പെരുകാവിലെ ആക്രമണപരമ്പര; നാലുപേര്‍ കസ്​റ്റഡിയില്‍

നേമം: മലയിന്‍കീഴ് സ്റ്റേഷന്‍ പരിധിയില്‍ പെരുകാവിലുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് നാലുപേരെ മലയിന്‍കീഴ് എസ്. ഐയുടെ നേതൃത്വത്തിലെ സംഘം കസ്റ്റഡിയിലെടുത്തു. തൈക്കാട് വലിയശാല ശാന്തികവാടത്തിന് സമീപം വാടകവീട്ടില്‍ താമസിക്കുന്ന വിഷ്ണു എസ്. നായര്‍ (21), കരമന മേലാറന്നൂര്‍ പുലിയൂര്‍ ക്ഷേത്രത്തിന് സമീപം താമസിക്കുന്ന നന്ദു (20), കരമന മേലാറന്നൂര്‍ തോട്ടുവരമ്പ് ഭാഗത്ത് താമസിക്കുന്ന അയ്യപ്പന്‍ (25), തമലം അംബേദ്കര്‍ നഗര്‍ സ്വദേശി അനൂപ് കൃഷ്ണന്‍ (24) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞദിവസം അര്‍ധരാത്രിയോടടുത്തായിരുന്നു സംഭവം. പെരുകാവ് ഭാഗത്ത് ബൈക്കിലെത്തിയ അക്രമിസംഘം കണ്ണില്‍ക്കണ്ടതൊക്കെ തല്ലിത്തകര്‍ക്കുകയായിരുന്നു. ഒന്നിച്ചിരുന്ന് മദ്യപിച്ചശേഷം പെരുകാവ് ഭാഗത്തുള്ള സുഹൃത്തിനെ കൊണ്ടുവിടുന്നതിനാണ് സംഘം എത്തിയത്. മദ്യലഹരിയിലാണ് പ്രതികള്‍ അക്രമം നടത്തിയത്. രണ്ട് കാറുകള്‍, ജങ്ഷനിലുണ്ടായിരുന്ന ഹൈമാസ്റ്റ് ലൈറ്റ്, സ്വിച്ച് ബോര്‍ഡുകള്‍ എന്നിവ തകര്‍ത്ത സംഘം ചില വീടുകള്‍ക്കുനേരെ കല്ലേറ് നടത്തുകയും ചെയ്തു. പ്രതികളെ വിവിധ സ്ഥലങ്ങളില്‍നിന്നാണ് പൊലീസ് പിടികൂടിയത്. അറസ്റ്റിലായവരെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.