കല്‍പറ്റ: സുല്‍ത്താന്‍ ബത്തേരി-കേണിച്ചിറ-പനമരം വഴി മാനന്തവാടിയിലേക്കുള്ള കെ.എസ്.ആര്‍.ടി.സി ബസ് സര്‍വിസുകള്‍ തകര്‍ക്കാന്‍ അധികൃതര്‍തന്നെ ശ്രമിക്കുകയാണെന്ന് കേണിച്ചിറ ബസ് പാസഞ്ചേഴ്സ് വെല്‍ഫെയര്‍ അസോസിയേഷന്‍ പ്രസിഡന്‍റ് എം.കെ. പ്രദീപ്, സെക്രട്ടറി വി.എസ്. പങ്കജാക്ഷന്‍, വൈസ് പ്രസിഡന്‍റ് ടോമി ദേവസ്യ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. ബത്തേരി എ.ടി.ഒയും ആര്‍.ടി.ഒയും സ്വകാര്യ ബസുകള്‍ക്ക് അനുകൂലമായാണ് നടപടികളെടുക്കുന്നത്്. സ്വകാര്യ ബസുകളുടെ പുറകില്‍ ഒന്നും രണ്ടും മിനിറ്റുകള്‍മാത്രം സമയം കൊടുത്താണ് കെ.എസ്.ആര്‍.ടി.സി ബസുകള്‍ക്ക് അനുമതിനല്‍കുന്നത്. ഇങ്ങനെ ഓടിയിട്ടും കലക്ഷന്‍ കിട്ടുന്നതോടെ കെ.എസ്.ആര്‍.ടി.സിയുടെ സമയം വീണ്ടും വീണ്ടും മാറ്റുകയാണ്. ജീവനക്കാരെ ഇടക്കിടെ മാറ്റിയും പഴഞ്ചന്‍ ബസുകളോടിച്ചും കെ.എസ്.ആര്‍.ടി.സി സര്‍വിസുകളെ ഇല്ലാതാക്കുകയാണ്. 2009ല്‍ പത്ത് സര്‍വിസുകള്‍ ആരംഭിക്കുന്നതിന് ചീഫ് ഓഫിസില്‍നിന്ന് ഉത്തരവുണ്ടായെങ്കിലും നടപ്പാക്കിയില്ല. മാനന്തവാടി ഡിപ്പോയുടെ ഉദ്ഘാടന വേളയില്‍ മാനേജിങ് ഡയറക്ടര്‍ വിളിച്ച യോഗത്തില്‍ എല്ലാ ചെയിന്‍ സര്‍വിസുകളും ആരംഭിക്കണമെന്ന് നിര്‍ദേശം നല്‍കിയിരുന്നു. ഇതിനാവശ്യമായ ബസുകളും ജീവനക്കാരെയും ഏറ്റെടുത്ത് സര്‍വിസ് ആരംഭിക്കണമെന്ന നിര്‍ദേശം നടപ്പാക്കാതിരിക്കാന്‍ ഉത്തരവാദപ്പെട്ടവര്‍തന്നെ തുരങ്കംവെക്കുകയായിരുന്നു. ചീഫ് ഓഫിസില്‍നിന്ന് നല്‍കാമെന്ന് പറഞ്ഞ ബസുകള്‍പോലും ഏറ്റെടുക്കുന്നില്ല. ബത്തേരി എ.ടി.ഒ ബോധപൂര്‍വം നടത്തുന്ന ശ്രമങ്ങളാണ് റൂട്ട് നഷ്ടത്തിലാകാന്‍ കാരണം. ഈ റൂട്ടില്‍ സര്‍വിസ് നടത്താന്‍ കല്‍പറ്റ ഡി.ടി.ഒ പല പ്രാവശ്യം ശ്രമിച്ചെങ്കിലും എ.ടി.ഒ പാരവെച്ചു. കല്‍പറ്റ-ബത്തേരി റൂട്ടിലും സര്‍വിസ് തകര്‍ക്കാന്‍ ശ്രമിക്കുന്നു. റൂട്ടില്‍ 20ഓളം ലോ ഫ്ളോര്‍ ബസുകള്‍ വരുമെന്ന് വെറുതെ പ്രചരിപ്പിക്കുന്നു. ഇത് വരാതിരിക്കാന്‍ സ്വകാര്യ ബസുകളില്‍നിന്ന് ആനുകൂല്യവും പറ്റുന്നുണ്ടെന്ന് ഇവര്‍ ആരോപിച്ചു. ആര്‍.ടി.ഒയും ട്രാന്‍സ്പോര്‍ട്ട് സര്‍വിസിനെ തകര്‍ക്കുന്ന രീതിയിലാണ് നടപടിയെടുക്കുന്നത്. ഇതിനെതിരെ നിയമനടപടി സ്വീകരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.