പ്രകൃതി സംരക്ഷണ നിയമം കാക്കാന്‍ പരിസ്ഥിതി സംഘടനകള്‍ ഒറ്റക്കെട്ട്

കല്‍പറ്റ: പ്രകൃതി സംരക്ഷണ നിയമങ്ങള്‍ അട്ടിമറിക്കാനുള്ള കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ നീക്കങ്ങള്‍ക്കെതിരെ വയനാട്ടിലെ പരിസ്ഥിതി സംഘടനകള്‍ ഒന്നിച്ച് പോരാടും. ജൈവവൈവിധ്യ ബോര്‍ഡ് മുന്‍ ചെയര്‍മാനും ഗാഡ്ഗില്‍ കമ്മിറ്റി അംഗവുമായ ഡോ. വി.എസ്. വിജയന്‍െറ സാന്നിധ്യത്തില്‍ എം.ജി.ടി ഹാളില്‍ ചേര്‍ന്ന പരിസ്ഥിതി രംഗത്ത് പ്രവര്‍ത്തിക്കുന്ന സംഘടനാ പ്രതിനിധികളുടെ യോഗത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനമായത്. ബഹുനില കെട്ടിട നിര്‍മാണത്തിനു നിയന്ത്രണം ഏര്‍പ്പെടുത്തി ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ എന്ന നിലയില്‍ ജില്ലാ കലക്ടര്‍ ജൂണ്‍ 30ന് പുറപ്പെടുവിച്ച ഉത്തരവ് ദുര്‍ബലപ്പെടുത്താനുള്ള ഏതു നീക്കത്തെയും നിയമപരമായി നേരിടാന്‍ തീരുമാനിച്ചു. പരിസ്ഥിതി സംരക്ഷണ പരിപാടികളില്‍ വ്യക്തികളുടെയും സംഘടനകളുടെയും പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിന് പരിസ്ഥിതി ഐക്യസമിതി ജില്ലാ ഘടകത്തിന് യോഗം രൂപം നല്‍കി. 1980ലെ വനസംരക്ഷണ നിയമം ഭേദഗതി ചെയ്യരുതെന്ന് കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. കോടതി ഉത്തരവുകള്‍പോലും കാറ്റില്‍പ്പറത്തി ഖനന മാഫിയയെ സഹായിക്കുന്ന സര്‍ക്കാര്‍ നിലപാടില്‍ യോഗം പ്രതിഷേധിച്ചു. പരിസ്ഥിതി സംരക്ഷണ നിയമങ്ങള്‍ അട്ടിമറിക്കുന്നതിന് ഉന്നതതലങ്ങളില്‍ നടക്കുന്ന ഗൂഢാലോചനകള്‍ തിരിച്ചറിയണമെന്ന് യോഗം വിലയിരുത്തി. ഡോ. പി.ജി. ഹരി (മനുഷ്യാവകാശ സാംസ്കാരിക വേദി) അധ്യക്ഷത വഹിച്ചു. ഡോ. ലളിത വിജയന്‍ (ഡോ. സലിം അലി ഫൗണ്ടേഷന്‍), എന്‍. ബാദുഷ, ബാബു മൈലമ്പാടി, ടി.കെ. ഹസന്‍, ജസ്റ്റിന്‍ പ്രകാശ്, കെ. രാധാകൃഷ്ണലാല്‍ (വയനാട് പ്രകൃതി സംരക്ഷണ സമിതി), അബു പൂക്കോട്, സക്കീര്‍ ഹുസൈന്‍ (ഗ്രീന്‍ ക്രോസ്), പി.ടി. പ്രേമാനന്ദ് (സി.പി.ഐ-എം.എല്‍), വര്‍ഗീസ് വട്ടേക്കാട്ടില്‍ (പശ്ചിമഘട്ട സംരക്ഷണ ഏകോപന സമിതി), ബാലന്‍ പൂതാടി (നാഷനല്‍ ആദിവാസി ഫെഡറേഷന്‍), സണ്ണി പടിഞ്ഞാറത്തറ (ബാണാസുര പ്രകൃതി സംരക്ഷണ സമിതി), എം.എം. അഗസ്റ്റിന്‍ (ആര്‍ഷ ഭാരത്), പി.ആര്‍. കൃഷ്ണന്‍കുട്ടി, പി.സി. മാത്യു (ലോഹ്യ വിചാര്‍ വേദി), സി.കെ. വിഷ്ണുദാസ്, ടി.ആര്‍. സുമ (പരിസ്ഥിതി ശാസ്ത്രജ്ഞര്‍), പി.എ. അജയന്‍, കെ.എന്‍. രജീഷ് (ഫേണ്‍സ്, മാനന്തവാടി), എം.എന്‍. അയ്യപ്പന്‍, വി. വേലായുധന്‍ (തൃക്കൈപ്പറ്റ പ്രകൃതി സംരക്ഷണ സമിതി) എന്നിവര്‍ സംസാരിച്ചു. വയനാട് പ്രകൃതി സംരക്ഷണ സമിതി സെക്രട്ടറി തോമസ് അമ്പലവയല്‍ സ്വാഗതം പറഞ്ഞു. പരിസ്ഥിതി ഐക്യസമിതി ജില്ലാ കമ്മിറ്റി അംഗങ്ങളായി ഡോ. സി.കെ. വിഷ്ണുദാസ്. ഡോ. പി.ജി. ഹരി, തോമസ് അമ്പലവയല്‍, സക്കീര്‍ ഹുസൈന്‍, പി.എ. അജയന്‍, ജസ്റ്റിന്‍ പ്രകാശ് എന്നിവരെ തെരഞ്ഞെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.