സ്​നേഹ കരോളുമായി കർദിനാളും സംഘവും കവടിയാര്‍ കൊട്ടാരത്തില്‍

തിരുവനന്തപുരം: മതത്തിൻെറ പേരിലും വസ്ത്രത്തിൻെറ നിറം നോക്കിയും ഭരണകൂടം ജനങ്ങളുടെ പൗരത്വം തിരയുമ്പോൾ നന്മയുടെയും സാഹോദര്യത്തിൻെറയും സന്ദേശവുമായി മലങ്കര കത്തോലിക്ക സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ കവടിയാര്‍ കൊട്ടാരത്തിലെത്തി. സൻെറ് മേരീസ് മലങ്കര മേജര്‍ സെമിനാരിയിലെ വൈദിക വിദ്യാര്‍ഥികളോടൊപ്പമാണ് ചൊവ്വാഴ്ച രാത്രിയോടെ ക്രിസ്മസ് കേരാള്‍ സംഘമായി കര്‍ദിനാളിൻെറ നേതൃത്വത്തില്‍ വൈദികർ കൊട്ടാരത്തിലെത്തിയത്. പൂയംതിരുനാള്‍ ഗൗരിപാര്‍വതി ഭായി, അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മിഭായി, ആദിത്യ വർമ, ഗോദവര്‍മ രാജ എന്നിവര്‍ ചേര്‍ന്ന് ഇവരെ സ്വീകരിച്ചു. രാജകുടുംബങ്ങൾക്കായി പ്രത്യേകം തയാറാക്കിയ കേക്ക് ക്ലീമിസ് ബാബ ഗൗരിപാർവതി ഭായിക്ക് സമ്മാനിച്ചു. തുടർന്ന്, കൊട്ടാരത്തിലെ ഹാളിൽ വൈദീക വിദ്യാര്‍ഥികള്‍ കേരാള്‍ ഗാനം ആലപിച്ചു. ജാതി മത രാഷ്ട്രീയ ചിന്തകള്‍ക്ക് അതീതരായി മനുഷ്യരില്‍ സ്‌നേഹത്തിൻെറ സന്ദേശം ഊട്ടിയുറപ്പിക്കുന്നതിനായാണ് ഇത്തരം ക്രിസ്മസ് കേരാളുകള്‍ നടത്തുന്നതെന്നു കര്‍ദിനാള്‍ പറഞ്ഞു. ക്രിസ്മസ് എല്ലാ ജനങ്ങള്‍ക്കും സന്തോഷം സമ്മാനിക്കുന്നു. ഈ ദേശത്തിലെ എല്ലാവരെയും ഒരുപോലെ കരുതിയ രാജകുടുംബത്തില്‍ സന്ദര്‍ശനം നടത്താനും രാജകുടുംബാംഗങ്ങളോടൊപ്പം കേരാള്‍ ഗാനം ആലപിക്കാന്‍ കഴിഞ്ഞതും ഏറ്റവും സന്തോഷം പകരുന്നതായും അദ്ദേഹം പറഞ്ഞു. കേരാള്‍ ഗാനം കേള്‍ക്കാനെത്തിയ എല്ലാവര്‍ക്കും കര്‍ദിനാള്‍ മധുരം വിതരണം ചെയ്തു. കേരാള്‍ ഗാനത്തിനുശേഷം കൊട്ടാരം വകയായും മധുരം വിളമ്പി. കർദിനാളിൻെറ സന്ദർശനത്തിൽ അതിയായ സന്തോഷമുണ്ടെന്നും ഈ ക്രിസ്മസ് ദിനം തങ്ങൾക്ക് മറക്കാനാവില്ലെന്നും പൂയംതിരുനാള്‍ ഗൗരിപാര്‍വതി ഭായി പറഞ്ഞു. അരമണിക്കൂറോളം രാജകുടുംബാംഗങ്ങളോട് സൗഹൃദസംഭാഷണം നടത്തിയ ശേഷമാണ് കര്‍ദിനാളും സംഘവും മടങ്ങിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.