തിരുവനന്തപുരം: മാവേലി സ്റ്റോറുകൾ വഴി വിതരണം ചെയ്യാൻ മഹാരാഷ്ട്രയിലെ മില്ലിൽനിന്ന് സപ്ലൈകോ വാങ്ങിയ 35,000 കിലോ പഞ്ചസാര അപ്രത്യക്ഷമായതിനെ കുറിച്ച് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ. സപ്ലൈകോ മാനേജിങ് ഡയറക്ടർ നാലാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആൻറണി ഡൊമിനിക് ആവശ്യപ്പെട്ടു. ആഗസ്റ്റ് എട്ടിന് ആന്ധ്രയിലെ ട്രാൻസ്പോർട്ട് ഏജൻസി വഴി വലിയതുറയിലെ സപ്ലൈകോ ഗോഡൗണിലേക്ക് കയറ്റിവിട്ട 700 ചാക്ക് പഞ്ചസാരയാണ് കാണാതായത്. ഇറക്കാത്ത സാധനത്തിന് ഗോഡൗൺ ഉദ്യോഗസ്ഥർ കൈപ്പറ്റ് രശീത് നൽകിയതായി മനുഷ്യാവകാശ പ്രവർത്തകനായ രാഗം റഹിം സമർപ്പിച്ച പരാതിയിൽ പറയുന്നു. ഉദ്യോഗസ്ഥരും ട്രാൻസ്പോർട്ട് കരാറുകാരും ചേർന്ന് പഞ്ചസാര മറിച്ചുകടത്തിയെന്നാണ് സംശയം. പണമാവശ്യപ്പെട്ട് മഹാരാഷ്ട്രയിലെ മിൽ അധികൃതർ സപ്ലൈകോയിൽ ബന്ധപ്പെട്ടപ്പോഴാണ് തിരിമറി പുറത്തറിഞ്ഞത്. തുടർന്ന്, ഉയർന്ന ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ തിരിമറി ഉറപ്പാക്കി. സംഭവത്തിൽ വിജിലൻസ് അന്വേഷണം ആരംഭിച്ചു. പഞ്ചസാര ലഭിച്ചതായി ഗോഡൗണിലെ ചുമതലക്കാർ രസീത് നൽകി. പക്ഷേ, ഗോഡൗണിനുള്ളിൽ വാഹനം കടന്നതായോ ചുമട്ടുതൊഴിലാളികൾ ലോഡ് ഇറക്കിയതായോ രേഖയില്ല. ഒപ്പിട്ട് നൽകിയ കാര്യം ഓർമയില്ലെന്നാണ് െകെപ്പറ്റ് രസീതിൽ ഒപ്പൈവച്ച ഉദ്യോഗസ്ഥൻെറ മൊഴി. എന്നാൽ, ചെക്ക്പോസ്റ്റ് വഴി ലോറി കേരളത്തിലേക്ക് കടന്നിട്ടില്ല. ഇത്തരം സംഭവങ്ങളിൽ കീഴ്ജീവനക്കാരെ ബലിയാടാക്കി ഉന്നതർ രക്ഷപ്പെടാറാണ് പതിവെന്ന് പരാതിയിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.