ബന്ദിപ്പൂരിലെ രാത്രിയാത്രാ നിരോധം: രാവിലെയോടെ വാഹനങ്ങള്‍ ചീറിപ്പായുന്നു

സുല്‍ത്താന്‍ ബത്തേരി: ദേശീയപാത 212ലെ രാത്രിയാത്രാ നിരോധത്തിന്‍െറ രക്തസാക്ഷികളായി നാല് അയ്യപ്പഭക്തര്‍ കൂടി. വ്യാഴാഴ്ച പുലര്‍ച്ചെ ആറുമണിക്ക് യാത്രാനിരോധം അവസാനിച്ചയുടന്‍ ഉണ്ടായ വാഹനത്തിരക്കാണ് മുഖ്യമായും അപകടത്തിന് കാരണമായത്. രാത്രിയാത്ര നിരോധിച്ച ബന്ദിപ്പൂര്‍ വനമേഖലയിലാണ് അപകടം നടന്നത്. സംഭവത്തില്‍ നാല് അയ്യപ്പഭക്തര്‍ തല്‍ക്ഷണം മരിച്ചു. അഞ്ചുപേര്‍ക്ക് പരിക്കേറ്റു. ശബരിമല ദര്‍ശനം കഴിഞ്ഞത്തെിയ അയ്യപ്പഭക്തര്‍ സഞ്ചരിച്ച ടവേര കാര്‍ ഏറെ നേരത്തേ മൂലഹള്ള ചെക്പോസ്റ്റിലത്തെിയെങ്കിലും കടത്തിവിട്ടില്ല. മുന്നിലും പിന്നിലുമായി നൂറിലധികം വാഹനങ്ങളാണ് യാത്രാനിരോധം അവസാനിക്കുന്ന ആറുമണിയാവാന്‍ കാത്തുകെട്ടിക്കിടന്നത്. അതേസമയം, ബന്ദിപ്പൂര്‍ വനമേഖലയുടെ മറുഭാഗത്ത് മദ്ദൂര്‍ ചെക്പോസ്റ്റിലും ഒട്ടേറെ വാഹനങ്ങള്‍ കാത്തുകിടക്കുന്നുണ്ടായിരുന്നു. നിരോധം അവസാനിച്ച ആറുമണിക്ക് ഇരു ഭാഗങ്ങളില്‍നിന്നും വാഹനങ്ങളുടെ കുത്തൊഴുക്കായിരുന്നു. സുല്‍ത്താന്‍ ബത്തേരി ഭാഗത്തു നിന്നും തുംകൂരിലേക്ക് പോവുകയായിരുന്ന കെ.എ. 34 എം. 4266 ടവേര കാര്‍ മുന്നിലുണ്ടായിരുന്ന ലോറിയെ മറികടക്കുന്നതിനിടയില്‍ മൈസൂരുവില്‍ നിന്നും ബത്തേരിയിലേക്ക് വരുകയായിരുന്ന കെ.എല്‍.73.492 ചരക്ക് ലോറിയില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ടവേരയുടെ മുന്‍ഭാഗത്തുണ്ടായിരുന്നവര്‍ റോഡിലേക്ക് തെറിച്ചുവീണു. കാറിന്‍െറ മുന്‍ഭാഗം നിശ്ശേഷം തകര്‍ന്നു. യുവാക്കളായ അയ്യപ്പഭക്തരുടെ മരണം നാലു കുടുംബങ്ങളുടെ പ്രതീക്ഷകളാണ് തകര്‍ത്തത്. ബന്ദിപ്പൂര്‍ വനമേഖലയില്‍ രാത്രിയാത്രാ നിരോധം നിലവില്‍ വന്ന ശേഷം ആകെ ജീവനാശം നേരിട്ട വന്യജീവികളെക്കാര്‍ കൂടുതല്‍ മനുഷ്യര്‍ അപകടങ്ങളില്‍ മരണപ്പെട്ടിട്ടുണ്ട്. വന്യജീവികള്‍ കൂടുതലായി സഞ്ചരിക്കുന്ന സന്ധ്യാസമയത്തും പുലര്‍ച്ചക്കും വാഹനങ്ങളുടെ മരണപ്പാച്ചിലിനാണ് നിരോധം വഴിവെച്ചിട്ടുള്ളത്. ബന്ദിപ്പൂര്‍ വനമേഖലയിലെ രാത്രിയാത്രാ നിരോധം തികച്ചും അശാസ്ത്രീയമാണെന്ന് ഡോ. ഈസാ അടക്കമുള്ള വിദഗ്ധരും ചൂണ്ടിക്കാണിച്ചിരുന്നു. വിവാദ രാത്രിയാത്രാ നിരോധ പ്രശ്നം സുപ്രീംകോടതിയില്‍ അനിശ്ചിതമായി നീളുകയാണ്. കേരള, കര്‍ണാടക സര്‍ക്കാറുകള്‍ കൂടിയാലോചിച്ച് ഫലപ്രദമായ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കണമെന്ന സുപ്രീംകോടതിയുടെ മാര്‍ഗനിര്‍ദേശവും അവഗണിക്കപ്പെടുകയാണ്. ജനസംരക്ഷണവും വന്യജീവി സംരക്ഷണവും കടംകഥയാക്കിയ രാത്രിയാത്രാ നിരോധം ആറുവര്‍ഷം പിന്നിടുമ്പോഴും പ്രശ്നപരിഹാരത്തിന് ഫലപ്രദമായ നടപടികളില്ല. കേരള, കര്‍ണാടക സര്‍ക്കാറുകളും ഉത്തരവാദപ്പെട്ട ജനപ്രതിനിധികളും കുറ്റകരമായ മൗനം തുടരുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.