തലസ്ഥാനത്ത് കാവി വസന്തം

തിരുവനന്തപുരം: ആവേശം കൊടിക്കെട്ടിയ പകലിൽ ഇടതിന്‍റെ ചെങ്കോട്ടകളിൽ വിള്ളൽ വീഴ്ത്തിയും യു.ഡി.എഫിന്‍റെ കൈ തളർത്തിയും നഗരത്തിന്‍റെ അടിവേരുകളിൽ പൂത്ത് തളിർത്ത് താമര. വീറും വാശിയും നിറഞ്ഞ ഒരുമാസത്തെ പ്രചാരണത്തിന്‍റെ ഫലമറിയാൻ വോട്ടെണ്ണൽ കേന്ദ്രമായ മാർ ഇവാനിയോസ് കോളജിലേക്ക് രാവിലെ ഏഴ് മുതൽ സ്ത്രീകളടക്കമുള്ള പ്രവർത്തകരുടെ ഒഴുക്കായിരുന്നു.

എന്നാൽ സ്ഥാനാർഥികളെയും ഏജന്‍റുമാരെയും മാത്രം വോട്ടെണ്ണൽ കേന്ദ്രത്തിലേക്ക് പ്രവേശിപ്പിച്ച പൊലീസ്, പ്രവർത്തകരെ റോഡിനിരുവശത്തേക്കും മാറ്റി. എട്ടുമണിയോടെ പോസ്റ്റൽ ബാലറ്റുകൾ പുറത്തെടുത്തു. ആദ്യ റൗണ്ടിൽ കോർപറേഷനിലെ 13 വാർഡുകളുടെ വോട്ടുകളാണ് എണ്ണിതുടങ്ങിയത്. 13 വാർഡിലെയും പോസ്റ്റൽ ബാലറ്റുകളിൽ സി.പി.എം മുന്നിലെത്തിയതോടെ ചെങ്കൊടി വീശിയും സ്ഥാനാർഥികൾക്ക് മുദ്രാവാക്യം വിളിച്ചും എൽ.ഡി.എഫ് പ്രവർത്തകർ ആവേശത്തിലായി. എന്നാൽ പോസ്റ്റൽ ബാലറ്റുകളിൽ നിന്ന് വോട്ടിങ് യന്ത്രത്തിലെ കണക്കുകളിലേക്ക് കാര്യങ്ങൾ എത്തിയതോടെ ബി.ജെ.പിയുടെ കുതിപ്പിനാണ് നഗരം സാക്ഷിയായത്.

എ.കെ.ജി സെന്‍റർ ഇനി കോൺഗ്രസിന്‍റെ കൈയിൽ

രാവിലെ 8.30ഓടെ ഏഴ് വാർഡുകളിൽ ബി.ജെ.പിയും അഞ്ച് വാർഡുകളിൽ എൽ.ഡി.എഫും ഒരു വാർഡിൽ യു.ഡി.എഫും മുന്നിലെത്തി. 8.55ഓടെ മൂന്ന് മുന്നണികളെയും ഞെട്ടിച്ചുകൊണ്ട് കണ്ണമൂല വാർഡിലെ സ്വതന്ത്ര സ്ഥാനാർഥി പാറ്റൂർ രാധാകൃഷ്ണൻ 104 വോട്ടിന് മുന്നിലാണെന്ന വിവരം പുറത്തുവന്നു. നേമത്ത് കോർപറേഷൻ ബി.ജെ.പി പാർലമെന്‍ററി പാർട്ടി ലീഡർ എം.ആർ. ഗോപൻ 250 വോട്ടിന് പിന്നിലായത് ബി.ജെ.പി കേന്ദ്രങ്ങളെ ആശങ്കയിലാഴ്ത്തി. എന്നാൽ ആശങ്കക്ക് അൽപായുസ് മാത്രമാണ് ഉണ്ടായിരുന്നത്. സി.പി.എമ്മിന്‍റെ പുതിയതും പഴയതുമായ സംസ്ഥാന ആസ്ഥാനം നിലകൊള്ളുന്ന കുന്നുകുഴി, പാളയം വാർഡുകൾ കോൺഗ്രസ് സ്ഥാനാർഥികൾ വിജയിച്ചുകയറിയത് സി.പി.എമ്മിനെ ഞെട്ടിച്ചു. കോർപറേഷൻ മുൻ ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഐ.പി.ബിനുവിന്‍റെ പരാജയം വലിയൊരു തിരിച്ചടിയായിരുന്നു. അപ്പോഴും പേട്ടയിൽ എസ്.പി ദീപക്കും, ചാക്കയിൽ കെ.ശ്രീകുമാർ, പുന്നയ്ക്കാമുകളിൽ ആർ.പി ശിവജിയും, വഞ്ചിയൂരിൽ വഞ്ചിയൂർ ബാബുമടക്കമുള്ള മുതിർന്ന നേക്കാളുടെ വിജയം പ്രവർത്തകർക്കും പാർട്ടിക്കും ആശ്വാസമായി.

ലേഡി സൂപ്പർസ്റ്റാറായി വൈഷ്ണ

മുട്ട‍ടയിൽ സി.പി.എമ്മിന്‍റെ സിറ്റിങ് സീറ്റ് പിടിച്ചെടുത്തുകൊണ്ട് വൈഷ്ണ സുരേഷ് വിജയിച്ചതായുള്ള പ്രഖ്യാപനം യു.ഡി.എഫ് പ്രവർത്തകരെ ആവേശത്തിലാക്കി. തങ്ങളുടെ പ്രായം കുറഞ്ഞ സ്ഥാനാർഥിയെ ആർപ്പുവിളികളോടെ തോളിലേറ്റി ആനന്ദനൃത്തം ചവിട്ടിയ പ്രവർത്തകർ ഇതൊരു സൂചനയാണെന്നും പ്രഖ്യാപിച്ചു. 9.32ഓടെ ലീഡ് നിലയിൽ ആദ്യമായി ബി.ജെ.പിയെ പിന്തള്ളി ഇടതുമുന്നണി ഒന്നാം സ്ഥാനത്തെത്തിയതോടെ സി.പി.എം കേന്ദ്രങ്ങൾ വീണ്ടും പ്രതീക്ഷയിലായി. ഫലം പ്രഖ്യാപിച്ച 44 വാർഡുകളിൽ 18 വാർഡുകളിലും എൽ.ഡി.എഫും 16 വാർഡുകളിൽ ബി.ജെ.പിയും ഒമ്പതിടത്ത് യു.ഡി.എഫും കണ്ണമൂലയിൽ സ്വതന്ത്രസ്ഥാനാർഥിയും ലീഡ് ചെയ്തു. എന്നാൽ 10 മണിയോടെ 25 വാർഡുകളിൽ ലീഡ് ഉയർത്തി ബി.ജെ.പി ഒന്നാം സ്ഥാനത്തേക്ക് തിരിച്ചെത്തി. നേമത്ത് മണ്ഡലത്തിലെ ഭൂരിഭാഗം വാർഡുകളിലും ബി.ജെ.പി സ്ഥാനാർഥികൾ പുഷ്പംപോലെ വിജയിച്ചുകയറി. ഇതോടെ എൽ.ഡി.എഫിന്‍റെ ലീഡ് നില 15 ലേക്ക് താഴ്ന്നു. അതേസമയം യു.ഡി.എഫ് അവരുടെ 2020ലെ നില മെച്ചപ്പെടുത്തി 12 വാർഡുകളിൽ ലീഡുമായി മുന്നോട്ടുവന്നു.

പൂത്തുലഞ്ഞ് താമര

11.45 ഓടെ 81 വാർഡുകളിൽ ഫലം പ്രഖ്യാപിച്ചപ്പോൾ 43 വാർഡുകളിൽ ബി.ജെ.പി സ്ഥാനാർഥികൾ വിജയിച്ചതോടെ ബി.ജെ.പി പ്രവർത്തകർ ആവേശത്തിലായി. ആദ്യമായി കോർപറേഷൻ പിടിച്ചെടുത്തിന്‍റെ ആവേശത്തിൽ മധുരം വിളമ്പിയും പുഷ്പങ്ങൾ വാരിയെറിഞ്ഞും വിജയിച്ച സ്ഥാനാർഥികളെ തോളിലേറ്റി നൃത്തം ചവിട്ടിയും പ്രവർത്തകർ ആഘോഷിച്ചു. ഇതോടെ ഇടത് മുഖങ്ങൾ മ്ലാനമായി. കോർപറേഷൻ ഭരണം നഷ്ടപ്പെട്ടതിന്‍റെ ആഘാതത്തിലായിരുന്നു നേതാക്കളും പ്രവർത്തകരും. പലർക്കും വിശ്വസിക്കാവുന്നതിനപ്പുറമായിരുന്നു ബി.ജെ.പിയുടെ മുന്നേറ്റവും. ബി.ജെ.പിയുടെ മേയർ സ്ഥാനാർഥി വി.വി.രാജേഷിന്‍റെതടക്കം വിജയം 50 സീറ്റുകളിലേക്ക് എത്തിയതോടെ അലങ്കരിച്ച വാഹനങ്ങളിൽ പ്രവർത്തകർ സ്ഥാനാർഥികളുമായി ബി.ജെ.പിയുടെ സംസ്ഥാന ഓഫീസായ മാരാർജി ഭവനിലേക്ക് തിരിച്ചു. പ്രവർത്തകരുടെ തിക്കിലും തിരക്കിലും പൊലീസും വാഹനയാത്രികരും നന്നേ വിയർത്തു. ബി.ജെ.പിക്ക് ചരിത്രജയം സമ്മാനിച്ചവരെ മരാർജി ഭവനിൽ തിരുവനന്തപുരം സിറ്റി ജില്ല അധ്യക്ഷൻ കരമന ജയന്‍റെ നേതൃത്വത്തിൽ മധുരം നൽകി സ്വീകരിച്ചു. 

Tags:    
News Summary - local body election result

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.