കല്‍പറ്റ: തൊണ്ടര്‍നാട് കാഞ്ഞിരത്തിനാല്‍ ജോര്‍ജിന്‍െറ ഭൂമി വിഷയവുമായി ബന്ധപ്പെട്ട് ഹൈകോടതിയില്‍ നിലവിലുള്ള കേസില്‍ ജോര്‍ജിന്‍െറ കുടുംബത്തിന് അനുകൂലമായി കോടതിയെ സമീപിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. തിരുവനന്തപുരത്ത് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ അധ്യക്ഷതയില്‍ നിയമസഭയിലെ അദ്ദേഹത്തിന്‍െറ ഓഫിസില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. 1967ല്‍ ജന്മം തീറാധാരപ്രകാരം കാഞ്ഞിരത്തിനാല്‍ ജോര്‍ജിന്‍െറയും സഹോദരന്‍ ജോസിന്‍െറയും കൈവശം ഉണ്ടായിരുന്ന 12 ഏക്കര്‍ ഭൂമി 1977ല്‍ നിക്ഷിപ്ത വനഭൂമിയായി വനംവകുപ്പ് വിജ്ഞാപനം ചെയ്തിരുന്നു. തുടര്‍ന്ന് പതിറ്റാണ്ടുകളായി ജോര്‍ജിന്‍െറ കുടുംബം നിയമപോരാട്ടം നടത്തിവരികയാണ്. ഇതിനിടെ മന്ത്രിസഭാ യോഗതീരുമാനപ്രകാരം 2007ല്‍ സര്‍ക്കാര്‍ 12 ഏക്കര്‍ ഭൂമി വിട്ടുനല്‍കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍, ഉത്തരവിനെതിരെ ഒരു പരിസ്ഥിതി സംഘടന ഹൈകോടതിയെ സമീപിച്ചു. ഈ കേസ് ഇപ്പോഴും നിലനില്‍ക്കുകയാണ്. 2013ല്‍ ഹൈകോടതിയില്‍ റിട്ട് ഹരജിയും റിവിഷന്‍ ഹരജിയും നിലവിലുള്ളപ്പോള്‍ വനംവകുപ്പ് വീണ്ടും ഈ ഭൂമി പിടിച്ചെടുത്ത് വിജ്ഞാപനം ഇറക്കി. കഴിഞ്ഞ 130 ദിവസമായി വയനാട് കലക്ടറേറ്റിനു മുമ്പില്‍ ജോര്‍ജിന്‍െറ മകള്‍ ട്രീസയും ഭര്‍ത്താവ് ജെയിംസും രണ്ടു മക്കളും സത്യഗ്രഹ സമരത്തിലാണ്. സമരത്തെ തുടര്‍ന്നാണ് സര്‍ക്കാര്‍ കുടുംബാംഗങ്ങളെ ചര്‍ച്ചക്ക് വിളിച്ചത്. ഹൈകോടതിയില്‍ കുടുംബാംഗങ്ങള്‍ക്ക് അനുകൂലമായി അഫിഡവിറ്റ് സമര്‍പ്പിക്കാനാണ് തീരുമാനം. മുഖ്യമന്ത്രിയെക്കൂടാതെ റവന്യൂ മന്ത്രി അടൂര്‍ പ്രകാശ്, പട്ടികവര്‍ഗക്ഷേമ മന്ത്രി പി.കെ. ജയലക്ഷ്മി, നിയമവകുപ്പ് സെക്രട്ടറി ഹരീന്ദ്രനാഥ്, അഡീഷനല്‍ ചീഫ് സെക്രട്ടറി (വനം) മാരാപാണ്ഡ്യന്‍, ഫോറസ്റ്റ് ചീഫ് ഡോ. ബി.എസ്. കോറി, റവന്യൂ വകുപ്പ് അഡീഷനല്‍ സെക്രട്ടറി റേയ്ച്ചല്‍ വര്‍ഗീസ്, അണ്ടര്‍ സെക്രട്ടറി എച്ച്. നജീബ്, സമരസഹായ സമിതി ഭാരവാഹികളായ വയനാട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്‍റ് കെ.എല്‍. പൗലോസ്, വയനാട് പ്രസ്ക്ളബ് പ്രസിഡന്‍റ് ബിനു ജോര്‍ജ്, ബി.ജെ.പി ജില്ലാ സെക്രട്ടറി ആനന്ദകുമാര്‍, തൊണ്ടര്‍നാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ബാബു, ജോസ് കുര്യന്‍ എന്നിവരും കുടുംബാംഗങ്ങളായ ജെയിംസ്, തോമസ് എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.