തിരുവനന്തപുരം: അരുവിക്കരയിലെ 86 എം.എൽ.ഡി ജല ശുദ്ധീകരണശാലയിലെ മൂന്നാംഘട്ട നവീകരണ പ്രവർത്തനങ്ങൾക്കു ശേഷം പമ്പിങ് പുനരാരംഭിച്ചെങ്കിലും കുടിവെള്ള വിതരണം എല്ലായിടത്തും സാധാരണ നിലയിലായില്ല. താഴ്ന്ന പ്രദേശങ്ങളിൽ ഞായറാഴ്ച രാവിലെയോടെ വെള്ളം എത്തിയെങ്കിലും ഉയർന്ന പ്രദേശങ്ങളിൽ ഞായറാഴ്ച വൈകിയും കുടിവെള്ളം കിട്ടാത്ത സ്ഥിതി തുടർന്നു. പമ്പിങ് തുടങ്ങിയെങ്കിലും ലൈനുകളിലെ മർദം പൂർണമായും ക്രമീകരിക്കപ്പെടാതിരുന്നതാണ് ഉയർന്ന പ്രദേശങ്ങളിൽ വെള്ളം എത്തുന്നതിന് തടസ്സമായത്. അരുവിക്കരയിൽനിന്ന് പൂർണതോതിൽ പമ്പിങ് നടത്തുന്നുണ്ടെന്നും തിങ്കളാഴ്ച രാവിലെയോടെ ജലവിതരണം പൂർവസ്ഥിതിയിലെത്തുമെന്ന് ജലഅതോറിറ്റി വിശദീകരിക്കുന്നു. ശനിയാഴ്ച നിശ്ചയിച്ചതിലും നേരത്തേ നവീകരണ ജോലികൾ പൂർത്തിയാക്കി പമ്പിങ് തുടങ്ങിയിരുന്നു. മൂന്നാംഘട്ടത്തിൽ അസംസ്‌കൃത ജല-ശുദ്ധജല പമ്പ് ഹൗസുകളിലെ പഴയ പമ്പ് സെറ്റുകൾ മാറ്റലും അനുബന്ധ ഇലക്ട്രിക്കൽ ജോലികളുമാണ് നടന്നത്. അതേസമയം അവധി ദിവസങ്ങളിൽ നഗരത്തിൽ കുടിവെള്ളം മുട്ടിയത് ജനജീവിതത്തെ പ്രതികൂലമായി ബാധിച്ചിരുന്നു. പണി നേരത്തേ പൂർത്തിയാകുകയും പമ്പിങ് തുടങ്ങുകയും ചെയ്തതിനാൽ വെള്ളം ലഭിക്കുമെന്ന് കരുതിയവർ അക്ഷരാർഥത്തിൽ ബുദ്ധിമുട്ടി. ശേഖരിച്ചുെവച്ചിരുന്ന വെള്ളം തീർന്നതും പ്രതിസന്ധിയുണ്ടാക്കി. മുൻഘട്ടങ്ങളിലെപ്പോലെ ജലവിതരണത്തിന് ബദൽ മാർഗങ്ങൾ വാട്ടർ അതോറിട്ടി ഏർപ്പെടുത്തിയിരുന്നു. ജോലികൾ ചുരുങ്ങിയ സമയത്തേക്കായിരുന്നെങ്കിലും പൂർണമായും പമ്പിങ് നിർത്തിയത് ജലക്ഷാമം രൂക്ഷമാക്കിയിരുന്നു. മെഡിക്കൽ കോളജ്, ആർ.സി.സി, ശ്രീചിത്ര എന്നിവിടങ്ങളിലേക്ക് ടാങ്കറുകൾ വഴി വെള്ളമെത്തിച്ചിരുന്നു. അരുവിക്കരയിൽ വാട്ടർ അതോറിട്ടിക്ക് നിലവിൽ 86 എം.എൽ.ഡി, 72 എം.എൽ.ഡി, 74 എം.എൽ.ഡി വീതം ശേഷിയുള്ള മൂന്ന് ജലശുദ്ധീകരണ ശാലകളാണുളളത്. നിർമാണത്തിൻെറ അവസാനഘട്ടത്തിലുള്ള പുതിയ 75 എം.എൽ.ഡി ജലശുദ്ധീകരണശാല മാർച്ചിൽ കമീഷൻ ചെയ്യും. നവീകരണത്തിൻറ നാലാമത്തെയും അവസാനത്തെയും ഘട്ടം ഫെബ്രുവരി ഒന്നിന് നടക്കും. ഇതിനായി 86 എം.എൽ.ഡി ശുദ്ധീകരണ ശാലകളുടെ പ്രവർത്തനം 16 മണിക്കൂർ നിർത്തിെവക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.