സ്വകാര്യ ആശുപത്രികളിലെ മെഡിക്കല്‍ സ്റ്റോറുകളില്‍ പരിശോധനയില്ല

മാനന്തവാടി: വേണ്ടത്ര ജീവനക്കാര്‍ ഇല്ലാത്തതിനാല്‍ സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ മെഡിക്കല്‍ സ്റ്റോറുകളില്‍ പരിശോധന നടക്കാത്തത് ഗുരുതര പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നു. സേഫ് കേരളയുടെ ഭാഗമായും അല്ലാതെയും ലാബുകള്‍, സ്കാനിങ് സെന്‍ററുകള്‍ എന്നിവിടങ്ങളില്‍ ആരോഗ്യ വകുപ്പിന്‍െറ പരിശോധനകള്‍ നടക്കുന്നുണ്ടെങ്കിലും മരുന്നുകളുടെ ഗുണനിലവാരം പരിശോധിക്കാന്‍ ഇവര്‍ക്ക് അധികാരമില്ലാത്തതുമൂലം ഫാര്‍മസികളില്‍ പരിശോധന നടത്താറില്ല. ഡ്രഗ് ഇന്‍സ്പെക്ടര്‍മാരാണ് ഫാര്‍മസികളില്‍ പരിശോധന നടത്തുന്നത്. സംസ്ഥാനത്ത് 45 ഡ്രഗ് ഇന്‍സ്പെക്ടര്‍മാര്‍ മാത്രമാണുള്ളത്. നിയമപ്രകാരം 100 ഫാര്‍മസികള്‍ക്ക് ഒരു ഇന്‍സ്പെക്ടര്‍ ഉണ്ടാകണം. വയനാട്ടില്‍മാത്രം സ്വകാര്യ ആശുപത്രികളുടെതുള്‍പ്പെടെ 300 ഫാര്‍മസികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ജില്ലയില്‍ ഒരു ഡ്രഗ് ഇന്‍സ്പെക്ടര്‍ മാത്രമാണുള്ളത്. അതുകൊണ്ടുതന്നെ സ്വകാര്യ മെഡിക്കല്‍ ഷോപ്പുകളില്‍ മാത്രമാണ് പരിശോധന നടക്കുന്നത്. പരാതികള്‍ ഉയരുമ്പോള്‍മാത്രമാണ് സ്വകാര്യ ആശുപത്രികളിലെ മെഡിക്കല്‍ സ്റ്റോറുകളില്‍ പരിശോധന നടത്തുന്നത്. നടവയലിലെ സ്വകാര്യ ആശുപത്രിയില്‍ മരുന്ന് മാറിനല്‍കി കുട്ടി മരിച്ച സംഭവം വലിയ വിവാദമാവുകയും ഡ്രഗ്സ് വിഭാഗം നടത്തിയ പരിശോധനയില്‍ കാലാവധി കഴിഞ്ഞതും ഗുണനിലവാരമില്ലാത്ത മരുന്നുകള്‍ കണ്ടത്തെുകയും ആശുപത്രി അധികൃതര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തിരുന്നു. വര്‍ഷത്തില്‍ ഒരുതവണയെങ്കിലും ആശുപത്രി മെഡിക്കല്‍ സ്റ്റോറുകളില്‍ പരിശോധന നടത്തണമെന്നാണ് നിര്‍ദേശം. എന്നാല്‍, ഇത് പലപ്പോഴും നടക്കാറില്ല. ലൈസന്‍സ് ഇല്ലാതെ മരുന്നുകള്‍ സൂക്ഷിക്കുകയും വില്‍പന നടത്തുന്ന സ്വകാര്യ ആശുപത്രികളും നിരവധിയാണ്. മരുന്ന് മൊത്തവിതരണ കേന്ദ്രങ്ങളില്‍ നടത്തുന്ന പരിശോധനയില്‍ കൂടുതല്‍ മരുന്നുകള്‍ വാങ്ങുന്ന സ്ഥാപനങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ അത്തരം സ്ഥാപനങ്ങളില്‍ പരിശോധന നടത്തുകയാണ് ഡ്രഗ് ഇന്‍സ്പെക്ടര്‍മാര്‍ ചെയ്യുന്നത്. ഇത്തരം പരിശോധനകളില്‍നിന്ന് രക്ഷപ്പെടാന്‍ പല സ്ഥാപനങ്ങളുടെ പേരിലും ബില്ല് വാങ്ങിയാണ് സ്വകാര്യ ആശുപത്രികള്‍ തട്ടിപ്പ് നടത്തുന്നത്. ജീവനക്കാരുടെ കുറവ് നികത്തണമെന്ന് സര്‍ക്കാറിനോട് പലതവണ ആവശ്യപ്പെട്ടിട്ടും നടപടികളുണ്ടാകുന്നില്ളെന്നാണ് ഡ്രഗ് ഇന്‍സ്പെക്ടര്‍മാരുടെ സംഘടനയുടെ പ്രധാന പരാതി. കൂടുതല്‍ ജീവനക്കാരെ നിയമിക്കുകയോ ഇല്ളെങ്കില്‍ മെഡിക്കല്‍ ഷോപ്പുകള്‍ പരിശോധിക്കാന്‍ ആരോഗ്യവകുപ്പ് ജീവനക്കാര്‍ക്ക് അധികാരം നല്‍കുകയോ ചെയ്താലേ നിലവില്‍ മരുന്നു വ്യാപാരരംഗത്ത് നടക്കുന്ന ചൂഷണങ്ങള്‍ക്ക് അറുതിവരുത്താനാകൂ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.