അപകടമുഖങ്ങളില്‍ അത്താണിയായി  തുര്‍ക്കി ജീവന്‍ രക്ഷാസമിതി

വെള്ളമുണ്ട: അപകട മരണങ്ങളിലും തിരച്ചിലിലും ഈ സംഘത്തിന്‍െറ സേവനം എത്ര പറഞ്ഞാലും മതിയാവില്ല.  ഫയര്‍ഫോഴ്സ് ഇറങ്ങാന്‍ മടിക്കുന്ന സ്ഥലങ്ങളിലടക്കം ജീവന്‍ പണയംവെച്ച് മുങ്ങിയാണ് ഈ യുവകൂട്ടായ്മ ഏറെക്കാലമായി മാതൃകയാവുന്നത്. പടിഞ്ഞാറത്തറ 13ാംമൈലില്‍ ബുധനാഴ്ചയുണ്ടായ അപകടത്തിലും തിരച്ചിലിന് നേതൃത്വം നല്‍കിയത് തുര്‍ക്കി പ്രവര്‍ത്തകരാണ്. കൂട്ടുകാര്‍ക്കൊപ്പം കുളിക്കാനിറങ്ങി അപകടത്തില്‍പെട്ട റഊഫിന്‍െറയും രക്ഷിക്കാനിറങ്ങിയ ബാബുവിന്‍െറയും മൃതദേഹം മുങ്ങിയെടുത്തത് ഈ സംഘമാണ്.  പ്രസിഡന്‍റ് ഹാരിസിന്‍െറയും സെക്രട്ടറി ലാല്‍പുത്രയുടെയും നേതൃത്വത്തിലാണ് സംഘമത്തെിയത്. റിയാസ്, സെജീര്‍, സി.പി. റിയാസ്, ഷാഹിദ്, ഷൈജു, മുത്ത്, ഹംസ, നിസാര്‍, നൗഷാദ്, ശിഹാബ്, തസ്ലി, നിഷാദ്, അസീസ്, അഷറഫ്, നാസര്‍, ഷാഫി എന്നിവരുടെ സംഘമാണ് തിരച്ചില്‍ നടത്തിയത്.  ബാണാസുര സാഗര്‍, കാരാപ്പുഴ ഡാമുകളില്‍ മുമ്പുണ്ടായ നിരവധി അപകടങ്ങളിലും കാലവര്‍ഷക്കെടുതിയിലെ അപകടങ്ങളിലും ഈ സംഘത്തിന്‍െറ സേവനങ്ങളാണ് ഏറെ ആശ്വാസമായത്.  അപകടഘട്ടങ്ങളില്‍ വെള്ളത്തിലിറങ്ങാതെ മേല്‍നോട്ടം നല്‍കുന്ന ഫയര്‍ഫോഴ്സ് ജീവനക്കാര്‍ക്കെതിരെ എല്ലാ തവണയും വിമര്‍ശങ്ങള്‍ ഉയരാറുണ്ട്.  പടിഞ്ഞാറത്തറയിലെ അപകടത്തിലും നാട്ടുകാര്‍ പ്രതിഷേധം അറിയിച്ചിരുന്നു. വെള്ളക്കെട്ട് അപകടങ്ങള്‍ക്കുള്ള പരിശീലനം ലഭിക്കാത്തതാണ് ഫയര്‍ഫോഴ്സ് ജീവനക്കാര്‍ക്ക് തിരിച്ചടിയാകുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.