ഇടതുപക്ഷത്തി​െൻറ കൈയടി വാങ്ങാന്‍ പി.ജെ. ജോസഫ് ശ്രമിക്കുന്നു -കേരള കോണ്‍ഗ്രസ്​ ജോസ്​ വിഭാഗം

ഇടതുപക്ഷത്തിൻെറ കൈയടി വാങ്ങാന്‍ പി.ജെ. ജോസഫ് ശ്രമിക്കുന്നു -കേരള കോണ്‍ഗ്രസ് ജോസ് വിഭാഗം കോട്ടയം: തുടർച്ചയായ പ്രസ്താവനകളിലൂടെ വിവാദങ്ങളുണ്ടാക്കി യു.ഡി.എഫ് അണികളിൽ ബോധപൂർവം ആശയക്കുഴപ്പം സൃഷ്ടിച്ച് ഇടതുപക്ഷത്തിൻെറ കൈയടി വാങ്ങാനാണ് പി.ജെ. ജോസഫ് ശ്രമിക്കുന്നതെന്ന് കോട്ടയത്ത് ചേർന്ന കേരള കോൺഗ്രസ് എം ഉന്നതാധികാര സമിതി കുറ്റപ്പെടുത്തി. ഇടതു സർക്കാറിനെതിരായി ജനരോഷം ആളിക്കത്തുന്ന വിഷയങ്ങളിൽ അർഥഗർഭമായ മൗനം പാലിക്കുന്ന ജോസഫ് ഇടതുപക്ഷത്തെ സ്വീകാര്യത വർധിപ്പിക്കാനുള്ള അജണ്ടയാണ് നടപ്പാക്കുന്നത്. ഉപതെരഞ്ഞെടുപ്പ് ഫലത്തെ തുടർന്ന് പരസ്യ പ്രസ്താവനകൾ പാടില്ലെന്ന് യു.ഡി.എഫ് നേതൃത്വം വിലക്കിയിട്ടും വ്യക്തിഹത്യയും വിലകുറഞ്ഞ പ്രസ്താവനകളും നടത്തുന്ന ജോസഫ് സഹായിക്കുന്നത് രാഷ്ട്രീയ ശത്രുക്കളെയാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് മുന്നോടിയായി താഴെതട്ട് വരെ പാർട്ടിയെ ശക്തിപ്പെടുത്താനുള്ള പ്രവർത്തനങ്ങൾക്ക് യോഗം രൂപംനൽകി. ജില്ലതലത്തിലും നിയോജകമണ്ഡലം തലത്തിലും വിപുലമായ പ്രവർത്തന കൺവെൻഷൻ ചേരും. വിവിധ കാർഷിക വിഷയങ്ങൾ ഏറ്റെടുത്ത്‌ ഇടുക്കി, കോട്ടയം ജില്ലകളിൽ പാർട്ടി നടത്തുന്ന പ്രക്ഷോഭങ്ങളുടെ രണ്ടാംഘട്ട പരിപാടികൾക്കും രൂപംനൽകി. ജോസ് കെ. മാണി എം.പി, തോമസ് ചാഴിക്കാടൻ എം.പി, റോഷി അഗസ്റ്റിൻ എം.എൽ.എ, ഡോ. എൻ. ജയരാജ് എം.എൽ.എ തുടങ്ങിയവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.