ബത്തേരി മുനിസിപ്പല്‍ സ്ഥിരം സമിതി തെരഞ്ഞെടുപ്പ്: യു.ഡി.എഫ് വോട്ടിങ് ബഹിഷ്കരിച്ചു

സുല്‍ത്താന്‍ ബത്തേരി: മുനിസിപ്പല്‍ സ്ഥിരം സമിതി തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് വോട്ടെടുപ്പ് ബഹിഷ്കരിച്ചു. വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷ സ്ഥാനത്തേക്ക് ഇടതുവലതു മുന്നണികള്‍ ആരെയും നിര്‍ദേശിക്കാതിരുന്നതിനെ തുടര്‍ന്ന് വരണാധികാരി നേരിട്ട് ഇടപെട്ട് കോണ്‍ഗ്രസിലെ മുതിര്‍ന്ന അംഗം വത്സാ ജോസിനെ നിയമിച്ചു. വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനായി യു.ഡി.എഫ് വിട്ട്, ഇടതുപക്ഷത്തെ പിന്തുണക്കുന്ന ടി.എല്‍. സാബുവിനെ സി.പി.എം അംഗങ്ങള്‍ നിര്‍ദേശിച്ചു. വൈസ് ചെയര്‍പേഴ്സന്‍ എന്ന നിലയില്‍ സി.പി.എമ്മിലെ ജിഷാ ഷാജിയാണ് ധനകാര്യ സമിതി അധ്യക്ഷയാവുക. എല്‍സി പൗലോസ് (പൊതുമരാമത്ത്), ബാബു അബ്ദുറഹ്മാന്‍ (ആരോഗ്യം), പി.കെ. സുമതി (ക്ഷേമകാര്യം) എന്നിവരും ഏകകണ്ഠമായി തെരഞ്ഞെടുക്കപ്പെടുകയായിരുന്നു. യോഗത്തില്‍ പങ്കെടുത്തെങ്കിലും പുതിയ ഭരണസമിതിയോടുള്ള സമീപനത്തിന്‍െറ സൂചനയായി കോണ്‍ഗ്രസ്, മുസ്ലിം ലീഗ് അംഗങ്ങള്‍ വോട്ടെടുപ്പില്‍നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. നേരത്തേ മുനിസിപ്പല്‍ വൈസ് ചെയര്‍പേഴ്സന്‍ തെരഞ്ഞെടുപ്പും യു.ഡി.എഫ് ബഹിഷ്കരിച്ചിരുന്നു. ഭരണ പങ്കാളിത്തം ഒഴിവാക്കാനുള്ള തീരുമാനത്തിന്‍െറ ഭാഗമായാണ് മത്സരത്തില്‍നിന്ന് മാറിനിന്നതെന്ന് യു.ഡി.എഫ് നേതാക്കള്‍ പറഞ്ഞു. കൗണ്‍സിലര്‍ സ്ഥാനത്തുനിന്ന് അയോഗ്യയാകുമെന്ന കാരണത്താലാണ് വരണാധികാരി നിര്‍ദേശിച്ച വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ സ്ഥാനത്തു നിന്നും കോണ്‍ഗ്രസിലെ വത്സാ ജോസ് പിന്മാറാതിരുന്നത്. മത്സരിച്ചാല്‍ സ്വാഭാവികമായും യു.ഡി.എഫിന് കിട്ടുമായിരുന്ന ഒരു സ്ഥാനം ജനാധിപത്യ മര്യാദയനുസരിച്ച് അവര്‍ക്ക് തന്നെ നല്‍കിയെന്നും നാടിന്‍െറ വികസന പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കാനുള്ള സാമാന്യ മര്യാദ യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ പ്രകടിപ്പിക്കാന്‍ തയാറാകണമെന്നും മുനിസിപ്പല്‍ ചെയര്‍മാന്‍ സി.പി.എം നേതാവ് സി.കെ. സഹദേവന്‍ പറഞ്ഞു. വരണാധികാരി കെ.വി. പ്രഭാകരന്‍ യോഗം നിയന്ത്രിച്ചു. സുല്‍ത്താന്‍ ബത്തേരിയില്‍ പ്രഥമ മുനിസിപ്പാലിറ്റി തെരഞ്ഞെടുപ്പില്‍ നൂറ് ശതമാനം വിജയം ഉറപ്പിച്ചിരുന്ന യു.ഡി.എഫ് കോണ്‍ഗ്രസിലെ ചേരിപ്പോര് മൂലം പരാജയപ്പെടുകയായിരുന്നു. 21 ഡിവിഷനുകളില്‍ മത്സരിച്ച കോണ്‍ഗ്രസ് എട്ടിടത്ത് മാത്രമാണ് വിജയിച്ചത്. ആകെയുള്ള 35 ഡിവിഷനുകളില്‍ എല്‍.ഡി.എഫ് 17ഉം ബി.ജെ.പി ഒന്നും നേടി. ഇടതുവലതു സ്ഥാനാര്‍ഥികള്‍ ഒപ്പത്തിനൊപ്പം വന്ന കട്ടയാട് വാര്‍ഡില്‍ നറുക്കെടുപ്പിലൂടെ യു.ഡി.എഫ് സ്ഥാനാര്‍ഥി കേരള കോണ്‍ഗ്രസിലെ ടി.എല്‍. സാബു വിജയിച്ചതോടെ ഇരുമുന്നണികളും ഒപ്പത്തിനൊപ്പമായി. സാബു ഇടതുമുന്നണിക്ക് പിന്തുണ പ്രഖ്യാപിച്ചതോടെ നറുക്കെടുപ്പില്ലാതെതന്നെ സി.പി.എം അധികാരത്തിലേറുകയായിരുന്നു. അപ്രതീക്ഷിത തിരിച്ചടിയില്‍നിന്ന് മുക്തരാവാത്ത യു.ഡി.എഫ് നിസ്സഹകരണം തുടരുകയാണ്. ടി.എല്‍. സാബു നന്ദി പറയാന്‍ എഴുന്നേറ്റതോടെ യു.ഡി.എഫ് അംഗങ്ങള്‍ ഒന്നടങ്കം ഹാള്‍ വിട്ടിറങ്ങി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.