മാതൃദിനത്തിൽ അമ്മ കൂടെ ഇല്ലാത്തതിൻെറ വേദനയിൽ കഴക്കൂട്ടം: മാതൃദിനത്തിൽ അമ്മ കൂടെ ഇല്ലാത്തതിൻെറ വേദനയിലാണ് ചെമ്പഴന്തി അണിയൂർ കല്ലിയറ ഗോകുലത്തിൽ ദേവിക ഗോപകുമാറും, ഗോപീഷ് ഗോപകുമാറും. എല്ലാ ആഘോഷങ്ങളിലും ആദ്യം ആശംസ അറിയിക്കുന്നത് അമ്മയാണ്, ഇനി അതില്ല. വലിയ ദുഃഖത്തിനിടയിലും മറ്റ് അഞ്ച് പേരിലൂടെ അമ്മ ജീവിക്കുന്നു എന്ന സന്തോഷമാണ് ഈ മക്കൾക്ക് ഇപ്പോൾ ഉള്ളത്. കഴിഞ്ഞ ദിവസം തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ മസ്തിഷ്ക മരണം സംഭവിച്ച അധ്യാപിക ലാലി ഗോപകുമാറിൻെറ അഞ്ച് അവയവങ്ങൾ ദാനം ചെയ്തതിലൂടെ അമ്മ ജീവിച്ചിരിക്കുന്നു എന്ന് മക്കൾ പറയുന്നു. അമ്മയുടെ ഹൃദയം മറ്റൊരു അമ്മക്ക് കൊടുത്തതോടെ മാതൃദിനത്തിൽ ഒരു അമ്മയെ കൂടി തങ്ങൾക്ക് കിട്ടിയതായി മകളായ ദേവിക ഗോപകുമാർ. ലാലി ഗോപകുമാറിൻെറ ഹൃദയം എറണാകുളം ലിസി ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന കോതമംഗലം സ്വദേശി ലീനയിൽ തുടിക്കും. വൃക്കകൾ തിരുവനന്തപുരം മെഡിക്കൽ കോളജിലും സ്വകാര്യ ആശുപത്രിയിലുമായി ചികിത്സയിൽ കഴിയുന്ന രണ്ട് പേർക്കും കണ്ണുകൾ തിരുവനന്തപുരം ഗവ. കണ്ണാശുപത്രിക്കുമാണ് നൽകിയത്. ശസ്ത്രക്രിയ കഴിഞ്ഞയുടൻ ലിസി ആശുപത്രിയിൽനിന്ന് ലീനയുടെ ഭർത്താവും മകനും തങ്ങളെ വിളിച്ച് നന്ദിയും സന്തോഷവും അറിയിച്ചു. അമ്മയുടെ ഹൃദയം തുടിക്കുന്നു എന്ന് ഡോക്ടർമാർ അറിയിച്ചപ്പോൾ സന്തോഷം തോന്നി. തങ്ങളെപ്പോലെ വിഷമിച്ച മക്കൾക്ക് അമ്മയെ തിരികെ കൊടുക്കാൻ ഞങ്ങളുടെ അമ്മക്ക് കഴിഞ്ഞു. അതിലൂടെ അമ്മയെ എല്ലാവരും ഓർക്കുമല്ലോ എന്നും ഗോപിക പറഞ്ഞു. മൂന്ന് മാസം കഴിഞ്ഞാലേ അമ്മയുടെ തുടിക്കുന്ന ഹൃദയമുള്ള ലീനയെ കാണാൻ കഴിയുകയുള്ളൂ എന്ന് ഡോക്ടർമാർ അറിയിച്ചു. അതു കഴിഞ്ഞാലുടൻ വിദേശത്തുള്ള ചേച്ചി ഗോപികയെയും കൂട്ടി നാലുപേരും ചേർന്ന് ആ അമ്മയെ കാണാൻ പോകുമെന്നും ഗോപിക പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.