കടുവ കെണിയില്‍: വനപാലകര്‍ക്ക് ആശ്വാസം; നാട്ടുകാര്‍ക്ക് ആഹ്ളാദം

സുല്‍ത്താന്‍ ബത്തേരി: മയക്കുവെടി പരീക്ഷണത്തിനിടയാക്കാതെ കടുവ കെണിയില്‍ കുടുങ്ങിയത് വനപാലകര്‍ക്ക് ആശ്വാസമായി. ദിവസങ്ങളായി നാടുവിറപ്പിച്ച കടുവയെ പിടിക്കാനായതിനാല്‍ നാട്ടുകാര്‍ക്കാവട്ടെ അതിരറ്റ ആഹ്ളാദവും. കടുവ കുടുങ്ങിയതറിഞ്ഞ് കാണാനത്തെിയവരെ നിയന്ത്രിക്കാന്‍ വനപാലകരും പൊലീസും പാടുപെട്ടു. വയനാടന്‍ വനാതിര്‍ത്തി മേഖല നേരിടുന്ന കടുവകളുടെ തുടര്‍ച്ചയായ കാടിറക്കം കനത്ത മുന്നറിയിപ്പാണ് നല്‍കുന്നത്. 344.44 ചതുരശ്ര കിലോ മീറ്റര്‍ മാത്രം വിസ്തൃതിയുള്ള വയനാട് വന്യജീവി കേന്ദ്രത്തില്‍ നിലവില്‍ 74 കടുവകള്‍ ഉണ്ടെന്നാണ് വനം വകുപ്പിന്‍െറ കൈവശമുള്ള കണക്ക്. ഡബ്ള്യു.ഡബ്ള്യു.എഫ് നടത്തിയ സര്‍വേയുടെ അടിസ്ഥാനത്തിലാണ് ഈ വിവരം. 15 ച.കി.മീ മുതല്‍ 25 ച.കി.മീ വരെയാണ് മിനിമം ഒരു കടുവക്കാവശ്യമായ ടെറിട്ടറി. കടുവകള്‍ കൂടുന്നതനുസരിച്ച് ടെറിട്ടറിയുടെ വിസ്തൃതി കുറയുന്നു. ഇത് കടുവകള്‍ തമ്മിലുള്ള നിരന്തര സംഘട്ടനത്തിന് കാരണമാവുന്നു. പരാജയപ്പെടുകയും പരിക്കേല്‍ക്കുകയും ചെയ്യുന്ന കടുവകള്‍ നാട്ടിലിറങ്ങുന്നത് ജനജീവിതത്തിന് ഭീഷണിയാവുന്നു. കാടും നാടും ഇനിയും വേര്‍തിരിഞ്ഞിട്ടില്ലാത്ത വയനാട്ടില്‍ ജനവാസ കേന്ദ്രങ്ങളിലേക്കാണ് കടുവകള്‍ കടന്നുചെല്ലുന്നത്. ജനങ്ങളുടെ സുരക്ഷിതത്വം അപകടപ്പെടുന്നത് നിരന്തരമായ സംഘര്‍ഷങ്ങള്‍ക്കും പ്രക്ഷോഭങ്ങള്‍ക്കും കാരണമാവുന്നു. വയനാട് വന്യജീവി കേന്ദ്രത്തില്‍പ്പെട്ട നാല് റെയ്ഞ്ചുകളിലായി നിലവില്‍ പ്രതിവര്‍ഷം കിട്ടുന്ന കേന്ദ്ര ഫണ്ട് 40 ലക്ഷം രൂപ മാത്രമാണ്. ജനങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍പോലും ഈ തുക പര്യാപ്തമല്ളെന്നിരിക്കെ വന്യജീവി പ്രതിരോധ നടപടികള്‍ക്ക് ഫണ്ട് നീക്കിവെക്കാനാവില്ല. വനം വകുപ്പിന്‍െറ നിസ്സഹായതയാണ് രണ്ടാമത്തെ പരിമിതി. കഴിഞ്ഞ 12 ദിവസങ്ങളിലും കെണിയില്‍ കുടുങ്ങാതെ ഒഴിഞ്ഞുമാറിയ കടുവയെ പിന്തുടര്‍ന്ന് മയക്കുവെടി വെക്കണമെന്ന് നിര്‍ദേശമുയര്‍ന്നെങ്കിലും അനിവാര്യമായ സുരക്ഷാ സംവിധാനങ്ങള്‍പോലും വനം വകുപ്പിന്‍െറ പക്കലില്ല. ആധുനിക ഫൈബര്‍ കൂട് തമിഴ്നാട്ടില്‍നിന്നും കൊണ്ടുവരുകയായിരുന്നു. കടുവയെ പിന്തുടരാന്‍ പരിശീലനം ലഭിച്ച താപ്പാനകളില്ല. ഒരു താപ്പാനക്ക് പ്രതിദിനം ശരാശരി മൂന്നുലക്ഷം രൂപ മുടക്കിയാല്‍ മാത്രമേ അയല്‍ സംസ്ഥാനങ്ങളില്‍നിന്നും താപ്പാനകളെ എത്തിക്കാനാവൂ. കാടും നാടും ചേര്‍ന്നുകിടക്കുന്നതിനാല്‍ ജനങ്ങളുടെ സുരക്ഷിതത്വവും വളരെ പ്രധാനമാണ്. രണ്ടാഴ്ചയോളമായി വനപാലകരും ഡോക്ടര്‍മാരും രാപ്പകല്‍ ഭേദമെന്യേ കടുവയുടെ പിന്നാലെയായിരുന്നു. ഗുരുതര പരിക്കേല്‍ക്കുന്നവയാണ് കാടിറങ്ങുന്നത്. ഇവയെ മയക്കുവെടി വെച്ച് പിടികൂടുന്നതിനും ഏറെ സാഹസികതയുണ്ട്. കഴിഞ്ഞ ഒക്ടോബര്‍ 23ന് ചീയമ്പത്ത് മയക്കുവെടിവെച്ചു പിടിച്ച കടുവ ചത്തത് വന്‍ വിവാദമായിരുന്നു. മയക്കുവെടി ഓപറേഷന് നേതൃത്വം കൊടുത്ത ഡോക്ടര്‍മാരും വനപാലകരും ഇപ്പോള്‍ ഉന്നതതല അന്വേഷണം നേരിടുകയാണ്. ആക്രമണകാരിയായ കടുവ കെണിയില്‍ കുടുങ്ങിയതില്‍ വനപാലകര്‍ ആശ്വാസം കൊള്ളുന്നതും അതുകൊണ്ടുതന്നെ. വന-വനാതിര്‍ത്തി മേഖലയിലെ ആയിരക്കണക്കിന് കുടുംബങ്ങളാണ് വന്യജീവി ശല്യം മൂലം ദുരിതത്തിലായത്. കൃഷി നിലച്ചു. മിക്ക കുടുംബങ്ങളും കടക്കെണിയിലാണ്. ക്ഷീര മേഖലയാണ് ഇപ്പോള്‍ ഇവരെ പിടിച്ചുനിര്‍ത്തുന്നത്. നിരന്തരം അനുഭവപ്പെടുന്ന കടുവ, പുലി ഭീഷണിമൂലം കാലികളെ ഒന്നടങ്കം വിറ്റുതുലക്കേണ്ട അവസ്ഥയിലാണ് ക്ഷീര കര്‍ഷക കുടുംബങ്ങള്‍. ജീവനും സ്വത്തും ഭീതിയിലായ വനാതിര്‍ത്തി മേഖലയിലെ ജനങ്ങളുടെ ആശങ്കക്ക് തെല്ളെങ്കിലും പരിഹാരം കണ്ടത്തൊന്‍ നടപടികളില്ല. മൃഗങ്ങളും മനുഷ്യരും തമ്മിലുള്ള നിലക്കാത്ത സംഘര്‍ഷത്തിനാണ് ഇത് കാരണമാവുന്നത്. വന-വന്യജീവി സംരക്ഷണവും ജനസംരക്ഷണവും കടങ്കഥയാവുന്നതായാണ് അനുഭവം. വെള്ളിയാഴ്ച കടുവ കെണിയിലായതറിഞ്ഞ് നൂറുകണക്കിനാളുകളാണ് ആശ്വാസവുമായി ഒത്തുകൂടിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.