കുറുവ ഇക്കോ ടൂറിസം സെന്‍റര്‍ ജീവനക്കാര്‍ പണിമുടക്കിലേക്ക്

കല്‍പറ്റ: വിവിധ ആവശ്യങ്ങളുന്നയിച്ച് ഡിസംബര്‍ 12ന് കുറുവ ഇക്കോ ടൂറിസം സെന്‍ററിലെ ജീവനക്കാര്‍ സൂചനാ പണിമുടക്ക് നടത്തുമെന്ന് സി.ഐ.ടി.യു നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഡെസ്റ്റിനേഷന്‍ മാനേജ്മെന്‍റ് കൗണ്‍സില്‍ (ഡി.എം.സി) ജീവനക്കാര്‍ക്ക് ലഭിക്കുന്ന വേതനം വി.എസ്.എസ് ജീവനക്കാര്‍ക്കും അനുവദിക്കുക, തൊഴില്‍ സുരക്ഷ ഉറപ്പുവരുത്തുക, ഇ.പി.എഫ് ആനുകൂല്യം, ഇന്‍ഷുറന്‍സ് പരിരക്ഷ എന്നിവ ഉറപ്പുവരുത്തുക, ജീവനക്കാരുടെ തസ്തിക നിജപ്പെടുത്തുക, അര്‍ഹതപ്പെട്ട ജീവനക്കാരെ സ്ഥിരപ്പെടുത്തുക, ശമ്പളം എല്ലാ മാസവും അഞ്ചിന് മുമ്പ് ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പണിമുടക്ക്. പ്രശ്നത്തിന് ശാശ്വത പരിഹാരം കണ്ടില്ളെങ്കില്‍ ഈ മാസം അവസാനത്തോടെ അനിശ്ചിതകാല പണിമുടക്കിലേക്ക് നീങ്ങാന്‍ നിര്‍ബന്ധിതരാകും. 2009ല്‍ ആരംഭിച്ച കുറുവ ഇക്കോ ടൂറിസം സെന്‍റര്‍ വനംവകുപ്പിന് കീഴിലാണ് പ്രവര്‍ത്തിക്കുന്നത്. ഇവിടെയുള്ള 41 ജീവനക്കാരില്‍ 32 പേരും ആദിവാസി വിഭാഗത്തിലുള്ളവരാണ്. കോടിക്കണക്കിന് രൂപ വനംവകുപ്പിന് ലാഭമുണ്ടാക്കുന്ന ഇവര്‍ ഇപ്പോഴും 400 രൂപ ദിവസക്കൂലിക്കാണ് ജോലിചെയ്യുന്നത്. ഇ.പി.എഫ് ആനുകൂല്യമോ ഇന്‍ഷുറന്‍സ് പരിരക്ഷയോ ലഭിക്കുന്നില്ല. മഴക്കാലമായാല്‍ അഞ്ചുമാസത്തോളം തൊഴില്‍ ലഭിക്കില്ല. എന്നാല്‍, സമാന മേഖലകളില്‍ ജോലിചെയ്യുന്ന മറ്റു ജീവനക്കാര്‍ക്ക് മെച്ചപ്പെട്ട ശമ്പളവും കുറുവയിലെ വരുമാനത്തിന്‍െറ 15 ശതമാനം ഇന്‍സെന്‍റിവും നല്‍കുന്നുണ്ട്. ഇവര്‍ക്ക് വര്‍ഷം മുഴുവന്‍ ജോലിയും നല്‍കുന്നു. ഡി.എം.സി ജീവനക്കാര്‍ക്ക് ഈ ആനുകൂല്യങ്ങളെല്ലാം നല്‍കുമ്പോഴും വനംവകുപ്പില്‍ ജോലിചെയ്യുന്നവരോട് വനംവകുപ്പ് വിമുഖത കാണിക്കുകയാണ്. വനം വകുപ്പിന് കീഴിലുള്ള തൊഴിലാളികള്‍ നേരിടുന്ന അവഗണന ചൂണ്ടിക്കാണിച്ച് 2013, 2014 വര്‍ഷങ്ങളില്‍ മുഖ്യമന്ത്രി, വകുപ്പ് മന്ത്രി എന്നിവര്‍ക്ക് നിവേദനം നല്‍കിയെങ്കിലും ഒരു നടപടിയുമുണ്ടായില്ല. ആദിവാസി തൊഴിലാളികള്‍ ചൂഷണത്തിനിരയാകുന്നത് കാണിച്ച് മന്ത്രി പി.കെ. ജയലക്ഷ്മിക്കും നിവേദനം നല്‍കിയിരുന്നു. അതും അവഗണിച്ചു. വാര്‍ത്താസമ്മേളനത്തില്‍ പി.വി. സഹദേവന്‍, ഇ.എ. ശങ്കരന്‍, പി.ജെ. ഷിബു, സി.കെ. സനീഷ് എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.