തിരുവനന്തപുരം: നെറ്റ്വർക്ക്, െസർവർ തകരാറുമൂലം സംസ്ഥാനത്ത് തുടർച്ചയായ നാലാംദിവസവും റേഷൻ വിതരണം സ്തംഭിച്ചു. ഇ-പോസ് മെഷീൻ പ്രവർത്തിക്കാതായതോടെ തിരുവനന്തപുരം, പാലക്കാട്, എറണാകുളം അടക്കം പല ജില്ലകളിലും വ്യാപാരികൾ കടകളടച്ചിട്ട് പ്രതിഷേധിച്ചു. പ്രതിഷേധം ശക്തമായതോടെ ബുധനാഴ്ച മന്ത്രി പി. തിലോത്തമൻ ഉന്നതലയോഗം വിളിച്ചു. ബി.എസ്.എൻ.എൽ, ഐഡിയ, വൊഡാഫോൺ, വിഷൻടെക്, നാഷനൽ ഇൻഫോമാറ്റിക് സൻെറർ പ്രതിനിധികളും യോഗത്തിൽ പങ്കെടുക്കും. സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം വർധിച്ചതോടെ ജൂൺ, ജൂലൈ മാസങ്ങളിലെ റേഷൻ ലഭിക്കാൻ കാർഡുടമകൾ ഇ-പോസ് മെഷീനിൽ വിരൽ പതിപ്പിക്കണമെന്ന നിബന്ധന സർക്കാർ ഒഴിവാക്കിയിരുന്നു. എന്നാൽ, പോർട്ടബിലിറ്റി കാർഡുകാർക്ക് ഭക്ഷ്യധാന്യം നൽകണമെങ്കിൽ വിരൽ പതിപ്പിക്കണമെന്നാണ് കേന്ദ്ര സർക്കാർ നിർദേശം. കാർഡുടമ വിരൽ പതിപ്പിച്ചാലും ഇല്ലെങ്കിലും മെഷീൻ ഉപയോഗിച്ച് മാത്രമേ വ്യാപാരിക്ക് സാധനങ്ങൾ നൽകാൻ സാധിക്കൂ. ഈമാസം ഒരുദിവസം പോലും മെഷീൻ സുഗമമായി പ്രവർത്തിച്ചിട്ടില്ലെന്ന് വ്യാപാരികൾ പറയുന്നു. റേഷൻ കാർഡ് നമ്പർ, കടയുടമ ഇ-പോസ് മെഷിനീൽ രേഖപ്പെടുത്തുമ്പോഴാണ് ഒ.ടി.പി ലഭിക്കേണ്ടത്. കാർഡുടമകൾ ഫോണിൽ കണ്ണുനട്ടിരുന്നിട്ടും ഒ.ടി.പി ലഭിക്കുന്നില്ല. മാന്വൽ ഇടപാട് നടത്താൻ വിചാരിച്ചാലും ഇ-പോസ് പ്രവർത്തിക്കാത്തതിനാൽ സാധിക്കുന്നില്ല. ചൊവ്വാഴ്ച വരെ 42.43 ശതമാനം വിതരണമാണ് സംസ്ഥാനത്ത് നടന്നത്. മെഷീൻ പ്രവർത്തിക്കുന്നിടങ്ങളിൽ വിതരണം പൂർത്തിയാക്കണമെങ്കിൽ അരമണിക്കൂറെങ്കിലും വേണ്ടിവരും. ഇത് കാർഡുടമകളുമായി തർക്കത്തിന് ഇടയാക്കിയതോടെയാണ് വ്യാപാരികൾ കടകൾ അടച്ചത്. അതേസമയം സംസ്ഥാനത്ത് ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചതുമൂലം ഇൻറർനെറ്റ് ഉപയോഗത്തിലുണ്ടായ വർധനവാണ് നെറ്റ്്വർക്ക് തകരാറിന് കാരണമെന്ന് ബി.എസ്.എൻ.എൽ, ഐഡിയ അധികൃതർ വിശദീകരിക്കുന്നു. നെറ്റ് വേഗത ലഭിക്കുന്നതിന് ഇ-പോസിൽ 'ഫോർ ജി' സിം കാർഡ് നൽകണമെന്നും മലയോര മേഖലയിലും താഴ്ന്ന പ്രദേശങ്ങളിലും നെറ്റ് സിഗ്നൽ ലഭിക്കുന്നതിന് ആൻറിന നൽകണമെന്നും ഓൾ കേരള റീെട്ടയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ സർക്കാറിനോട് ആവശ്യപ്പെട്ടു. ഇന്നത്തെ യോഗത്തിൽ ഇതുസംബന്ധിച്ച് ചർച്ചചെയ്യുമെന്ന് ഭക്ഷ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു. -അനിരു അശോകൻ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.