കിളിമാനൂർ: പഴയകുന്നുമ്മൽ പഞ്ചായത്തിലെ പൊതുമാർക്കറ്റിൽനിന്ന് ലക്ഷങ്ങൾ വിലപിടിപ്പുള്ള ഈട്ടിമരം കടത്തിയ കേസി ൽ അന്വേഷണം അട്ടിമറിക്കാനും പരാതി നൽകിയ പഞ്ചായത്ത് സെക്രട്ടറിയെ ഒറ്റപ്പെടുത്താനും ഭരണകക്ഷിയിൽ ചിലർ ശ്രമിക്കുന്നതായി ആക്ഷേപം. പഞ്ചായത്ത് സെക്രട്ടറി പരാതി കൊടുത്തിട്ട് അഞ്ച് ദിവസമായിട്ടും പ്രതികളെ കണ്ടെത്താനോ തൊണ്ടിമുതൽ കണ്ടെടുക്കാനോ പൊലീസിന് കഴിഞ്ഞിട്ടില്ല. ഭരണസമിതിയിലെ ഉന്നതരുടെ നിർദേശത്തോടെ കേസ് ഒതുക്കിത്തീർക്കാൻ പൊലീസ് ശ്രമിക്കുന്നതായും ആക്ഷേപമുയരുന്നു. പഴയകുന്നുമ്മൽ പഞ്ചായത്തിലെ തട്ടത്തുമല ബഡ് സ്കൂളിന് സമീപത്ത് പഴയചന്ത പ്രവർത്തിച്ചിരുന്ന സ്ഥലത്തുനിന്ന് പതിറ്റാണ്ടുകൾ പഴക്കംചെന്ന ഈട്ടിമരത്തിൻെറ തടിയാണ് കഴിഞ്ഞദിവസം കാണാതായത്. 2017ലെ കാലവർഷത്തെ കാറ്റിൽ മരം നിലംപൊത്തിയെന്നും ബഡ് സ്കൂളിൽ തടി സൂക്ഷിച്ചിരിക്കുന്നുവെന്നുമാണ് ഭരണസമിതി പറഞ്ഞത്. എന്നാൽ ബഡ് സ്കൂളിന് മാർക്കറ്റിൽ പുതിയമന്ദിരം നിർമിക്കാനുള്ള പ്രവർത്തനങ്ങൾ നടക്കുന്നതിനിടെ ലക്ഷത്തിലേറെ വിലപിടിപ്പുള്ള ഈട്ടിത്തടി ഭരണ സമിതിയിൽ ചിലരുടെ അറിവോടെ കടത്തുകയായിരുന്നു. നാട്ടുകാരുടെ പരാതിയെ തുടർന്ന് പഞ്ചായത്തിൽ പുതുതായി ചാർജെടുത്ത സെക്രട്ടറി കിളിമാനൂർ പൊലീസിൽ പരാതി നൽകി. തുടർന്ന് തടിമില്ലിലെത്തിച്ച ചെമ്പകശേരി സ്വദേശി വിനോദിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. എന്നാൽ വാർഡ് മെംബർ പറഞ്ഞത് പ്രകാരമാണ് തടി അഞ്ച് കഷണങ്ങളാക്കി മില്ലിൽ കൊണ്ടുപോയതെന്ന് ഇയാൾ പൊലീസിൽ മൊഴി നൽകിയിരുന്നു. ഇതോടെ സി.പി.എം നേതൃത്വത്തിലുള്ള ഭരണസമിതിയിൽ ചിലർ ഇടപെടുകയും കേസ് ഒതുക്കിത്തീർക്കാൻ ശ്രമിക്കുകയുമാണെന്ന് ആക്ഷേപം ഉയർന്നിട്ടുണ്ട്. തിങ്കളാഴ്ച കൂടിയ പഞ്ചായത്ത് കമ്മിറ്റിയിൽ ഈ വിഷയം വലിയ ഒച്ചപ്പാടിനിടയാക്കി. സംഭവത്തെക്കുറിച്ച് അന്വേഷിക്കണമെന്നും സാമ്പത്തിക ഇടപാടുണ്ടായിട്ടുണ്ടെങ്കിൽ സമഗ്ര അന്വേഷണം നടത്തണമെന്നും ഭരണകക്ഷിയിലെ സി.പി.ഐ അംഗങ്ങൾ ആവശ്യപ്പെട്ടു. പ്രദേശത്തെ ഒരു ഡി.വൈ.എഫ്.ഐ നേതാവിന് വേണ്ടിയാണ് മരം കടത്തിയതെന്ന ആരോപണം ശക്തമാണ്. അതേസമയം, കളവുപോയ തടി പൂർണമായും കണ്ടെത്തിയെന്നാണ് പൊലീസിൻെറ വാദം. എന്നാൽ എത്ര തടിയുണ്ടായിരുന്നെന്നോ മോഷണത്തിന് പിന്നിൽ ആരെന്നോ അന്വേഷിക്കാൻ പൊലീസ് തയാറായിട്ടില്ല. പൊലീസ് നടപടിക്കെതിരെ ജനരോഷം ശക്തമാണ്. നിയമവിരുദ്ധമായി നടത്തിയ മോഷണക്കേസിൽ പ്രതികളെ കസ്റ്റഡിയിലെടുക്കാത്തപക്ഷം പൊലീസ് സ്റ്റേഷൻ മാർച്ച് അടക്കം നടത്തുമെന്ന് കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് അടയമൺ മുരളീധരൻ, ഹിന്ദു ഐക്യവേദി സംസ്ഥാനസമിതി അംഗം കിളിമാനൂർ സുരേഷ് എന്നിവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.