യുവാവിൻെറ കൊലപാതകം; പ്രതികളെ റിമാൻഡ് ചെയ്തു കരുനാഗപ്പള്ളി: കുലശേഖരപുരം കുഴിവേലി ജങ്ഷന് സമീപം ഉത്രാട രാത്രിയി ൽ യുവാവ് കുത്തേറ്റ് മരിച്ച സംഭവത്തിൽ അറസ്റ്റിലായവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കുലശേഖരപുരം നീലികുളം വെളുത്തേരിൽ ഷെഹിം ഷാ (25), സഹോദരൻ അലി അഷ്‌കർ (21) എന്നിവരെയാണ് റിമാൻഡ് ചെയ്തത്. കുലശേഖരപുരം നീലികുളം ലാലിഭവനത്തിൽ സുജിത്ത് (ലാലുകുട്ടൻ -35) ആണ് മരിച്ചത്. കൃത്യം നടത്താൻ പ്രതികൾ ഉപയോഗിച്ച ആയുധം കരുനാഗപ്പള്ളി റെയിൽവേ സ്റ്റേഷന് സമീപം കുറ്റിക്കാട്ടിൽനിന്ന് പൊലീസ് കണ്ടെടുത്തു. സംഭവത്തിനുശേഷം ട്രെയിനിൽ സ്ഥലംവിടാനായിരുന്നു പ്രതികളുടെ ശ്രമം. പൊലീസ് വ്യാപക അന്വേഷണം സജീവമാക്കിയതോടെ ശ്രമം പരാജയപ്പെടുകയായിരുന്നു. കൂടുതൽ അന്വേഷണത്തിന് പ്രതികളെ കസ്റ്റഡിയിൽ വാങ്ങും. ഇതിനായി അടുത്ത പ്രവൃത്തിദിവസംതന്നെ കോടതിയെ സമീപിക്കുമെന്ന് കരുനാഗപ്പള്ളി സി.ഐ മുഹമ്മദ് ഷാഫി പറഞ്ഞു. സുജിത്തിൻെറ നെഞ്ചിൻെറ മധ്യഭാഗത്തേറ്റ കുത്ത് മരണകാരണമായെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ പ്രാഥമിക നിഗമനം. ഫ്ലൈവീൽ ഉൾെപ്പടെ ഉപയോഗിച്ച് മർദിച്ച പാടുകളും ഉണ്ടായിരുന്നു. അലി അഷ്കറാണ് സുജിത്തിനെ കുത്തിയതും മർദിച്ചതും. ഇരുവീട്ടുകാർ തമ്മിലെ വാക്കുതർക്കത്തെ തുടർന്നുണ്ടായ സംഭവത്തെ വർഗീയവത്കരിക്കാൻ ഒരുവിഭാഗം നടത്തുന്ന ശ്രമത്തെ പൊലീസ് ജാഗ്രതയോടെയാണ് കാണുന്നത്. സംഭവത്തിൻെറ മറവിൽ വീടും കടകളും മത്സ്യമാർക്കറ്റും ഉൾെപ്പടെ ആക്രമിച്ചത് സംബന്ധിച്ച പരാതി ലഭിച്ചിട്ടുണ്ടെന്നും ഇക്കാര്യങ്ങൾ വിശദമായി അന്വേഷിച്ച് നടപടി സ്വീകരിക്കുമെന്നും പൊലീസ് പറഞ്ഞു. കരുനാഗപ്പള്ളി എ.സി.പി വിദ്യാധരൻെറ നേതൃത്വത്തിലാണ് അന്വേഷണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.