ബത്തേരി ഡിപ്പോയില്‍ നിരാഹാരസമരം; പുനരന്വേഷണം പ്രഖ്യാപിച്ചു

സുല്‍ത്താന്‍ ബത്തേരി: കെ.എസ്.ടി ഡ്രൈവേഴ്സ് യൂനിയന്‍ (ഐ.എന്‍.ടി.യു.സി) സംസ്ഥാന വൈസ് പ്രസിഡന്‍റ് കെ.ജി. ബാബുവിനെ സാമ്പത്തിക തിരിമറി ആരോപിച്ച് സസ്പെന്‍ഡ്ചെയ്ത നടപടിയില്‍ പ്രതിഷേധിച്ച് യൂനിയന്‍െറ നേതൃത്വത്തില്‍ ബത്തേരി ഡിപ്പോയില്‍ നിരാഹാരസമരം തുടങ്ങി. വയനാട്ടിലെ പ്രമുഖ കോണ്‍ഗ്രസ് നേതാവും ഡ്രൈവേഴ്സ് യൂനിയനിലെ മറ്റൊരു സംസ്ഥാന ഭാരവാഹിയുമാണ് സസ്പെന്‍ഷന്‍ നടപടിക്ക് പിന്നിലെന്നാണ് ആരോപണം. ബാബുവിനെ സര്‍വിസില്‍ തിരിച്ചെടുക്കുന്നതുവരെ സമരം തുടരുമെന്ന് യൂനിറ്റ് സെക്രട്ടറി ഹാജാ സലീം, പ്രസിഡന്‍റ് ഗസ്റ്റിന്‍ പി. ജോസഫ്, കെ.ടി. വിനോദ്കുമാര്‍, പി.പി. കുര്യാക്കോസ്, പി.പി. സുരേഷ്ബാബു എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സമരം തുടങ്ങിയതോടെ സംഭവത്തില്‍ കെ.എസ്.ആര്‍.ടി.സി അധികൃതര്‍ പുനരന്വേഷണം പ്രഖ്യാപിച്ചു. ഹാജാ സലീം വെള്ളിയാഴ്ച ആരംഭിച്ച നിരാഹാരസമരം കെ.പി.സി.സി സെക്രട്ടറി കെ.കെ. അബ്രഹാം ഉദ്ഘാടനം ചെയ്തു. റോജോ പി. ജോസഫ് അധ്യക്ഷത വഹിച്ചു. യൂനിയന്‍ സംസ്ഥാന സെക്രട്ടറി ഹരിദാസ്, ബാബുരാജ് കടവത്തൂര്‍, കെ.ജി. ബാബു, ഒ.കെ. ശശി, ഗസ്റ്റിന്‍ ജോസഫ്, എം.യു. അക്ബര്‍ എന്നിവര്‍ സംസാരിച്ചു. ഒക്ടോബര്‍ 24നാണ് വിവാദത്തിലേക്ക് നയിച്ച സംഭവങ്ങളുടെ തുടക്കം. ബത്തേരിയില്‍നിന്നും വടുവഞ്ചാല്‍, മേപ്പാടിവഴി വൈത്തിരിയിലേക്ക് സര്‍വിസ് നടത്തുന്ന ലോഫ്ളോര്‍ ജനുറം ബസിലെ ഡ്രൈവര്‍ നസീമിനെ ബൈക്ക് യാത്രക്കാരായ രണ്ട് യുവാക്കള്‍ മര്‍ദിച്ചു. ഇവര്‍ സഞ്ചരിച്ച ബൈക്കും ബസും തമ്മില്‍ ഉരസിയതാണ് കാരണം. പരിക്കേറ്റ ഡ്രൈവറെ അമ്പലവയല്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവം കേസാവുമെന്നറിഞ്ഞതോടെ യു.ഡി.എഫ് പ്രവര്‍ത്തകരായ യുവാക്കള്‍ പ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാക്കളെ സമീപിച്ചു. നവംബര്‍ പത്തിന് ഗള്‍ഫിലേക്ക് പോവേണ്ടതിനാല്‍ നഷ്ടപരിഹാരം നല്‍കാമെന്നും കേസ് ഒഴിവാക്കിത്തരണമെന്നുമായിരുന്നു യുവാക്കളുടെ ആവശ്യം. എം.പിയുടെ വിളിവന്നതോടെ യൂനിയന്‍ സംസ്ഥാന നേതാവായ കെ.ജി. ബാബു പ്രശ്നത്തിലിടപെടുകയായിരുന്നു. ബസിന്‍െറ ഒരു ദിവസത്തെ വരുമാനനഷ്ടവും ഡ്രൈവര്‍ക്കുള്ള നഷ്ടപരിഹാരവും ഈടാക്കി പ്രശ്നമവസാനിപ്പിക്കാന്‍ കെ.ജി. ബാബു അടക്കമുള്ള യൂനിയന്‍ നേതാക്കള്‍ എ.ടി.ഒയുടെ അനുമതിതേടി. ഒക്ടോബറില്‍ ഈ സര്‍വിസിന്‍െറ ശരാശരി കലക്ഷന്‍ 5876 രൂപയായിരുന്നു. 8000 രൂപ കോര്‍പറേഷന് വരുമാന നഷ്ടമായും മാനഹാനിക്കും മര്‍ദനത്തിനും പകരമായി 12,000 രൂപ ഡ്രൈവര്‍ക്കും നഷ്ടപരിഹാരമായി നേതാക്കള്‍ ആവശ്യപ്പെടുകയായിരുന്നു. യുവാക്കള്‍ 20,000 രൂപ നല്‍കി. 8000 രൂപ ഡിപ്പോയില്‍ യഥാവിധി അടച്ചു. ഡിപ്പോ അധികൃതരുടെയും യൂനിയന്‍ നേതാക്കളുടെയും അറിവോടെയായിരുന്നു നടപടി. ബാക്കി 12,000 രൂപ നഷ്ടപരിഹാരമായി ഡ്രൈവര്‍ക്ക് കൈമാറുകയും ചെയ്തതായും യൂനിയന്‍ നേതാക്കള്‍ പറയുന്നു. എന്നാല്‍, 20,000 രൂപ നഷ്ടപരിഹാരം വാങ്ങിയശേഷം 8000 രൂപമാത്രം ഡിപ്പോയിലടച്ച് ബാക്കി 12,000 തിരിമറി നടത്തിയതായി സംഭവത്തിലിടപെട്ട ഇന്‍സ്പെക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയെന്നും ഇതാണ് നടപടിക്ക് കാരണമായതെന്നുമാണ് സമരക്കാരുടെ ആരോപണം. ഇതിനുപിന്നില്‍ കോണ്‍ഗ്രസിലെയും യൂനിയനിലെയും ഒരു വിഭാഗത്തിന്‍െറ ഇടപെടലുണ്ടായിട്ടുണ്ടത്രെ. മൂന്നു മാസത്തിനിടയില്‍ യൂനിയന്‍ തെരഞ്ഞെടുപ്പും റഫറണ്ടവും നടക്കാനിരിക്കെ, യൂനിയന്‍ സംസ്ഥാന നേതൃത്വത്തിലേക്ക് പരിഗണിക്കുന്ന കെ.ജി. ബാബുവിനെ സംഭവവുമായി ബന്ധപ്പെടുത്തി കെണിയിലാക്കുകയായിരുന്നുവെന്നാണ് ആരോപണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.