തീരദേശ നിയന്ത്രണ ലംഘനങ്ങൾ തുടർക്കഥ; ​സി ആൻഡ്​ എ.ജി റിപ്പോർട്ട്​ വെളിച്ചത്തിലേക്ക്

തീരദേശ നിയന്ത്രണ ലംഘനങ്ങൾ തുടർക്കഥ; സി ആൻഡ് എ.ജി റിപ്പോർട്ട് വെളിച്ചത്തിലേക്ക് കെ.എസ്. ശ്രീജിത്ത് തിരുവനന്തപ ുരം: സംസ്ഥാനത്തെ തീരദേശ നിയന്ത്രണ (സി.ആർ.ഇസഡ്) ലംഘനങ്ങൾ സംബന്ധിച്ച വിവരങ്ങൾ ശേഖരിക്കണമെന്ന സുപ്രീംകോടതി പരാമർശത്തിൻെറ പശ്ചാത്തലത്തിൽ 2013ലെ കംട്രോളർ ആൻഡ് ഒാഡിറ്റർ ജനറൽ (സി.എ.ജി) റിപ്പോർട്ട് ചർച്ചയാവുന്നു. ആറ് വർഷമായി യു.ഡി.എഫ്, എൽ.ഡി.എഫ് സർക്കാറുകളുടെ മുന്നിൽ പൊടിപിടിച്ച് ഇരിക്കുന്ന ഇൗ റിപ്പോർട്ടാണ് വൻകിട നിർമാതാക്കളുടെയും സ്വകാര്യവ്യക്തികളുടെയും സി.ആർ.ഇസഡ് ലംഘനത്തിലേക്ക് സർക്കാറിൻെറ ശ്രദ്ധക്ഷണിച്ചത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ സംബന്ധിച്ച 2013ലെ റിപ്പോർട്ടിലാണ് കൊച്ചി മുനിസിപ്പാലിറ്റിയിലെ കടൽ, കായലോരങ്ങളിൽ സി.ആർ.ഇസഡ് നിയന്ത്രണം ലംഘിച്ചുള്ള 19 നിർമാണങ്ങൾ സി.എ.ജി വെളിപ്പെടുത്തിയത്. 21 നിലവരെയുള്ള ബഹുനില കെട്ടിടങ്ങൾ ഉൾപ്പെട്ട പട്ടിക കൊച്ചി ചെലവന്നൂർ കായലോരത്ത് നടന്ന തീരദേശ നിയന്ത്രണമേഖലാ ലംഘനങ്ങളെക്കുറിച്ചുള്ളതായിരുന്നു. സി.ആർ.ഇസഡ് നിയന്ത്രണം ലംഘിച്ചിട്ടും കൊച്ചി മുനിസിപ്പാലിറ്റി ഇൗ കെട്ടിട, ഫ്ലാറ്റ്, അപ്പാർട്ട്മൻെറ് നിർമാണങ്ങൾക്ക് അനുമതി നൽകിയെന്ന് റിപ്പോർട്ട് പറയുന്നു. ചെലവന്നൂർ കായലോരത്തെ തീരദേശ നിയന്ത്രണ മേഖലയായാണ് പ്രഖ്യാപിച്ചിട്ടുള്ളത്. തീരദേശ നിയന്ത്രണ വ്യവസ്ഥകളുടെ ലംഘനം തീരദേശ പരിപാലന അതോറിറ്റിയെ മുനിസിപ്പാലിറ്റി അറിയിക്കേണ്ടതാണ്. പക്ഷേ, അത് ചെയ്തില്ലെന്നു മാത്രമല്ല, കേന്ദ്ര വനം, പരിസ്ഥിതി, കാലാവസ്ഥ മന്ത്രാലയത്തിൻെറ അനുമതി ഇല്ലാതെയാണ് നിർമാണം നടത്തിയത്. കടലോരങ്ങളിൽ വേലിയേറ്റരേഖയിലും വേലിയിറക്കരേഖയിലും നിന്ന് 500 മീറ്റർ ദൂരം സി.ആർ.ഇസഡ് മേഖലയാണ്. നദികളുടെയും കായലുകളുടെയും കാര്യത്തിൽ ഇത് നൂറുമീറ്ററാണ്. സി.ആർ.ഇസഡ് നിയന്ത്രണം ലംഘിച്ച് നിർമിച്ച പല കെട്ടിടങ്ങൾക്കും നിയന്ത്രണരേഖയിൽനിന്ന് ഏഴ് മുതൽ 30 മീറ്റർ ദൂരം മാത്രമാണ് അകലം. ഗാലക്സി ഡെവലപ്പേഴ്സ് (13 നില), ഹീര കൺസ്ട്രക്ഷൻസ് (18 നില), അമ്പാടി റിട്രീറ്റ്സ് (ഒമ്പത് നില), ജുവൽ ഹോംസ് (10 നില), എം.എ. യൂസഫലി (മൂന്ന് നില), റെയിൻ ട്രീ റിയൽമസ്, അബാദ് ലോട്ടസ്, ബ്ലൂ ലഗൂൺ, അഡെലി ബിൽഡേഴ്സ് ആൻഡ് ഡെവലപ്പേഴ്സ് (21 നില). ഇതുകൂടാതെ സുപ്രീംകോടതി, ഹൈകോടതി, ദേശീയ ഹരിത ട്രൈബ്യൂണൽ എന്നിവയുടെ മുന്നിലുള്ള കേസുകളിലും തീരദേശ പരിപാലന അതോറിറ്റിയുടെ റിപ്പോർട്ടിലും സംസ്ഥാനത്തെ 66 തീരദേശ നിയന്ത്രണ മേഖലാ ലംഘനത്തിൻെറ പട്ടികയുണ്ട്. ഇവയിൽ പലതും സി.എ.ജി റിപ്പോർട്ടിലും ഇടംപിടിച്ചിരുന്നു. ഒപ്പം മരടിലെ 1,800 നിർമാണങ്ങളിലെ സി.ആർ.ഇസഡ് ലംഘനം തീരദേശപരിപാലന അേതാറിറ്റി പരിശോധിക്കുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.