സ്ഥിതിയിലാണ്. മണ്ണില്‍ കുഴിച്ചിട്ട പൈപ്പ് കാളിന്ദി പുഴയില്‍നിന്ന് വെള്ളം അടിച്ച് നിറക്കുമ്പോഴുള്ള മര്‍ദം താങ്ങാന്‍ കഴിയാതെ പൊട്ടുകയാണ്. അതിനാല്‍, വെള്ളം റോഡിലേക്കൊഴുകുന്നത് നിത്യസംഭവമാണ്. തുരുമ്പെടുത്ത പൈപ്പുകള്‍ മാറ്റാന്‍ അധികൃതര്‍ നടപടിയെടുക്കാത്തതിനാലാണ് മിക്ക ദിവസങ്ങളിലും കുടിവെള്ളം ലഭിക്കാത്തതെന്നാണ് കുടുംബങ്ങള്‍ പറയുന്നത്. എരുവക്കി, നിട്ടറ, മന്ദനം, ഗുണ്ടികപറമ്പ്, അറവനാഴി, സര്‍വാണി എന്നീ പ്രദേശങ്ങളിലും മുന്നൂറോളം കുട്ടിള്‍ പഠിക്കുന്ന തിരുനെല്ലി ആശ്രമം ഹോസ്റ്റല്‍, ക്ഷേത്രം ട്രസ്റ്റിന്‍െറ നിരവധി ലോഡ്ജുകള്‍, മറ്റു കെട്ടിടങ്ങള്‍ എന്നിവിടങ്ങളിലൊക്കെ നിത്യോപയോഗത്തിന് ഈ വെള്ളമാണ് ആശ്രയം. ക്ഷേത്രത്തിലേക്ക് വരുന്ന നൂറുകണക്കിന് ഭക്തര്‍ താമസിക്കുന്ന കെട്ടിടങ്ങളിലും വെള്ളമില്ളെന്നും പരാതിയുണ്ട്. ഗുണഭോക്താക്കള്‍ ചോദിക്കുമ്പോള്‍ പലതരത്തിലുള്ള കാരണങ്ങളാണ് അധികൃതര്‍ പറയുന്നത്. തിരുനെല്ലി ക്ഷേത്രത്തിന്‍െറ സമീപത്തുള്ള കുന്നിന്മുകളിലാണ് ലക്ഷങ്ങള്‍ മുടക്കി നിര്‍മിച്ച കുടിവെള്ള ടാങ്കുള്ളത്. അടിയന്തരമായി ജലക്ഷാമം പരിഹരിക്കാനുള്ള നടപടി അധികൃതര്‍ സ്വീകരിച്ചില്ളെങ്കില്‍ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് നാട്ടുകാര്‍ മുന്നറിയിപ്പ് നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.