തിരുവനന്തപുരം: തലസ്ഥാന ജില്ലയിലെ ഇടതുആധിപത്യത്തിന് തദ്ദേശ തെരഞ്ഞെടുപ്പിൽ നേരിട്ടത് കനത്ത തിരിച്ചടി. തിരുവനന്തപുരം കോർപറേഷനിൽ ഭരണം നഷ്ടപ്പെട്ടതിനേക്കാൾ വലിയ ആഘാതം ഇവിടെ ബി.ജെ.പി ഒന്നാമതെത്തിയതാണ്. ജില്ലയിലെ നാല് നഗരസഭകൾ നിലനിർത്താനായെങ്കിലും ജില്ല പഞ്ചായത്തിലും ബ്ലോക്ക്, ഗ്രാമപഞ്ചായത്തുകളിലും എൽ.ഡി.എഫിന് അപ്രതീക്ഷിത തിരിച്ചടിയുണ്ടായി. ജില്ല പഞ്ചായത്തിൽ ഇടതുഭരണം തുടരുമെങ്കിലും യു.ഡി.എഫ് സീറ്റെണ്ണം വർധിപ്പിച്ചത് തിരിച്ചടിയായി. അതേസമയം, ജില്ല പഞ്ചായത്തിൽ ബി.ജെ.പിക്ക് ഇത്തവണയും പ്രാതിനിധ്യം ലഭിച്ചില്ല.
11 ബ്ലോക്ക് പഞ്ചായത്തുകളിൽ യു.ഡി.എഫ് ആറിടത്ത് വിജയിച്ചപ്പോൾ അഞ്ചിടത്തായി എൽ.ഡി.എഫ് വിജയം ചുരുങ്ങി. 2020ൽ പത്തിടത്ത് എൽ.ഡി.എഫ് ഭരണം നേടിയ സ്ഥാനത്താണിത്. ഗ്രാമപഞ്ചായത്തുകളിലും എൽ.ഡി.എഫിന് ആഘാതമുണ്ടാക്കുന്ന ഫലമാണുണ്ടായത്. അതേസമയം, യു.ഡി.എഫ് മുന്നേറ്റം നടത്തുകയും ചെയ്തു. ജില്ലയിലെ 73 ഗ്രാമപഞ്ചായത്തുകളിൽ 52 ഇടത്ത് ഭരണമുണ്ടായിരുന്നത് 35 ആയി ചുരുങ്ങി. 18 ഗ്രാമപഞ്ചായത്തുകളുണ്ടായിരുന്ന യു.ഡി.എഫ് ഇക്കുറി വിജയം 25ന് മുകളിലേക്ക് ഗ്രാഫ് ഉയർത്തി. രണ്ട് പഞ്ചായത്തുകളിൽ മാത്രം ഭരണമുണ്ടായിരുന്ന എൻ.ഡി.എ ആറിടത്താണ് ഒന്നാമതെത്തിയത്. ഏഴ് പഞ്ചായത്തുകളിൽ ആർക്കും ഭൂരിപക്ഷമില്ല.
2020നെ അപേക്ഷിച്ച് സീറ്റ് കുറഞ്ഞെങ്കിലും ആറ്റിങ്ങലിൽ ഭരിക്കാനുള്ള ഭൂരിപക്ഷം ഇടതുപക്ഷം നേടി. വർക്കലയിൽ 2010ലെ തെരഞ്ഞെടുപ്പിന് സമാനമായി എൻ.ഡി.എയാണ് രണ്ടാമതെത്തിയത്. 27 സീറ്റുണ്ടായിരുന്ന നെടുമങ്ങാട് നഗരസഭയിൽ രണ്ട് സീറ്റ് അധികം നേടിയാണ് ഇടതുപക്ഷം ഭരണം നിലനിർത്തിയത്. നെയ്യാറ്റിൻകരയിലും എൽ.ഡി.എഫ് നില മെച്ചപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.