തിരുവനന്തപുരം: ഇടുക്കിയിലെ ഭൂമി പ്രശ്നം പരിഹരിക്കാൻ മുഖ്യമന്ത്രി വിളിച്ച സർവകക്ഷി യോഗത്തിലെ തീരുമാനം അനുസരിച്ച് ഇടുക്കി ഉത്തരവ് നടപ്പാക്കൽ ശബരിമല വിധി പോലെയാവുമെന്ന് റവന്യൂ വകുപ്പിന് ആശങ്ക. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ 1964ലെ ഭൂപതിവ് ചട്ടത്തിൽ ഭേദഗതി വരുത്തിയ സർക്കാർ ഉത്തരവ് പിൻവലിക്കണമെന്നാണ് ഇടുക്കിയിലെ രാഷ്ട്രീയനേതൃത്വം കക്ഷിഭേദമന്യേ ആവശ്യപ്പെട്ടത്. മൂന്നാർ ഉൾപ്പെടെ മേഖലയിൽ അനധികൃതമായി ഭൂമി കൈയേറി നടത്തുന്ന നിർമാണപ്രവർത്തനങ്ങൾ തടയണമെന്ന് ആവശ്യപ്പെട്ട് 'ഒൺ എർത്ത് ഒൺ ലൈഫ്' സംഘടന നൽകിയ കേസിലെ ഹൈകോടതി വിധി പ്രകാരമാണ് റവന്യൂ വകുപ്പ് ഉത്തരവിട്ടത്. മൂന്നാർ മേഖലയിൽ പരിസ്ഥിതിക്ക് നാശം വരുത്തുന്നതരത്തിൽ ഭൂമി കൈയേറ്റവും അനധികൃത നിർമാണവും ഖനനവും നടക്കുന്നതായി വിധിയിൽ പറഞ്ഞിരുന്നു. ഇതനുസരിച്ച് ഭൂപതിവ് ചട്ടപ്രകാരം പതിച്ചുനൽകിയ 15 സൻെറ് വരെ പട്ടയഭൂമിയിലെ 1500 ചതുരശ്ര അടിയിൽ താഴെയുള്ള വാണിജ്യാവശ്യത്തിന് ഉപയോഗിക്കുന്ന കെട്ടിടങ്ങൾ ക്രമവത്കരിച്ചു. 1500 ചതുരശ്ര അടിയിൽ അധികം തറ വിസ്തീർണമുള്ള കെട്ടിടങ്ങൾ ഓരോ കേസിലും പ്രത്യേകം റിപ്പോർട്ട് തയാറാക്കി കലക്ടർ സർക്കാറിന് സമർപ്പിക്കണം. ഇൗ രണ്ടുവിഭാഗത്തിലും ഉൾപ്പെടാത്ത സർക്കാർ ഭൂമി കൈയേറി നിർമിച്ച കെട്ടിടങ്ങൾ ഏറ്റെടുക്കാനായിരുന്നു ഉത്തരവ്. ഉത്തരവനുസരിച്ച് പട്ടയഭൂമി എന്താവശ്യത്തിനാണോ നല്‍കിയത് അതിനുമാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂ. ചട്ടപ്രകാരം കൃഷിക്കും താമസത്തിനുമാണ് ഭൂമിക്ക് പട്ടയം നൽകിയത്. കാർഷികാവശ്യത്തിന് നൽകിയ പട്ടയഭൂമിയില്‍ കെട്ടിടങ്ങളോ വ്യാപാരസ്ഥാപനങ്ങളോ തുടങ്ങാനാകില്ല. പട്ടയഭൂമിയില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് വില്ലേജ് ഓഫിസറുടെ എൻ.ഒ.സിയും വേണം. ഭരണ-പ്രതിപക്ഷ ഭേദമില്ലാതെ ഇടുക്കിയിലെ രാഷ്ട്രീയനേതാക്കൾ സർക്കാർ ഉത്തരവിനെതിരെ രംഗത്തിറങ്ങി. ഉത്തരവ് നിരുപാധികം പിൻവലിക്കണമെന്നായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം. എന്നാൽ, ഉത്തരവ് പിൻവലിക്കാനോ മരവിപ്പിക്കാനോ സർവകക്ഷിയോഗം തീരുമാനമെടുത്തില്ല. റവന്യൂ ഉദ്യോഗസ്ഥർ തുടർനടപടി സ്വീകരിക്കാൻ എത്തിയാൽ കൈയേറ്റ മാഫിയക്കുവേണ്ടി സർവകക്ഷി സംഘം തടയാനെത്തും. ഉത്തരവ് ചുവപ്പുനടയിൽ കുടുങ്ങുമെന്നാണ് ഉന്നത റവന്യൂ ഉദ്യോഗസ്ഥരുടെ അഭിപ്രായം. ഇതോടെ അനധികൃത കൈയേറ്റമൊഴിപ്പിക്കലും കെട്ടിടങ്ങൾ ഏറ്റെടുക്കലും ഒരടി മുന്നോട്ടുപോവില്ലെന്നാണ് വിലയിരുത്തൽ. ആർ. സുനിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.