തിരുവനന്തപുരം: യൂനിവേഴ്സിറ്റി കോളജിൽ കുത്തേറ്റ വിദ്യാർഥിയെക്കൂടി ഉൾപ്പെടുത്തി എസ്.എഫ്.െഎ യൂനിറ്റ് പുനഃസംഘടിപ്പിച്ചത് കേസ് അട്ടിമറിക്കാനാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കാമ്പസുകളിൽ സി.പി.എം പിന്തുണയോടെയുള്ള എസ്.എഫ്.െഎ അക്രമം അവസാനിപ്പിക്കുക, പി.എസ്.സിയുടെ വിശ്വാസ്യത വീണ്ടെടുക്കുക, വൈദ്യുതി ചാർജ് വർധന പിൻവലിക്കുക, തദ്ദേശഭരണ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളും കാരുണ്യ പദ്ധതിയും അട്ടിമറിക്കുന്നത് അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് യു.ഡി.എഫ് എം.എൽ.എമാർ സെക്രേട്ടറിയറ്റിന് മുന്നിൽ നടത്തിയ പ്രതിഷേധ ധർണ ഉദ്ഘാടനം െചയ്യുകയായിരുന്നു അദ്ദേഹം. കേസ് അട്ടിമറിക്കുന്നത് ഒഴിവാക്കാൻ 164ാം വകുപ്പ് പ്രകാരം കുത്തേറ്റ വിദ്യാർഥിയുടെ രഹസ്യമൊഴിയെടുക്കണം. കുത്തേറ്റ അഖിലിൻെറ മാതാപിതാക്കൾക്ക് ഭീഷണിയുണ്ട്. എസ്.എഫ്.െഎയുടെ ശവദാഹം എടുക്കാനാണോ പ്രതിപക്ഷത്തിൻെറ പുറപ്പാടെന്ന് വിലപിച്ച മന്ത്രി വിദ്യാർഥിയുടെ ശവദാഹമാണോ ആഗ്രഹിക്കുന്നത്. യൂനിവേഴ്സിറ്റി കോളജ് വിഷയത്തിൽ ഗവർണർ അടിയന്തരമായി ഇടപെടുകയാണ് വേണ്ടത്. വൈസ് ചാൻസലറെയും പി.എസ്.സി ചെയർമാനെയും ഗവർണർ വിളിച്ചുവരുത്തണം. ശബരിമല വിഷയത്തിൽ ആർ.എസ്.എസിന് രഹസ്യങ്ങൾ െപാലീസ് ചോർത്തി നൽകിയെന്ന് മുഖ്യമന്ത്രി പറഞ്ഞതിലൂടെ കഴിവുകേടാണ് തെളിഞ്ഞത്. ആ െപാലീസ് ഉദ്യോഗസ്ഥർക്കെതിരെ സ്വീകരിച്ച നടപടിയെന്തെന്ന് സർക്കാർ വ്യക്തമാക്കണമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ആവശ്യപ്പെട്ടു. സർക്കാറിന് മനുഷ്യത്വമുണ്ടായിരുന്നെങ്കിൽ കാരുണ്യ ചികിത്സാ പദ്ധതി നിർത്തുമായിരുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. നേതാക്കളായ എം.കെ. മുനീർ, പി.െജ. ജോസഫ്, അനൂപ് ജേക്കബ്, ഷിബു ബേബിജോൺ എന്നിവരും സംസാരിച്ചു. ഉച്ചവരെ നീണ്ട ധർണക്ക് പിന്തുണ പ്രഖ്യാപിച്ച് നിരവധി സർവിസ് സംഘടനകളും യു.ഡി.എഫ് പ്രവർത്തകരും പ്രകടനമായി എത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.