കൊല്ലം: അപകട, അക്രമരഹിത പുതുവത്സരാഘോഷത്തിന് സുരക്ഷയുമായി പൊലീസ്. പുതുവത്സരാഘോഷങ്ങൾ ലഹരിയിൽ മുങ്ങാതിരിക്കാനും റോഡുകളിൽ ചോരവീഴാതെ അപകടരഹിതമാക്കുവാനുമാണ് പൊലീസ് രംഗത്തിറങ്ങിയിരിക്കുന്നത്. ജില്ലയിലെ മുഴുവൻ പൊലീസ് ഉദ്യോഗസ്ഥരെയും സായുധ പൊലീസിെനയും ഏകോപിപ്പിച്ച് സിറ്റി പൊലീസ് മേധാവി പി.കെ. മധുവിൻെറയും റൂറൽ പൊലീസ് മേധാവി ഹരിശങ്കറിൻെറ നേതൃത്വത്തിലാണ് സുരക്ഷാ സംവിധാനം ഏർപ്പെടുത്തിയിട്ടുള്ളത്. ജില്ല അതിർത്തികൾ കേന്ദ്രീകരിച്ച് മദ്യം, മയക്കുമരുന്ന് എന്നിവയുടെ വ്യാപനം തടയാനായി നിരന്തര പരിശോധനകൾ നടത്തും. മദ്യപിച്ച് വാഹനം ഓടിക്കുക, അപകടകരമായി വാഹനം ഓടിക്കുക, ഗതാഗതതടസ്സമുണ്ടാക്കുന്ന തരത്തിൽ വാഹന പാർക്കിങ് തുടങ്ങിയ ഗതാഗത നിയമലംഘനം നടത്തുന്നവർക്കെതിരെ ലൈസൻസ് റദ്ദാക്കലടക്കമുള്ള കർശന നടപടികൾ സ്വീകരിക്കും. ദേശീയപാതകളിൽ അഞ്ച് കിലോമീറ്റർ ഇടവിട്ട് പ്രത്യേക പേട്രാളിങ് സംഘങ്ങൾ, ഒാരോ പൊലീസ് സ്റ്റേഷനും കേന്ദ്രീകരിച്ച് നാല് അധിക പട്രോളിങ് സംഘങ്ങൾ, കൺേട്രാൾ റൂം വാഹനങ്ങൾ എന്നിവ ഉപയോഗിച്ച് പുതുവത്സര തലേന്ന് മുതൽ കർശന വാഹനപരിശോധന എന്നിവ ഉണ്ടായിരിക്കും. അലക്ഷ്യമായും അമിത വേഗത്തിലും ഓടിക്കുന്ന വാഹനങ്ങൾ അപകട സാധ്യത കണക്കിലെടുത്ത് പിടിച്ചെടുക്കും. പൊതുസ്ഥലങ്ങളിൽ മദ്യപിച്ച് ക്രമരഹിതമായി പെരുമാറുന്നവർക്കെതിരെ നടപടിയെടുക്കും. പ്രധാന റോഡുകൾ, ബീച്ചുകൾ, ഷോപ്പിങ് മാളുകൾ, സിനിമാ തിയറ്ററുകൾ, ബസ് സ്റ്റാൻഡുകൾ, റെയിൽവേ സ്റ്റേഷനുകൾ എന്നിവ കേന്ദ്രീകരിച്ച് പൊലീസിൻെറയും നിഴൽ പൊലീസിൻെറയും പരിശോധന ഏർപ്പെടുത്തിയിട്ടുണ്ട്. വനിതാ പൊലീസ്, പിങ്ക് ബീറ്റ് എന്നിവയുടെ മഫ്തിയിലും അല്ലാതെയുമുള്ള പ്രത്യേക പരിശോധനാസംഘങ്ങളും സജ്ജമായിട്ടുണ്ട്. നഗരത്തിലും ദേശീയ, സംസ്ഥാനപാതകളിലും മറ്റ് പ്രധാന റോഡുകളിലും ഒരു കിലോമീറ്ററിൽ ഒരു പൊലീസ് വാഹനം എന്ന തരത്തിൽ ക്രമീകരിച്ചിട്ടുണ്ട്. ജില്ലയിലെ പ്രധാന സ്ഥലങ്ങളിൽ ക്രമസമാധാന പാലനത്തിലും ഗതാഗത നിയന്ത്രണത്തിനും സി.സി.ടി.വി കാമറകൾ സ്ഥാപിച്ച് ജില്ലാ പൊലീസ് കൺേട്രാൾ റൂമുമായി ബന്ധിപ്പിച്ചിട്ടുണ്ട്. ഇതിനായി സ്ഥിരമായി സ്ഥാപിച്ചിട്ടുളള കാമറകൾ കൂടാതെ തെരഞ്ഞെടുത്ത സ്ഥലങ്ങളിൽ കൂടുതൽ കാമറകൾ നിരീക്ഷണത്തിനായി സ്ഥാപിച്ചു. പൊതുജനങ്ങൾക്ക് ക്രമസമാധാന-ഗതാഗതലംഘനങ്ങളെയും ലഹരി ഉപയോഗത്തെക്കുറിച്ചുമുള്ള വിവരങ്ങൾ 1090, 112, 0474-2764422 എന്നീ നമ്പറുകളിൽ അറിയിക്കാവുന്നതാണ്. സമാധാനപൂർണമായ ആഘോഷപര്യവസാനത്തിന് വേണ്ടി പൊലീസ് ഏർപ്പെടുത്തിയിരിക്കുന്ന ക്രമീകരണങ്ങളിൽ പൊതുജനങ്ങളുടെ സഹകരണം പ്രതീക്ഷിക്കുന്നതായും അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.