തിരുവനന്തപുരം: വിദ്യാഭ്യാസ ശാക്തീകരണം വികസനപ്രക്രിയയുടെ ഭാഗമായാണ് സർക്കാർ കാണുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാന സാക്ഷരത മിഷൻ അതോറിറ്റി സംഘടിപ്പിക്കുന്ന കുടുംബശ്രീ പ്രവർത്തകർക്കുള്ള 10ാംതരം, ഹയർ സെക്കൻഡറി തുല്യതാപരിപാടിയായ 'സമ' ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഈ പദ്ധതിയിലൂടെ കേരളം രാജ്യത്ത് മാതൃക സൃഷ്ടിക്കുകയാണ്. ഒരു ലക്ഷം സ്ത്രീകൾ ഒന്നിച്ച് അനൗപചാരിക വിദ്യാഭ്യാസത്തിൻെറ ഭാഗമാകുന്നത് രാജ്യത്ത് ആദ്യമാണ്. ഭരണഘടനപ്രകാരം വിദ്യാഭ്യാസം പൗരാവകാശമാണ്. ഇത് യാഥാർഥ്യമാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. പാതിവഴിയിൽ പഠനം ഉപേക്ഷിച്ച സ്ത്രീകൾക്ക് തുടർവിദ്യാഭ്യാസത്തിലൂടെ ആത്മവിശ്വാസം പകരാനും ഉന്നതവിദ്യാഭ്യാസത്തിനും തൊഴിൽനേടാനും പദ്ധതി സഹായിക്കും. ഇതിലൂടെ കുടുംബശ്രീക്ക് വിദ്യാഭ്യാസ ശാക്തീകരണപ്രവർത്തനങ്ങളിലേക്കും കടക്കാൻ അവസരം ലഭിച്ചിരിക്കുകയാണ്. മന്ത്രി എ.സി. മൊയ്തീൻ അധ്യക്ഷത വഹിച്ചു. 'സമ' പദ്ധതിയുടെ ലോഗോ മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് പ്രകാശനം ചെയ്തു. കുടുംബശ്രീ മിഷൻ എക്സിക്യൂട്ടിവ് ഡയറക്ടർ എസ്. ഹരികിഷോർ ലോഗോ ഏറ്റുവാങ്ങി. സാക്ഷരത മിഷൻ ഡയറക്ടർ ഡോ. പി.എസ്. ശ്രീകല സ്വാഗതവും അസി. ഡയറക്ടർ ഡോ. വിജയമ്മ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.