കൊല്ലം: വഴിയാത്രക്കാരെൻറ ഇടപെടൽ പെട്രോൾ പമ്പിലെ വൻ ദുരന്തം ഒഴിവാക്കി. ഇന്ധനം നിറക്കുന്നതിനിടെ ബങ്കിൽനിന്ന് തീ പടർന്നത് അഗ്നിശമന ഉപകരണം ഉപയോഗിച്ച് കെടുത്തിയാണ് യുവാവ് രക്ഷകനായത്. ചൊവ്വാഴ്ച വൈകീട്ട് 4.20ന് കാവനാട് ഇന്ത്യൻ ഓയിൽ കോർപറേഷെൻറ പെട്രോൾ പമ്പിലാണ് സംഭവം. ബൈക്കിൽ ഇന്ധനം നിറക്കുന്നതിനിടെയാണ് തീ പടർന്നത്. സംഭവം നടന്നയുടൻ ബൈക്ക് യാത്രികനായ ശക്തികുളങ്ങര സ്വദേശി അനിൽ സെബാസ്റ്റ്യൻ ജോസഫ് പമ്പിലെ അഗ്നിശമന ഉപകരണങ്ങൾ ഉപയോഗിച്ച് തീ കെടുത്തി. കൊല്ലത്ത് നിന്ന് അഗ്നിശമന സേന എത്തുന്നതിനു മുമ്പ് തീ പൂർണമായും കെടുത്തി. ഇന്ധനം നിറക്കുന്നതിനിടെ വൻ ശബ്ദത്തോടെയാണ് പെട്രോൾ ബങ്കിനുള്ളിൽനിന്ന് തീ ഉയർന്നത്. ശബ്‌ദവും തീയും കണ്ട് പെട്രോൾ നിറച്ചുകൊണ്ടിരുന്ന ജീവനക്കാരി ഉൾെപ്പടെ പമ്പിലെ മറ്റു ജീവനക്കാരെല്ലാം ഓടി മാറി. ഇന്ധനം നിറച്ചുകൊണ്ടിരുന്ന നോബ് എടുത്ത് മാറ്റി ബൈക്കുമായി ഉടമ മാറിയതും രക്ഷയായി. യുവാവിെൻറ അവസരോചിത ഇടപെടലാണ് വലിയ ദുരന്തത്തിൽനിന്ന് രക്ഷപ്പെടുത്തിയത്. ഇന്ത്യൻ ഓയിൽ കോർപറേഷൻ അധികൃതരെത്തി പരിശോധന നടത്തി. ഷോർട്ട് സർക്യൂട്ട് മൂലമാണ് തീ പടർന്നതെന്നാണ് പ്രാഥമിക നിഗമനം. അനിൽ തടഞ്ഞത് വൻദുരന്തം കൊല്ലം: തീ കെടുത്താൻ ആരും മുന്നോട്ട് വന്നില്ലായിരുന്നെങ്കിൽ സ്ഥിതി മറ്റൊന്നായേനെ. ദേശീയപാതയിൽ കെട്ടിടങ്ങൾ തിങ്ങിനിറഞ്ഞു നിൽക്കുന്ന പെട്രോൾ പമ്പിലെ തീപ്പൊരി ആളിപ്പടരാൻ നിമിഷ നേരം മതിയായിരുന്നു. ഇന്ധനം നിറക്കുന്ന സമയമായതിനാൽതന്നെ ദുരന്തത്തിെൻറ വ്യാപ്തി വലുതായേനെ. ബൈക്ക് യാത്രികനായ അനിൽ സെബാസ്റ്റ്യൻ ജോസഫിെൻറ സമയോചിത ഇടപെടലിനെ ഏവരും അനുമോദനംകൊണ്ടു മൂടുകയാണ്. ഫയർ ആൻഡ് സേഫ്റ്റി പഠിച്ചിട്ടുള്ളതിെൻറ ധൈര്യത്തിലാണ് അനിൽ രക്ഷാപ്രവർത്തനിറങ്ങിയത്. ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെയാണ് പെട്രോൾ പമ്പിൽനിന്ന് തീ ഉയരുന്നത് അനിൽ കണ്ടത്. ഓടി പമ്പിനുള്ളിലേക്ക് കയറി അഗ്നിശമന ഉപകരണം വാങ്ങി പെട്രോൾ ബങ്കിനടുത്തെത്തി. അപ്പോഴേക്കും തീ ബങ്കിെൻറ മുകൾ ഭാഗത്തേക്ക് വരെ ഉയർന്നിരുന്നു. ചൂട് വകവെക്കാതെ തൊട്ടടുത്തു നിന്ന് അഗ്നിശമന ഉപകരണം ഉപയോഗിച്ച് തീ കെടുത്താൻ ശ്രമിച്ചു. മൂന്ന് ഉപകരണങ്ങൾ പൂർണമായും ഉപയോഗിച്ചാണ് കെടുത്തിയത്. തീ നിയന്ത്രണവിധേയമാകാത്ത ഘട്ടത്തിൽ കൈ ഉപയോഗിച്ച് ഇരുമ്പ് ഷീൽഡുകൾ പൊളിച്ച് നീക്കി അതിനുള്ളിലേക്കും വാതകം അടിച്ചു തീ കെടുത്താൻ ശ്രമിച്ചു. ബൈക്ക് യാത്രക്കാരനായ കുട്ടനും സഹായത്തിനെത്തി. കൊല്ലത്തുനിന്ന് അഗ്നിശമന സേന എത്തുമ്പോഴേക്കും തീ പൂർണമായും കെടുത്താൻ കഴിഞ്ഞു. ഗൾഫിൽ സ്വകാര്യ സ്ഥാപനത്തിൽ ഫയർ ആൻഡ് സേഫ്റ്റി ജോലി ചെയ്യുകയാണ് അനിൽ. രക്ഷാപ്രവർത്തനം നടത്തുന്നതിനിടെ മൂക്കിലും വായിലും വാതകം കയറിയെങ്കിലും ചികിത്സ തേടാൻ അനിൽ തയാറായില്ല. ആഴ്ചകൾക്ക് മുമ്പ് രാമൻകുളങ്ങര ജങ്ഷനിൽ ഓടുന്ന കാറിന് തീ പിടിച്ചപ്പോഴും അനിലായിരുന്നു രക്ഷാപ്രവർത്തനത്തിനു നേതൃത്വം നൽകിയത്. മണ്ണും വെള്ളവും ഉപയോഗിച്ചാണ് അന്ന് തീ കെടുത്താൻ ശ്രമിച്ചത്. അതുവഴി വന്ന കെ.എസ്.ആർ.ടി.സി ബസിലെ അഗ്നിശമന ഉപകരണം ഉപയോഗിച്ചാണ് തീ പൂർണമായി കെടുത്തിയത്. എൻ. വിജയൻ പിള്ള എം.എൽ.എയുടെ നേതൃത്വത്തിൽ അനിലിനെ പൊന്നാട അണിയിച്ച് ആദരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.