തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ നിർമാണം 2028ൽ പൂർത്തീകരിക്കുമെന്നും അടുത്ത ഘട്ടങ്ങളുടെ നിർമാണോദ്ഘാടനം 24ന് വൈകീട്ട് നാലിന് മുഖ്യമന്ത്രി നിർവഹിക്കുമെന്നും മന്ത്രി വി.എൻ വാസവൻ. വിഴിഞ്ഞം തുറമുഖത്തിന്റെ തുടർഘട്ട വികസനപ്രവർത്തനങ്ങളുടെ നിർമാണോദ്ഘാടനവുമായി ബന്ധപ്പെട്ട സംഘാടക സമിതി രൂപവത്കരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
പദ്ധതിയുടെ ആദ്യ കരാർ പ്രകാരം 2045 ൽ നിർമാണം പൂർത്തിയാക്കുമെന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാൽ പുതുക്കിയ കരാർ പ്രകാരം 2028ൽ പദ്ധതി പൂർണത കൈവരിക്കും. 10,000 കോടി രൂപയാണ് പദ്ധതിക്കായി ചെലവിടുന്നത്. 2024 ഡിസംബർ മൂന്നിനാണ് വാണിജ്യാടിസ്ഥാനത്തിലുള്ള തുറമുഖത്തിന്റെ പ്രവർത്തനങ്ങൾ ആരംഭിച്ചത്. ഇതിനോടകം 670 കപ്പലുകളിലായി 14.5 ലക്ഷം കണ്ടെയ്നറുകൾ തുറമുഖത്ത് എത്തി. ലോകത്തിലെ കൂറ്റൻ മദർഷിപ്പുകൾക്ക് തുറമുഖത്ത് എത്തിച്ചേരാൻ കഴിഞ്ഞത് അഭിമാന നേട്ടമാണെന്നും മന്ത്രി പറഞ്ഞു.
വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങൾ വളരെ വേഗത്തിൽ പരിഹരിക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. വിഴിഞ്ഞം തുറമുഖത്തെ സംബന്ധിച്ച എല്ലാ ആശങ്കകൾക്കും പരിഹാരം ഉണ്ടാകും. മത്സ്യത്തൊഴിലാളികളുടെ ഉപജീവനമാർഗം ഒരിക്കലും തടസ്സപ്പെടുത്താൻ അനുവദിക്കില്ലെന്ന നിലപാടാണ് സർക്കാർ എടുത്തിട്ടുള്ളതെന്നും മന്ത്രി വ്യക്തമാക്കി.
മന്ത്രി വി. ശിവൻകുട്ടി മുഖ്യരക്ഷാധികാരിയായും മന്ത്രിമാരായ ജി.ആർ അനിൽ, സജി ചെറിയാൻ എന്നിവർ രക്ഷാധികാരികളായുമായാണ് സംഘാടക സമിതി രൂപവത്കരിച്ചത്. മന്ത്രി വി.എൻ വാസവനാണ് ചെയർമാൻ. എം.എൽ.എമാരായ കടകംപള്ളി സുരേന്ദ്രൻ, ഡി.കെ മുരളി, വി. ജോയ്, എം. വിൻസെന്റ് എന്നിവരാണ് വൈസ് ചെയർമാൻമാർ. തുറമുഖ സെക്രട്ടറി എ. കൗശിഗനാണ് കൺവീനർ.
ശശി തരൂർ, അടൂർ പ്രകാശ്, എ.എ റഹീം, ജോൺ ബ്രിട്ടാസ്, വി.കെ പ്രശാന്ത്, ജി. സ്റ്റീഫൻ, എ.കെ ശശീന്ദ്രൻ, ഐ.ബി സതീഷ്, കെ. ആൻസലൻ, വി. ശശി, ഒ.എസ് അംബിക, ദിവ്യ എസ്. അയ്യർ, പ്രദീപ് ജയരാമൻ, മാങ്കോട് രാധാകൃഷ്ണൻ, ശക്തൻ നാടാർ, കരമന ജയൻ എന്നിവരാണ് കമ്മിറ്റി അംഗങ്ങൾ. എം.എൽ.എമാരായ എം. വിൻസെന്റ്, വി. ജോയ്, സബ് കലക്ടർ ആൽഫ്രഡ് ഒ.വി, തുറമുഖ സെക്രട്ടറി എ. കൗശിഗൻ, എ.വി.പി.പി.എൽ സി.ഇ.ഒ പ്രദീപ് ജയരാമൻ, വിഴിഞ്ഞം ഇന്റര്‍നാഷണല്‍ സീപോര്‍ട്ട് ലിമിറ്റഡ് എം.ഡി ദിവ്യ എസ് അയ്യർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.